റേഷന്‍ കാര്‍ഡ് മസ്റ്ററിങ് 18 മുതല്‍; സംശയങ്ങളും ഉയരുന്നു
തൃശൂര്‍: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് സെപ്റ്റംബര്‍ 18ന് തുടങ്ങാനിരിക്കേ ഉപഭോക്താക്കളില്‍ സംശയങ്ങളും ഉയരുന്നു. കാര്‍ഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണമെന്ന നിബന്ധനയാണ് പ്രശ്‌നം. ജോലി, വിദ്യാഭ്യാസം, ദീര്‍ഘകാല ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു പുറത്തുള്ള അംഗങ്ങളുടെ മസ്റ്ററിങ്ങ് എങ്ങനെ നടത്തുമെന്നാണ് സംശയമുരുന്നത്. കേരളത്തിനു പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഏറെ കഷ്ടത്തിലാവുക. മെഡിസിന്‍, നഴ്‌സിങ്, എന്‍ജിനീയിറിങ് തുടങ്ങിയ പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരുടെ എണ്ണം ആയിരങ്ങളാണ്. തമിഴ്‌നാട് മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍വരെ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. പരീക്ഷാകാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അവധി അനുവദിക്കില്ലെന്നതാണ് പ്രധാന വെല്ലുവിളി. തൊഴിലുമായി ബന്ധപ്പെട്ടും ഒട്ടേറെ പേര്‍ കേരളത്തിനു പുറത്താണ്. മസ്റ്ററിങ്് ചെയ്യാത്തവരുടെ പേരുകള്‍ റേഷന്‍ കാര്‍ഡില്‍നിന്നു നീക്കുമോയെന്ന സംശയവും ഉണ്ട്. എന്നാല്‍ അത്തരത്തില്‍ നീക്കം ചെയ്യില്ലെന്നാണ് പറയുന്നത്. അതേസമയം റേഷന്‍ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിപാടിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതിദരിദ്രരും ദരിദ്രരുമായവരാണ് ഇതിന്റെ ദോഷഫലം അനുഭവിക്കണ്ടി വരിക. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മസ്റ്ററിങ് നിര്‍ബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റു വിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം.
ഇ-പോസ് സെര്‍വറിന്റെ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് നിര്‍ത്തിവച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്.
ഓണം കഴിഞ്ഞ് 18നു തുടങ്ങി ഒക്ടോബര്‍ എട്ടിനു തീരുന്ന രീതിയില്‍ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചി
ട്ടുള്ളത്. ഇ-പോസ് സെര്‍വറിന്റെ ശേഷി കൂട്ടിയെങ്കിലും മസ്റ്ററിങ്ങിന് മുടക്കം വരാതിരിക്കാനാണ് വ്യത്യസ്ത തീയതികള്‍ തീരുമാനിച്ചത്.
റേഷന്‍കടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. കിട പ്പുരോഗികള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരുടെ വീടുകളില്‍ നേരിട്ടെത്തി മസ്റ്ററിങ് നടത്തും.
അരി വാങ്ങാന്‍ വരുന്ന കാര്‍ഡിലെ അംഗങ്ങള്‍ ഇ-പോസില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മസ്റ്ററിങ് രേഖപ്പെടുന്ന തരത്തില്‍ ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അതിലൂടെ ഇതുവരെ 74 ലക്ഷത്തിലേറെപ്പേര്‍ മസ്റ്റര്‍ ചെയ്തു. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മാത്രം ഒന്നരക്കോടിയോളം ആളുകളുടെ മസ്റ്ററിങ്ങാണ് ചെയ്യേണ്ടത്. ആധാര്‍, റേഷന്‍ കാര്‍ഡുകളാണ് ആവശ്യമായ രേഖകള്‍.
