Art & Literature

വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനത്തിന് ഡോ. ടി എസ് ശ്യാംകുമാറിന്റെ മറുപടി ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’

(‘ഏകപക്ഷീയമാവരുത് ബോധവിപ്ലവം’ എന്ന തലക്കെട്ടില്‍ ജനയുഗം പത്രത്തില്‍ ശക്തിബോധി എഴുതിയ ലേഖനം തന്റെ വാദമുഖങ്ങളെയും താന്‍ അവതരിപ്പിച്ച വിഷയങ്ങളെയും മുന്‍നിര്‍ത്തിയാണ് എഴുതിയിരിക്കുന്നത് എന്നതിനാലാണ് ഇത്തരം ഒരു മറുപടി ഇവിടെ കുറിക്കുന്നതെന്നാണ് ഡോ. ശ്യാംകുമാര്‍ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയത്- ആ കുറിപ്പാണിവിടെ പുനപ്രസിദ്ധീകരിക്കുന്നത്)

1 ) വിശ്വഭദ്രാനന്ദ ഒന്നാമതായി വാദിക്കുന്നത് വിരോധം മൂലമാണ് സംസ്‌കൃതപ്രമാണ ഗ്രന്ഥങ്ങളെ വിമര്‍ശന വിധേയമാക്കുന്നത് എന്നാണ്. ഈ വാദം കേവലമായ ഒരാക്ഷേപം മാത്രമാണ്. നിരവധിയായ തെളിവു രൂപങ്ങള്‍ ഉദ്ധരിച്ച് വിഷയങ്ങള്‍ ഗവേഷണാത്മകമായി വിശദീകരിക്കുമ്പോള്‍ അത് വിരോധം മൂലമാണ് എന്ന് പറഞ്ഞു വയ്ക്കുന്നത് വാദത്തിന് വേണ്ടി മാത്രമുള്ള വസ്തുതയില്ലാത്ത വാദമാണ്.

2) വേദ ഇതിഹാസ പുരാണ പാഠങ്ങങ്ങളിലെ ബ്രാഹ്‌മണ പ്രീണനപരമായ ശ്ലോകങ്ങള്‍ മാത്രം ഉദ്ധരിക്കുകയും ബ്രാഹ്‌മണനിന്ദ ചെയ്യുന്ന ഭാഗങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു എന്നതാണ് ലേഖകന്റെ രണ്ടാമത്തെ വാദം. ഗീതയിലെ ‘വിദ്യാ വിനയ സമ്പന്നേ’ എന്നു തുടങ്ങുന്ന ശ്ലോകമാണ് വാദത്തിനായി വിശ്വഭദ്രാനന്ദ അവതരിപ്പിക്കുന്നത്. ഒരു പണ്ഡിതന്‍ ചണ്ഡാളനെയും ബ്രാഹ്‌മണനെയും തുല്യ ദൃഷ്ടിയോടെ വീക്ഷിക്കണമെന്ന് ഗീത പറയുന്നു എന്നതാണ് എതിര്‍വാദമായി ഉന്നയിക്കുന്നത്. ‘സമദൃഷ്ടിയെ’ പറ്റി വാചാലമാവുന്ന ഗീതയില്‍ തന്നെയാണ് ‘ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം’ എന്ന് പ്രസ്താവിച്ചിട്ടുള്ളത്. നാല് വര്‍ണങ്ങള്‍ക്കും പ്രത്യേകമായി ‘തൊഴില്‍’ കല്പിച്ചതും ശൂദ്രന്റെ ജോലി ദ്വിജപാദസേവയാണെന്ന് ശാസിക്കുന്നതും ഗീതയാണ്. സ്ത്രീകളും ശൂദ്രരും പാപയോനികളാണെന്ന് പറയുന്നതും ഇതേ ഗീത തന്നെ. ശങ്കരന്‍ ഗീതാഭാഷ്യത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെയും ബ്രാഹ്‌മണത്വത്തിന്റെയും രക്ഷണത്തിനായി നാരായണന്‍ അവതരിക്കുമെന്നും സാക്ഷ്യപ്പെടുത്തുന്നു. സമദര്‍ശന സിദ്ധാന്തവും ചാതുര്‍വര്‍ണ്യവും ഒന്നിച്ച് നില്‍ക്കുകയില്ല എന്നതാണ് പ്രാഥമികമായി തിരിച്ചറിയേണ്ടത്.

