ഓണാഘോഷം ഹൈന്ദവമല്ല, പിന്നെ?
എഴുത്ത്: ഇ.പി. കാര്ത്തികേയന്
പടം: കിരണ്‍ ജി.ബി.
ഓണത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും കഥകളും ഒട്ടേറെയാണ്. കേരളത്തിന്റെ ദേശീയോത്സവം എന്നു വ്യവഹരിക്കപ്പെടുന്ന ഈ ആഘോഷം കാര്‍ഷികസംസ്കൃതിയുമായി ബന്ധപ്പെട്ടതാണെന്ന കാര്യം പൊതുവായി എല്ലാവരും സ്വീകരിച്ചിട്ടുള്ള വസ്തുതയുമാണ്. വിളവെടുപ്പുത്സവം. കേരളത്തിനു പുറത്തും ഈ ആഘോഷം വ്യത്യസ്തതകളോടെ നിലവിലുണ്ട്. അതിനെല്ലാം ചില ചില ഐതിഹ്യങ്ങളുടെ രസക്കൂട്ടുമുണ്ട്. ഓണം അഥവാ തിരുവോണം എന്നത് ഒരാഘോഷമായി കേരളത്തില്‍ വ്യാപകമായിട്ട് ഏതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂവെന്നാണ് ശക്തമായ ഒരു വാദം. ഇതില്‍ കുറച്ച് യാഥാര്‍ഥ്യമുണ്ട്. എല്ലാത്തരം ആഘോഷങ്ങളും നാടിന്റെ, നാട്ടാരുടെ ഒരുമയുടേതാണ് എന്നതാണ് പ്രധാനം. അവിടെ വിവേചനത്തിനു പ്രസക്തിയില്ല. അപ്പോള്‍ ഏകദേശം എട്ടാം നൂറ്റാണ്ടോടുകൂടി ജനകീയമായ ഈ ആഘോഷവും വിവേചനത്തിനെതിരായിരുന്നുവെന്ന യാഥാര്‍ഥ്യം മറ്റു ചില കാര്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അതായത് വിവേചനത്തിന്റേതായ ഒരു സാമൂഹികാവസ്ഥയുടെ പ്രകാശനമായി ഇത്തരമൊരു ആഘോഷം രൂപപ്പെടാന്‍ സാധ്യതയില്ലെന്നതാണ് അക്കാര്യം. വിവേചനത്തിന്റെ പ്രത്യയശാസ്ത്രത്തിനു അധീശത്വമുള്ള ഒരു സാമൂഹികസാഹചര്യത്തെയല്ല ഓണം അഥവാ തിരുവോണാഘോഷം വെളിവാക്കുന്നത്. ഏവരും തുല്യരായ ഒരു ലോകത്തെക്കുറിച്ചുള്ള സങ്കല്പമാണത് മുന്നോട്ടുവയ്ക്കുന്നത്. സ്വാഭാവികമായും എല്ലാവരും ഒന്നല്ലാത്ത ഒരു വ്യവസ്ഥയെക്കുറിച്ചുള്ള താക്കീതുമാണത്. അതായത് ചാതുര്വര്ണ്യവ്യസ്ഥയുടെ ഉല്പന്നമേയല്ല ഓണാഘോഷം. കൃഷിയുമായി ബന്ധപ്പെട്ടതാകയാല്‍ ബ്രാഹ്മണിക്, ക്ഷത്രിയ ഭരണാധികാരികളുടെ ഓര്മ്മപ്പെടുത്തലാവാന് യാതൊരു സാധ്യതയുമില്ല. പിന്നെ ആഘോഷങ്ങളുടെ വൈവിധ്യങ്ങളും സങ്കല്പങ്ങളും രൂപഭാവങ്ങളും ഇപ്പറയുന്ന ബ്രാഹ്മണികബോധത്തെയല്ല പകരുന്നത്. അതിന്റെ ഒന്നാമത്തെ കാരണം, ഇന്ത്യയിലെവിടെയും നാടെല്ലാം ഒന്നാകുന്ന ഒരാഘോഷവും ബ്രാഹ്മണികവ്യവഹാരത്തിലില്ലെന്നതാണ്. പൂക്കള്‍, നിറങ്ങള്‍, ആന, കാവടി, മഞ്ഞനിറം, അപ്പനെന്ന സങ്കല്പത്തിലുള്ള പ്രതിഷ്ഠ, തുകല്‍വാദ്യങ്ങള്‍, സംഗീതം, നൃത്തം, അയോധനം, സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള കളികള്‍ തുടങ്ങിയവയ്ക്കെല്ലാം പുറമേ എല്ലാവരും സര്‍വതന്ത്ര സ്വതന്ത്രരായി നാളുകളോളം പുറത്തിറങ്ങി ഉല്‍സവാഘോഷങ്ങളുടെ ഭാഗമാകുന്നതെല്ലാം സമനീതിയുള്ള ഒരു സമൂഹത്തില്‍ മാത്രം സംഭവിക്കാവുന്നതോ ജന്മംകൊണ്ടതോ ആകാനേ തരമുള്ളൂ. ബ്രാഹ്മണര്‍ രൂപം കൊടുത്തതെന്നു കരുതാവുന്ന ജനകീയവും വിവേചനരഹിതവുമായ ഒരു ആഘോഷവും കലയും അനുഷ്ഠാനവും നമുക്കിതുവരെ കണ്ടെത്താനായിട്ടില്ല. പകരം നാട്ടുനടപ്പുള്ള ഓരോരോ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും വാമൊഴികളും വരമൊഴികളും തങ്ങളുടേതാക്കി പുനസ്ഥാപിക്കുന്നതിനും പ്രുചരപ്രചാരം നേടുന്നതിനും അവര്‍ ഉപയോഗിച്ചുവെന്നു കരുതാനേ തരമുള്ളൂ.
