Interview & ReviewPolitics

ഉപസംവരണവും ക്രിമിലെയറും സംവരണം എന്ന ആശയം റദ്ദാക്കുന്നില്ല

എ കെ സന്തോഷ്

ഇനിയും നുണകള്‍ പ്രചരിപ്പിക്കരുത്…
‘സ്വന്തം ‘ക്രീമിലെയര്‍’ വാദത്തെ ചീഫ് ജസ്റ്റിസ് തന്നെ റദ്ദ് ചെയ്യുന്നു’ എന്ന കെ സന്തോഷ് കുമാറിന്റെ ലേഖനത്തോടുള്ള പ്രതികരണം

പസംവരണവും ക്രിമിലെയറും സംവരണം എന്ന ആശയത്തെ റദ്ദു ചെയ്യുകയല്ല, സംവരണം എന്ന ആശയത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ഈ അടിസ്ഥാന തത്വം മനസ്സിലാക്കാതെയാണ് ചിലര്‍ വീണ്ടും വീണ്ടും വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത്. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന ഈ വസ്തുത ‘ബുദ്ധിജീവി’ ചമയുന്ന ചില ജീവികള്‍ക്ക് മനസ്സിലാവാതെ പോകുന്നതെന്തു കൊണ്ടാണ്? സംവരണം ഇല്ലാത്ത എത്രയോ മേഖലകളുണ്ട്. അവിടങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഉപസംവരണത്തെയും ക്രിമിലീറിനെയും റദ്ദ് ചെയ്യുകയാണ് എന്നു പറയുന്നത് വിഡ്ഢിത്തരമല്ലാതെ മറ്റെന്താണ്?

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനു ശേഷം നടത്തിയ ചില നടപടികള്‍ ശ്രദ്ധേയമായിരുന്നു. അതിലൊന്നാണ് സുപ്രീം കോടതിയിലെ ഉദ്യോഗ നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത്. ജനാധിപത്യവാദികള്‍ അതിനെ പരക്കെ സ്വാഗതം ചെയ്തപ്പോള്‍ ഉപസംവരണ വിരുദ്ധര്‍ അതിനെയും തങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടിനെ ന്യായീകരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് എത്രമാത്രം മ്ലേച്ഛമാണ്.

ഉപസംവരണ വിരുദ്ധര്‍ ഇതുവരെ പറഞ്ഞത് ജസ്റ്റിസ് ഗവായ് സംഘപരിവാര്‍ ഏജന്റ് ആണെന്നാണ്. സംഘപരിവാര്‍ അജണ്ടകള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് എന്നായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനു ശേഷം ബി ജെ പിയുടെ ഉന്നത പദവികളില്‍ ഇദ്ദേഹത്തെ കാണാമെന്നായിരുന്നു ഉപസംവരണ വിരുദ്ധര്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ,അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന്ന് ശേഷം നടത്തിയ ശ്രെദ്ധേയമായ അഭിപ്രായം ‘ജഡ്ജിമാര്‍ റിട്ടയര്‍മെന്റിന് ശേഷം ഏതെങ്കിലും പാര്‍ട്ടികളുടെ ജനപ്രതിനിധികളോ, ഭാരവാഹികളോ ആകാന്‍ പാടില്ല’ എന്നാണ്. ഈ വാക്കുകള്‍ ഉപസംവരണ വിരുദ്ധരുടെ വായ അടപ്പിച്ചു എന്ന് വേണം പറയാന്‍. ഇപ്പോള്‍ ഇവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണ്.

ജാതി വ്യവസ്ഥിതിയുടെ ഫലമായി, ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും വികസനത്തിലും സ്വഭാവികമായ പ്രാതിനിധ്യം ലഭിക്കാന്‍ ഇടയില്ലാത്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ച സംവിധാനമാണ് സംവരണം എന്നത്. സംവരണം ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു പ്രാതിനിധ്യ അവകാശമാണ്.

പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും, സംവരണത്തിലൂടെ പോലും പ്രാധിനിധ്യം ലഭിക്കാതെ പോയ വിഭാഗങ്ങളെ കണ്ടെത്തി, ആ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ചില സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളെ ശരിവെക്കുകയാണ് 2024 ഓഗസ്റ്റ് ഒന്നാം തീയതിയിലെ സുപ്രീംകോടതി വിധി ചെയ്തത്. പ്രസ്തുത വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് ബി ആര്‍ ഗവായി. 141പേജുകളുള്ള പ്രധാന വിധി എഴുതിയ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡില്‍ നിന്നും വ്യത്യസ്തമായി 282 പേജുകളുള്ള ഒരു വിധിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായി തയ്യാറാക്കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായി തന്റെ വിധിയില്‍ പട്ടികവിഭാഗ സംവരണത്തില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്തണം എന്ന് കൂടി അഭിപ്രായപെട്ടിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അതിദുര്‍ബലരായ ജനവിഭാഗങ്ങളുടെ സാമൂഹ്യ നീതി സംരക്ഷിക്കുന്ന ചരിത്ര പ്രസിദ്ധമായ വിധിയില്‍ ഉപസംവരണവും ക്രിമിലീയറും എഴുതിയ ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായി താന്‍ നടത്തിയ ഓഗസ്റ്റ് ഒന്നിലെ വിധി തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നു എന്ന് ഉപസംവരണ വിരുദ്ധരുടെ ഈ നാടകം എത്ര രസകരമാണ്?.

മറ്റു മേഖലകളിലെ ജീവനക്കാരില്‍ ബ്രാഹ്‌മണാധിപത്യം കാണിച് ഉപസംവരണവും, ക്രിമിലെയറും അതിന്റെ ഭാഗമാണെന്ന് ന്യായീകരിക്കുന്ന
നിങ്ങള്‍ എഴുതി എഴുതി ഉപസംവരണത്തെയും ക്രിമിലേറിനെയും അംഗീകരിക്കേണ്ടിവരും. കാരണം, ആ വിധി പട്ടികജാതി – പട്ടികവര്‍ഗ്ഗ അതിദുര്‍ബലരായ ജനവിഭാഗങ്ങളുടെ നീതി ഉറപ്പാക്കുന്നതാണ്. ഇതിനെതിരെ ഉപസംവരണ വിരുദ്ധരായ നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

Image: Law insider India

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message