പൂരം കലക്കല്‍: സി.പി.എമ്മും ബി.ജെ.പിയും എ.ഡി.ജി.പിയെ പിന്തുണയ്ക്കുന്നു: ടി.എന്‍. പ്രതാപന്‍
മോദി ഗ്യാരന്റിയുടെ കേരളത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥനാണ്
പിണറായി വിജയനെന്നും ആക്ഷേപം
തൃശൂര്‍: പൂരം കലക്കിയ വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ പിന്തുണയ്ക്കുകയാണെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രനും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് ഇവരുടെ അന്തര്‍ധാര വ്യക്തമാക്കുന്നതായും പ്രതാപന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൂരം കലക്കിയ കേസ് അന്വേഷണം നടത്താന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിച്ചതിനു തുല്യമാണ്. പൂരം കലക്കിയത് പിണറായിയുടെ നിര്‍ദേശപ്രകാരമാണ്. വിഷയമുണ്ടായത് അറിഞ്ഞിട്ടും തൃശൂരില്‍ നിന്നുള്ള ദേവസ്വം മന്ത്രി ഇടപെടാതിതിരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂര്‍ ബി.ജെ.പി. എടുത്തതല്ല. പിണറായി മകളേയും തൃശൂര്‍ ജില്ലയിലെ സി.പി.എം. നേതാക്കളെയും രക്ഷയ്ക്കായി നല്‍കിയതാണ്. കരുവന്നൂര്‍, എക്‌സാലോജിക് കേസുകള്‍ അട്ടിമറിച്ചതിന്റെ പരിതോഷികത്തിന്റെ ഉല്‍പ്പന്നമാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം ആരോപിച്ചു. മോദി ഗ്യാരന്റിയുടെ കേരളത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥനാണ് പിണറായി വിജയന്‍.
കരുവന്നൂര്‍ കേസില്‍ ഏപ്രില്‍ ആദ്യവാരം ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ സി.പി.എം. ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇ.ഡി. അഡീഷണല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ അതില്‍നിന്ന് വിലക്കിയതും തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ സ്ഥലം മാറ്റിയതും പിണറായിയുടെ നിര്‍ദ്ദേശപ്രകാരം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ ഇടപെടലിന്റെ ഭാഗമാണ്. കരുവന്നൂര്‍ കേസില്‍ സി.പി.എം. നേതാക്കളുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടും സി.പി.എം. ജില്ലാ കമ്മിറ്റിയെ പ്രതിയാക്കിയിട്ടും നേതാക്കളെ പ്രതിച്ചേര്‍ക്കാത്തതും ഡീലിന്റെ ഭാഗം. പിണറായി വിജയന്‍ സി.പി.മ്മിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ വ്യാജ കമ്മ്യൂണിസ്റ്റാണെന്നും പ്രതാപന്‍ പരിഹസിച്ചു.
തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നീ മൂന്ന് ലോകസഭ സീറ്റുകള്‍ പിണറായിക്കുവേണ്ടി പ്രകാശ് ജാവദേവര്‍ക്ക് വാഗ്ദാനം നല്‍കിയത് ഇ.പി. ജയരാജനായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എ.ഡി.ജി.പിയുടെ സന്ദര്‍ശനവും പദ്ധതികളും. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലളികള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങള്‍ ആസൂത്രണം ചെയ്തത് ഈ പദ്ധതിയുടെ ഭാഗമാണെന്ന ഗുരുതരമായ ആരോപണവും പ്രതാപന്‍ നടത്തി.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐ., ഇ.ഡി. എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥരെ എം.ആര്‍. അജിത്കുമാറിന്റെ താല്‍പ്പര്യപ്രകാരം സ്ഥലം മാറ്റുകയും ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്തു. ലാവലിന്‍, ലൈഫ് മിഷന്‍, സ്വര്‍ണ്ണക്കടത്ത്, സി.എം.ആര്‍.എല്‍., കരുവന്നൂര്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ നടത്തുന്നത് എ.ഡി.ജി.പിയുടെ ഇഷ്ടക്കാരാണ്.
ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കരന് ജാമ്യം ലഭിച്ചതും ഡീലിന്റെ ഭാഗമാണെന്നും പ്രതാപന്‍ പറഞ്ഞു.