കേരളത്തിലടക്കം ഇന്നു നിലവിലുള്ള ഒരു ജനകീയ ആഘോഷത്തിലും ബ്രാഹ്മണ്യത്തിനു പിതൃത്വം ഇല്ല. കാരണം ഓണം അടക്കമുള്ള ആഘോഷങ്ങളുടെ അന്തസ്സത്തയെന്നു പറയുന്നത് കൂടിച്ചേരലാണ്. അവിടെ വിവേചനമില്ലെന്നതാണ്. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വിവേചനം ഇല്ലാ എന്നതാണ്. എന്നാല്‍ ഇത്തരം ആഘോഷങ്ങളെ ബ്രാഹ്മണ്യപ്രോക്തമെന്നു വരുത്തുന്നതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. അത്തപ്പൂക്കളം മുതല്‍ തിരുവോണംവരെ ഹൈന്ദവമായ ഒന്നാണെന്ന ബോധം സംക്രമിപ്പിക്കുക വഴിയാണത് സാധിതമാക്കിയത്. അത്തപ്പൂക്കളം സങ്കീര്ണതയുള്ളതല്ല, ലളിതവും സുതാര്യവുമാണ്. ഇപ്പോഴത് അതിന്റെ സ്വാഭാവികതയില്‍ നിന്നു മാറുകയും ചില ചില പ്രതിഷ്ഠാനങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ശ്രീകൃഷ്ണ, ശ്രീരാമ പ്രതിമകള്‍ ഓണത്തപ്പനു പകരമാവുന്നത് അതാണ്. ഓണവുമായി ബന്ധപ്പെട്ട കളികളുടെ കാര്യമെടുത്താലും തഥൈവ. ജനകീയതയാണതിന്റെ മുഖമുദ്ര. കൊട്ടിഘോഷിക്കപ്പെടുന്ന തിരുവാതിരപോലും ഓണവുമായി ബന്ധപ്പെട്ട കൈക്കൊട്ടിക്കളിയുടെ രൂപാന്തരമാണ്. അതിലും സ്ത്രീകളുടെ സജീവത പ്രധാനമത്രേ.
