ഇ.ഡബ്ല്യു.എസ്. ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്പരിഷ്കരിക്കണമെന്ന് തൃശൂര്‍ പാസ്റ്ററല്‍ കൗണ്‍സില്‍
തൃശൂര്‍: സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള 10 ശതമാനം ഇ.ഡബ്ല്യു.എസ്. ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കേണ്ടത് 2023 ജനുവരിയില്‍ ആയിരുന്നു. 20 മാസങ്ങള്‍ക്കുശേഷവും പരിഷ്കരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതുമൂലം അര്‍ഹതപ്പെട്ട നൂറുകണക്കിന് പേര്‍ക്ക് ഇ.ഡബ്ല്യു.എസ്.ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അമൃത് പുരസ്കാരം നേടിയ നാടകാചാര്യന് സി.എല്‍ ജോസ്, പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന ഫാ. ഡൊമിനിക് തലക്കോടന്‍, ഫാ. ഡെന്നി താണിക്കല്‍ എന്നിവരെ ആദരിച്ചു.
വികാരി ജനറല്‍മാരായ മോണ്‍. ജോസ് വല്ലൂരാന്, മോണ്‍. ജോസ് കോനിക്കര, ജൂബിലി മെഡിക്കല്‍ കോളജ് സി.ഇ.ഒ. ബെന്നി ജോസഫ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ജോയിന്റ് സെക്രട്ടറി എല്‍.സി. വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.
