news

ജോയോര്‍മ്മ 2024: ഒക്ടോബര്‍ രണ്ടിന് കൊടുങ്ങല്ലൂരില്‍

അടിയന്തരാവസ്ഥാവിരുദ്ധ പോരാളികളുടെ സംഗമം

തൃശൂര്‍: മുന്‍ നക്‌സലൈറ്റ് നേതാവും അടിയന്തരാവസ്ഥാ തടവുകാരനുമായിരുന്ന ടി.എന്‍. ജോയിയുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് കൊടുങ്ങല്ലൂരില്‍ ജോയോര്‍മ്മ 2024 അനുസ്മരണം നടത്തും. ജോയിയെപ്പോലെ അടിയന്തരാവസ്ഥയില്‍ തടവിലാക്കപ്പെട്ടവരും ഒളിവില്‍ പോയവരുമായ പഴയകാല പ്രവര്‍ത്തകരുടെ കൂടിച്ചേരലും -ജയില്‍പ്പക്ഷികളുടെ കൂടിച്ചേരല്‍ രാവിലെ 10നും അടിയന്തരാവസ്ഥ മുതല്‍ അയോധ്യ മന്ദിര്‍ വരെ എന്ന വിഷയത്തില്‍ പൊതുസമ്മേളനം വൈകിട്ട് നാലിനും നടത്തുമെന്നു സംഘാടകര്‍സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ പണിക്കേഴ്‌സ് ഹാളില്‍ നടക്കുന്ന ജോയോര്‍മയില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവരും പ്രസ്ഥാനം വിട്ടുപോയവരും രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തിയവരുമടക്കം പങ്കെടുക്കും.
അടിയന്തിരാവസ്ഥ ഇന്ദിരാഗാന്ധി തന്റെ അധികാരം നിലനിര്‍ത്താന്‍ ഭരണഘടനയെ ദുരുപയോഗം ചെയ്ത് നടപ്പിലാക്കിയ സ്വേച്ഛാധിപത്യ വാഴ്ചയായിരുന്നെങ്കില്‍ ഇന്ന് ഫാസിസ്റ്റ് ഭരണക്രമമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും നിയന്ത്രണത്തിലാക്കി വര്‍ഗീയവല്‍ക്കരിച്ച് സംഘപരിവാര്‍ തങ്ങളുടെ വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കുകയാണ്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രഖ്യാപനത്തിലൂടെ ഇന്ത്യയുടെ നാനാത്വത്തെ ഇല്ലായ്മ ചെയ്ത് യൂണിറ്ററി സ്റ്റേറ്റ് ആക്കി മാറ്റുന്നതിനുവേണ്ടിയുള്ള കുടിലതന്ത്രമാണ് അരങ്ങേറുന്നത്. പൗരത്വംനിയ ഭേദഗതിയിലൂടെ മതം പൗരന്റെ മാനദണ്ഡമാക്കിമാറ്റി, മതരാഷ്ട്രരൂപീകരണത്തിലേക്ക് ചുവടുവെക്കുകയാണ്. നികുതിയടക്കമുള്ള വിഭവസ്രോതസ്സുകളെ പൂര്‍ണ്ണമായി കേന്ദ്രം കയ്യടക്കുകയും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി ഫെഡറലിസത്തെ തകര്‍ക്കുകയാണ്.
‘നാവടക്കൂ, പണിയെടുക്കൂ’ എന്നതായിരുന്നു അടിയന്തരാവസ്ഥയുടെ മുദ്രാവാക്യമെങ്കില്‍ തൊഴില്‍ നിയമങ്ങളെയെല്ലാം പൊളിച്ചെഴുതി തൊഴിലാളികളെ കൂലിയടിമകളാക്കി മാറ്റുകയാണ്. കാര്‍ഷിക നിയമ ഭേദഗതികളിലൂടെ കര്‍ഷകരെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കുന്നു. ബുള്‍ഡോസര്‍ രാജിലൂടെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെയും നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കിമാറ്റുന്നു. ഭരണകൂടത്തിനെതിരേ എഴുതുകയും ചിന്തിക്കുകയും ചെയ്യുന്നവരെ തടവറയിലടയ്ക്കുന്നു. സ്റ്റാന്‍ സ്വാമിയെ പോലുള്ളവരെ കൊലയ്‌ക്കെറിഞ്ഞുകൊടുക്കുന്നു. ഭക്ഷണം, വസ്ത്രം, വിശ്വാസം എന്നിവയുടെ പേരില്‍ ജനങ്ങളെ
