പോലീസിലെ ഉന്നതര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം: പി.സി. ഉണ്ണിച്ചെക്കന്
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിലെ
രാഷ്ട്രീയ ഗൂഢാലോചന പുറത്തു കൊണ്ടുവരിക.
തിരുവനന്തപുരം: കേരളത്തിലെ പോലീസിലെ ഉന്നതര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ളാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന് ആവശ്യപ്പെട്ടു. എ.ഡി.ജി.പി., എസ്.പി. തുടങ്ങിയ ഉയര്‍ന്ന പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ കൊലപാതകവും വധശ്രമവും ഫോണ്‍ ചോര്‍ത്തലും കള്ളക്കടത്തും സ്ത്രീപീഡനവും സര്‍ക്കാരിന്റെ വസ്തുവകകള്‍ അപഹരിക്കലും തെളിവുനശിപ്പിക്കലും പോലുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്നതില്‍ പങ്കാളിത്തമുണ്ടെന്നും ഭരണത്തിനു നേതൃത്വം നല്കുന്ന എല്‍.ഡി.എഫിന്റെ ഒരു ങഘഅ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് അത്യന്തം ഗൗരവമുള്ള ഒരു കാര്യമാണ്. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു സമൂഹത്തിലോ, അതിന്റെ അധികാര സംവിധാനത്തിലോ സംഭവിക്കാന്‍ പാടില്ലാത്തതാണിത്. ഈ ആരോപണങ്ങളെ ഔപചാരികമായിപ്പോലും നിഷേധിക്കാന്‍ പോലീസ് സേനയുടേയോ, ആഭ്യന്തര വകുപ്പിന്റേയോ മേധാവികളോ, ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയോ, ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ മുന്നോട്ടു വന്നിട്ടില്ല എന്നത് കാര്യങ്ങളുടെ ഗുരുതരാവസ്ഥ വര്ദ്ധിപ്പിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പ് അലങ്കോലപ്പെടുത്തിയത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ വേണ്ടി പോലീസ് സേനയിലെ ചിലര്‍ ബോധപൂര്‍വ്വം ഇടപെട്ടു നടത്തിയതാണെന്ന ആരോപണം അന്നു തന്നെ ഉയര്‍ന്നു കേട്ടതാണ്. പൂരം അലങ്കോലപ്പെടുകയും അതു നിര്‍ത്തിവക്കുമെന്ന് പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഭീഷണിയുയര്‍ത്താനുള്ള അവസരമുണ്ടാവുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരേ ജനങ്ങള്‍ക്കിടയില്‍ അപ്രീതിയുണ്ടാകാനും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടാനും കാരണമായി. സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി യാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത് എന്നും അയാള്‍ സംഘപരിവാര്‍ പക്ഷപാതിയാണെന്നുമുള്ള ആരോപണവും അക്കാലത്തുണ്ടായി. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതിനെപ്പറ്റി ഒരു മാസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായെങ്കിലും അതു സംബന്ധിച്ചു നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാലു മാസത്തിനു ശേഷവും പുറത്തു വന്നിട്ടില്ല. പുതുതായി പുറത്തുവന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് പൂരം അലങ്കോലപ്പെടുത്തിയത് തൃശൂരില്‍ മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു വേണ്ടി, ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ നടന്ന ഒരു പ്രവൃത്തിയാണെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പിനും പോലീസ് സേനക്കും അതില്‍ പങ്കുണ്ടെന്നു സംശയിക്കാന്‍ കാരണമുണ്ടെന്നുമാണ്.
എ.ഡി.ജി.പി. ഏതാണ്ട് ഇതേ സമയത്തു തന്നെ ആര്.എസ്.എസ് നേതാക്കളായ റാം മാധവിനേയും ദത്താത്രേയ ഹോസ്ബോളയേയും രഹസ്യമായി സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രസ്തുത കൂടിക്കാഴ്ച്ച നടന്നതായി എ.ഡി.ജി.പി. തന്നെ ശരിവയ്ക്കുകയും ചെയ്തു. ഇെേതാടെ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണം കൂടുതല്‍ ഗൗരവം നേടിയിരിക്കുന്നു. കേരളത്തിലെ പോലീസ് സേനയില്‍ സംഘപരിവാര്‍ സ്വാധീനം ശക്തമാണെന്ന് മുമ്പു മുതലേ കേട്ടുപോന്ന ആരോപണത്തെ വലിയ തോതില്‍ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇവ. ഈ സാഹചര്യത്തില്‍, എ.ഡി.ജി.പിയുടെ ആര്‍എസ്.എ. നേതൃത്വവുമായുള്ള കൂടിക്കാഴ്ചയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയൊന്നും പറയാതെ കാര്യങ്ങളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടോ, അവഗണിച്ചു കൊണ്ടോ മുന്നോട്ടു പോകാമെന്ന് സംസ്ഥാന സര്‍ക്കാരോ, അതിനു നേതൃത്വം നല്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ രാഷ്ട്രീയ നേതൃത്വങ്ങളോ തീരുമാനിച്ചാല്‍ അത് വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് അത്യന്തം സഹായകരവും ഇടതുപക്ഷ ബഹുജനങ്ങള്‍ക്കും ജനാധിപത്യ കേരളത്തിന്റെ നിലനില്‍പ്പിനും നേരെയുള്ള അങ്ങേയറ്റം വഞ്ചനാപരമായ നടപടിയുമായേ മനസിലാക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരായും ആഭ്യന്തരവകുപ്പിന്റെ നടത്തിപ്പിലെ പോരായ്മകളെ പറ്റിയും പുറത്തുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളെപ്പറ്റി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് റെഡ്ഫ്ളാഗ് ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെപ്പറ്റി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും സംഘപരിവാര്‍ ശക്തികള്‍ക്കു വേണ്ടി പൂരം അലങ്കോലപ്പെടുത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരേ നിയമാനുസൃതമായ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
