സഹോദരന്‍ അയ്യപ്പനെ രാഷ്ട്രീയമായി വീണ്ടെടുക്കണം
കെ. സുനില്‍ കുമാര്‍

കേരളം ദര്‍ശിച്ച ഏറ്റവും മഹാനായ സാമൂഹിക വിപ്ലവകാരികളില്‍ ഒരാളായ സഹോദരന്‍ അയ്യപ്പന്റെ 135-ാം ജന്മദിനമാണിന്ന്. അദ്ദേഹം കേരളത്തിന് നല്‍കിയ വലിയ സംഭാവനകളില്‍ പ്രധാനപ്പെട്ടത് വ്യത്യസ്ത ജാതികളിലും മതങ്ങളിലും വംശങ്ങളിലും ഉള്‍പ്പെട്ട മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകേണ്ട സാഹോദര്യ ഭാവനയാണ്.
ശ്രീനാരായണ ഗുരു സ്വപ്നം കണ്ട, എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം സ്ഥാപിക്കുന്നതിനായി സോദരത്വം എന്ന സന്ദേശവുമായി അദ്ദേഹം നിരന്തരം പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. സാഹോദര്യത്തോടൊപ്പം സാമൂഹിക നീതിയും ഉണ്ടെങ്കിലേ സമത്വം സാധ്യമാകൂ എന്നതായിരുന്നു ജനാധിപത്യത്തെ കുറിച്ചുള്ള സങ്കല്‍പ്പം. ഡോ. ബി ആര്‍ അംബേദ്കറായിരുന്നു അദ്ദേഹത്തിന്റെ ജനാധിപത്യ ദര്‍ശനത്തെ പ്രചോദിപ്പിച്ച ചിന്തകന്‍.
‘മനുഷ്യരെല്ലാം ജന്മനാ സമന്മാരാണ്, എല്ലാ സമുദായക്കാരും സമന്മാരാണ്, ജീവിക്കുവാനും വളരാനും ക്ഷേമൈശ്വര്യങ്ങള്‍ തേടാനുമുള്ള അവകാശം എല്ലാ സമുദായങ്ങള്‍ക്കുമുണ്ട്. ഇതാണ് സത്യം, ഇതാണ് ധര്‍മ്മം, ഇതാണ് നീതി, ഇതിനെതിരായതെല്ലാം അസത്യവും, അധര്‍മ്മവും അനീതിയുമാകുന്നു.’
1945ല്‍ കൊച്ചി എസ്എന്‍ഡിപി യോഗം നടത്തിയ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പ്രഖ്യാപനമാണിത്.
ഇതാണ് സഹോദരന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ കാതല്‍. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാമൂഹിക സമത്വചിന്ത. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തില്‍ ആവേശഭരിതനായി അതിനെ പരിചയപ്പെടുത്തിയത് സഹോദരന്‍ ആയിരുന്നു. എങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമഗ്രാധിപത്യ പ്രവണതകളെ തള്ളിപ്പറയുകയും ജനാധിപത്യ മാര്‍ഗത്തിലൂടെ സാമൂഹിക മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ജാതി ഇല്ലാതാകണമെങ്കില്‍ സാമൂഹിക നീതിയും സാമൂഹിക സമത്വവും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷം തോറും അനുസ്മരിച്ച് മറന്നുകളയേണ്ട ഒരാളല്ല സഹോദരന്‍. സാഹോദര്യത്തെ തകര്‍ക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമായ കേരളത്തില്‍ സഹോദരനെയും അദ്ദേഹത്തിന്റെ സാഹോദര്യ ഭാവനയും വീണ്ടെടുക്കപ്പെടണം. കേരളം മുന്നോട്ട് ചലിക്കണമെങ്കില്‍ സഹോദരനെ രാഷ്ട്രീയമായി വീണ്ടെടുക്കണം.