3) ജാതിമാത്രോപജീവികളായ, ജന്മം കൊണ്ട് മാത്രം ബ്രാഹ്‌മണരായവരെ ഉള്‍പ്പെടുത്തിയാല്‍ അത് അചാര്യസഭ ആവില്ല എന്ന മനുസ്മൃതി വാക്യം ബ്രാഹ്‌മണ നിന്ദയാണെന്നാണ് വിശ്വഭദ്രാനന്ദ കരുതുന്നത്. വര്‍ണധര്‍മം കൃത്യമായി അനുഷ്ഠിക്കുന്ന ബ്രാഹ്‌മണരെ ഉള്‍പ്പെടുത്തിയവതാവണം ആചാര്യ സഭ എന്നതാണ് മനുസ്മൃതിയുടെ താല്‍പ്പര്യം. അല്ലാതെ ഈ ശ്ലോകത്തില്‍ യാതൊരു ബ്രാഹ്‌മണ നിന്ദയുമില്ല. എന്തുകൊണ്ടാണ് മനുസ്മൃതി അറിവുള്ള ‘ചണ്ഡാളരെ’ ഉള്‍പ്പെടുത്തിയ ഒരു ആചാര്യ സഭയെ പറ്റി പറയാത്തത്? ഇതില്‍ നിന്നു തന്നെ സ്മൃതികാരന്റെ ബ്രാഹ്‌മണ്യ പക്ഷപാതിത്വം വ്യക്തമാണ്.

4) പരമമായ മോക്ഷധര്‍മം ചണ്ഡാളനില്‍ നിന്നായാലും സ്വീകരിക്കണമെന്ന് മനുസ്മൃതി പറയുന്നതായി വിശ്വഭദ്രാനന്ദ വാദിക്കുന്നു. തന്റെ വാദത്തെ സാധൂകരിക്കുന്ന മനുസ്മൃതി വചനം ലേഖകന്‍ ഉദ്ധരിച്ചിട്ടില്ല. ഇന്ത്യയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ അറിവു രൂപങ്ങള്‍ സ്വാംശീകരിച്ചാണ് ബ്രാഹ്‌മണ്യം വികസിച്ചത്. തന്ത്രപാരമ്പര്യം ഇതിന്റെ തെളിവാണ്. പ്രതിമാ പൂജകള്‍ ബ്രാഹ്‌മണര്‍ ചെയ്യരുതെന്ന സ്മൃതി വചനം മറികടന്നാണ് പില്‍ക്കാലത്ത് ബ്രാഹ്‌മണര്‍ താന്ത്രികരായി രൂപം മാറിയത്. ചണ്ഡാളനില്‍ നിന്നായാലും മോക്ഷധര്‍മം സ്വീകരിക്കണമെന്ന മനു വചനത്തില്‍ ഔദാര്യത്തിന്റെ സ്വരമാണ് മുഴങ്ങുന്നത്. അറിവ് ബ്രാഹ്‌മണര്‍ അംഗീകരിച്ചാല്‍ ച്ചാല്‍ മാത്രമേ അറിവാകു എന്ന വരേണ്യ യുക്തിയാണിത്.

5) ജാതിമതദേശകാല ലിംഗ സ്വത്വം ഇല്ലാതാക്കുന്ന സങ്കല്പമാണ് ‘തത്വമസി’ എന്ന് ലേഖകന്‍ വാദിക്കുന്നു. ഒരാള്‍ക്ക് അങ്ങനെ വിശ്വസിക്കാം. എന്നാല്‍ അതാണ് പരമസത്യം എന്ന വാദത്തില്‍ പ്രശ്‌നങ്ങളുണ്ട്. തത്വമസി പറയുന്ന ഛാന്ദോഗ്യത്തില്‍ തന്നെയാണ് ചണ്ഡാളരെ യാഗശാലയില്‍ പ്രവേശിപ്പിക്കരുതെന്ന് വിധിക്കുന്നത്. വ്യത്യസ്ത ജാതിയില്‍ മനുഷ്യര്‍ വന്ന് ജനിക്കുന്നത് പാപ-കര്‍മ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഛാന്ദോഗ്യം സിദ്ധാന്തിക്കുന്നു. ഒരു കൈയില്‍ തത്വമസിയും മറുകൈയില്‍ ജാതി വ്യവസ്ഥയും കൊണ്ടുനടക്കാന്‍ ഒരു ബുദ്ധിശൂന്യന് മാത്രമേ കഴിയൂ എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ സുചിന്തിതമായി നിരീക്ഷിക്കുന്നുണ്ട്.

6) ചരിത്രപരമായി വസ്തുതകള്‍ അവതരിപ്പിക്കുമ്പോള്‍ ഇത് സ്വത്വവാദമാണെന്ന വിധിക്കുന്ന വരേണ്യബോധം ലേഖകന്‍ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നുണ്ട്. സാക്ഷാല്‍ സഹോദരന്‍ അയ്യപ്പനെ അന്നത്തെ വരേണ്യര്‍ സമുദായവാദി എന്നാണ് വിളിച്ചത്. അതുകൊണ്ട് ഇത്തരം മുദ്ര ചാര്‍ത്തി വായടിപ്പിക്കാം എന്ന് വരേണ്യവാദികള്‍ കരുതേണ്ടതില്ല.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message