ഓണക്കാഴ്ചയില്‍ ജന്മിത്വത്തിന്റെ ഒരു ചൂരുണ്ട്. അത് നിര്‍വഹിക്കുന്നത് പണിയെടുക്കുന്നവരുമാണ്. ഉത്രാടപ്പാച്ചിലില്‍ കച്ചവടത്തിന്റെ കണ്ണുണ്ട്. അവിടെയും പൊതുവിടങ്ങളില്‍ ജനങ്ങളെത്തുന്നുവെന്നതാണ് പ്രധാനം. ഓണപ്പാട്ടുകളില്‍ കാണുന്നത് നാടിന്നകവും പുറവുമാണ്. സമനീതിയുടെ വിശദീകരണമാണ്. ഓണച്ചൊല്ലുകളിലും പതിരില്ല. കാരണം അത് കാര്‍ഷികസംസ്കൃതിയുടെ വാങ്മയമാണ്. ആധുനികമായ ചില ചൊല്ലുകളുടെ കൂട്ടിച്ചേര്‍ക്കലുകളില്‍ ജന്മിത്വവും ഭൂവുടമസ്ഥയും വന്നുചേരുന്നുണ്ട്. അത്തച്ചമയം കുറച്ചുകൂടി ആധുനികമായതിനാല് ക്ഷത്രിയ മേല്‍ക്കോയ്മ സ്വാഭാവികം. അതേസമയം എട്ടാം നൂറ്റാണ്ടിലോ അതിനടുത്ത നൂറ്റാണ്ടിലോ തൃപ്പുണിത്തുറയില്‍ അത്തരം ചടങ്ങ് നടന്നുവെന്നതിനു തെളിവൊന്നുമില്ല. അത്തച്ചമയത്തിനു ക്ഷത്രിയപ്രാമാണിത്തം പ്രക്ഷിപ്തമാണ്. ഓണസദ്യ നോക്കാം. രണ്ടു നൂറ്റാണ്ടു മുമ്പുപോലും കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷ്യവിഭവങ്ങളില്‍ കാളന്, ഓലന്‍, എരിശ്ശേരി, പ്രഥമന്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല. സാമ്പാറാകട്ടെ തമിഴരുടെ സംഭാവനയാണ്. 18-ാം നൂറ്റാണ്ടിനുശേഷമാണ് ഈഴവരാദി പിന്നാക്കജാതിക്കാര്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും ലഭിച്ചത്. ശൂദ്രന്മാര്ക്കുപോലും ലഭിച്ചിരുന്നത് ബ്രാഹ്മണരുടെ എച്ചിലായിരുന്നു. സര്‍വാണിസദ്യ. അപ്പോള്‍ ഓണസദ്യയെന്നു പറയുന്നതും കൂട്ടിച്ചേര്‍ക്കപ്പെട്ടതു തന്നെ. അനുഷ്ഠാന കലകളിലേക്കു വരാം. ഓണത്തെയ്യം- ഉത്തരകേരളത്തിന്റെ വണ്ണാന്മാരുടെ മഹത്തായ പാരമ്പര്യമാണത്. ദൈവത്താര്‍ എന്ന മാവേലി സങ്കല്പമാണതിന്റെ പാട്ടും ആത്മാവും. വേലന്‍തുള്ളല്‍-അതില്‍ തന്നെ ജാതിപ്പേരുണ്ട്. സംഘത്തില്‍ വേലനും വേലത്തിയും പത്തുവയസ്സിനു താഴെയുള്ള ഒരു പെണ്‍കുട്ടി, മറ്റൊരു പുരുഷന് എന്നിവരുണ്ടാകും. കുരുത്തോല പ്രധാനം. ഈ വേലയില്‍ ആധുനികമായ സന്താനഗോപാലം പാനയില്‍ വൈകുണ്ഠദര്‍ശനം പാടുന്നത് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതായത് ജാതിമേധാവിത്തം ശക്തമായതോടെ ഈ കലാകാരന്മാരുടെ സ്വത്വം അപഹരിക്കപ്പെടുകയായിരുന്നു. കോട്ടയം ജില്ലയിലിപ്പോള്‍ വളരെ അപൂര്‍വമായി ഈ കലാവതരണം. ഓണേശ്വരന് അഥവാ ഓണപ്പൊട്ടന് മലയസമുദായത്തിന്റെ തെയ്യമാണ്. രാജാക്കന്മാര് നല്കിയ അവകാശമാണത്രേ. ഈ തെയ്യത്തിന്റെ വേഷഭൂഷാദികള്‍ക്കും ജാതീയമായ സ്വഭാവവിശേഷമാണുള്ളത്. കുരുത്തോല, കൈതോലകൊണ്ടുള്ള തലമുടി, കിരീടം തുടങ്ങിയവ പ്രതിനിധാനം ചെയ്യുന്നത് ആരെയാണ്? ഓണവില്ലിന്റെ സംഗീതം ഇപ്പോള്‍ അപൂര്‍വ്വം. