ബി ജെ പി ബാന്ധവം: ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റി
തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള ബന്ധം വിനയായി. ഇ പി ജയരാജന് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമായി. ഇ.പി. ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഇന്നലെ ഇ.പി. ജയരാജന്‍ കൂടി പങ്കെടുത്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കണ്ണൂരിലേക്ക് പോയത്. ഇ.പി. ജയരാജും ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സൃഷ്ടിച്ച പ്രതിസന്ധിയാണ് നടപടിക്ക് കാരണം.
എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ഇ പി. ജയരാജന്‍ സൂചന നല്‍കിയിരുന്നു. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ ഇന്നലെ ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇ പി ജയരാജന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ പി പ്രതികരിച്ചത്. ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നത്തിയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇ പി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇ പിയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നാളെ മുതല്‍ സി പി എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പി കെ ശശിക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.
