Kerala NewsPolitics

ബി ജെ പി ബാന്ധവം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള ബന്ധം വിനയായി. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തല്‍സ്ഥാനം രാജിവെയ്ക്കുമെന്നു സൂചന. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജയരാജന്‍ – ബി ജെ പി ബന്ധം സംസ്ഥാന കമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജന്റെ തീരുമാനമെന്നാണ് സൂചന. സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ കഴിഞ്ഞ ദിവസം ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇ പി ജയരാജന്റെ വിശദീകരണം.
സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ പി പ്രതികരിച്ചത്. ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നത്തിയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇ പി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇ പിയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇന്ന് ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതല്‍ സി പി എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പികെ ശശിക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message