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ലുണ്ടാക്കുക. അതിന്റെ ഉപജ്ഞാതാക്കളും ഉപയോക്താക്കളും ആരായിരുന്നുവെന്നത് അതില്‍ നിന്നു തന്നെ വ്യക്തം. ഓണക്കളികളില്‍ ഒന്നായ ആട്ടക്കളം കുത്തല് ചെറിയൊരു യുദ്ധത്തിന്റെ പ്രതിതീ ജനിപ്പിക്കുന്നതാണെന്നു പറയുന്നു. അതിലും വൃത്തം പ്രധാനപ്പെട്ട ഒരു റോള്‍ വഹിക്കുന്നുണ്ട്. കൈകൊട്ടിക്കളിയെന്നും വട്ടക്കളിയെന്നും പറയുന്ന സ്ത്രീകളുടെ ഈ വിനോദത്തിനു തിരുവാതിരക്കളിയുമായുള്ള സാമ്യം ശ്രദ്ധേയമാണ്. വൃത്തത്തിലാണ് കളി. ഈ വൃത്തം ശ്രീബുദ്ധന്റെ ധമ്മചക്രത്തെ സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു. കൂട്ടായ്മയുടെയും സാര്‍വലൗകികതയുടെയും ഈ നൃത്തത്തില്‍ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമാണ്. പുലിക്കളിക്ക് അത്രയൊന്നും പഴക്കമില്ല. ഉടുക്കും തകിലുമാണ് വാദ്യങ്ങള്‍. ഇതിലും ബ്രാഹ്മണിക്കല്‍ ചിഹ്നങ്ങളില്ല. കുമ്മാട്ടിക്കളിയുടെ വേഷം പച്ചപ്പുല്ലുകള്‍ കൊണ്ടാണ്. ഈയിടെയായിട്ടാണ് ഹൈന്ദവദൈവങ്ങള്‍ കഥാപാത്രങ്ങളായത്. തൃശൂരിലാണ് ഈദൃശമാറ്റം പ്രകടം. പാലക്കാടും വയനാടും വിളവെടുപ്പും ഓണത്തപ്പനുമായി കുമ്മാട്ടി കെട്ടാറുണ്ട്. തമിഴ് സംസ്കാരവുമായി ഇതിനു ബന്ധമുണ്ട്. ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച ‘മധുരൈ കാഞ്ചി’യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോള്‍ വിജയത്തിന്റെ ഓര്മ ഒരു കലയാക്കി മാറ്റി. തൃശൂര്‍ ജില്ലയില്‍ പുരുഷന്മാരുടെ ഓണക്കളി പ്രധാനമായിരുന്നു. അര നൂറ്റാണ്ടു മുമ്പുവരെ ഈ നൃത്തഗാന കലയില്‍ നാടന്ശീലുകളായിരുന്നു. ഇപ്പോഴാകട്ടെ രാമായണവും ഹിന്ദുപുരാണങ്ങളും ആസ്പദമാക്കിയാണ് പാട്ടുകള്‍. കൂട്ടിച്ചേര്‍ക്കലിന്റെ മറ്റൊരു ഉദാഹരണം. വള്ളംകളിയാണ് മറ്റൊരു പ്രധാന വിനോദം. ഇപ്പോഴത് തികച്ചും ഹൈന്ദവമാക്കിയിട്ടുണ്ട്. വള്ളംകളിയില്‍ തുഴച്ചിലുകാരുടെ പാരമ്പര്യം നോക്കിയാല്‍ മതി അതിന്റെ തനിമ മനസ്സിലാകും. കാര്‍ഷിക, മത്സ്യബന്ധനമേഖലയിലെ ജനതയുടെ ഒരാഘോഷത്തെ ഹിന്ദുപുനരുത്ഥാനത്തിന്റെ ഭാഗമാക്കി മാറ്റിയതായിട്ടാണ് സംശയിക്കേണ്ടത്. കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിമാറ്റലോ ഇല്ലാത്ത ബ്രാഹ്മണിക്കലായ ഏത് കലാരൂപമാണ് നമുക്കിവിടെയുള്ളത്.
ഓണത്തിന്റെ ബൗദ്ധപാരമ്പര്യത്തിലേക്കു നാം പോകേണ്ടതില്ല. മഹാബലിയടക്കമുള്ള കഥകളിലേക്കും പോകേണ്ട എന്നും കരുതാം. എന്നാല്‍ അത് എല്ലാ അര്‍ത്ഥത്തിലും ഹൈന്ദവേതരമായിരുന്നു. തത്വത്തിലും പ്രയോഗത്തിലും അത്തപ്പൂക്കളത്തിനും ഈ പാരമ്പര്യം തന്നെയാണുള്ളത്. എല്ലാ ആഘോഷങ്ങളും ജനാധിപത്യപരമായ ഒരു കൂടിച്ചേരലാവുന്നുവെന്നതാണ് ഹൈന്ദവേതരമെന്നതിന്റെ തെളിവ്. ഹൈന്ദവമായിരുന്നെങ്കില് അതില്‍ സ്വാഭാവികമായും ജാതി പ്രവര്‍ത്തിക്കും. അയിത്താചരണം അതിന്റെ ഭാഗമാകും. തൊട്ടുകൂടാത്തവരും തീണ്ടി കൂടാത്തവരും തീണ്ടാരിയായവരും ഒരുമിക്കില്ലായിരുന്നു.
(ഈ കുറിപ്പ് ഏതാനും വര്‍ഷം മുമ്പ് എഴുതിയതാണ്. ഭേദഗതികള്‍ വരുത്തിയിട്ടില്ല)