വേട്ടയാടുന്നു. രാഷ്ട്രസമ്പത്ത് മുഴുവന്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു.
അടിയന്തരാവസ്ഥ ഒരു ഭൂതകാല ഓര്‍മ്മയല്ല, ഇന്നത്തെ ഫാസിസ്റ്റ് തേര്‍വാഴ്ചയില്‍ എല്ലാ ഭരണകൂടഅവകാശങ്ങളും കവര്‍ന്നെടുക്കപ്പെട്ട രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഈ ഫാസിസ്റ്റ് തേര്‍വാഴ്ച്ചയെ ചെറുത്തുതോല്‍പ്പിക്കണമെന്ന് ചിന്തിക്കുന്നവരുടെ സംഗമമാണ് ഒക്ടോബര്‍ രണ്ടിന് സഖാവ് ടി.എന്‍. ജോയിയുടെ ആറാം ഓര്‍മ്മദിനത്തില്‍ കൊടുങ്ങല്ലൂരില്‍ സംഘടപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഭരണകൂടഅടിച്ചമര്‍ത്തല്‍ മൂലം തകര്‍ക്കപ്പെട്ട സി.പി.ഐ.(എം.എല്‍) പ്രസ്ഥാനത്തെ എഴുപതുകളുടെ ആദ്യം മുതല്‍ പുനഃസംഘടിപ്പിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന സഖാവാണ് ടി.എന്‍. ജോയ്. അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതിയുടെ ജനറല്‍ കണ്‍വീനറുമായിരുന്നു അദ്ദേഹം. ഹിന്ദുത്വ ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്തെ നിലപാട് അദ്ദേഹം ജീവിതത്തിലൂടനീളം പുലര്‍ത്തിയിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെയും വിമോചനം സ്വപ്നം കണ്ടതിന്റെയും പേരില്‍ തടവിലാക്കപ്പെട്ടവരുമായ ഗ്രോ വാസു. വെള്ളത്തൂവല്‍ സ്റ്റീഫന്‍, പി.ടി. തോമസ്്, കെ. വേണു, കെ.എന്‍. രാമചന്ദ്രന്‍, എം.എസ്. ജയകുമാര്‍, എം.എം. സോമശേഖരന്‍, മുരളി കണ്ണമ്പിള്ളി, സുലോചന വയനാട്, കെ.എം. സലിംകുമാര്‍, സിവിക് ചന്ദ്രന്‍, കെ.എ. രോഹന്‍ദാസ്, പി.സി. ഉണ്ണിച്ചെക്കന്‍ തുടങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അടിയന്തിരാവസ്ഥാ വിരുദ്ധ പോരാളികള്‍ സംഗമത്തില്‍ പങ്കെടുക്കും.
അടിയന്തിരാവസ്ഥ മുതല്‍ ‘അയോധ്യ മന്ദിര്‍’ വരെ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന സമാപനസമ്മേളത്തില്‍ കെ. സച്ചിദാനന്ദന്‍, ബി. രാജീവന്‍, കെ.ജി. ശങ്കരപ്പിള്ള, കെ. വേണു. കെ.എന്‍. രാമചന്ദ്രന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, എം.എസ്. ജയകുമാര്‍, എം.എം. സോമശേഖരന്‍, സുലോചന വയനാട്, മുരളി കണ്ണമ്പിള്ളി, പി.സി, ഉണ്ണിച്ചെക്കന്‍ തുടങ്ങിയവര്‍ സംസാരിക്കും. ടി.എന്‍. ജോയി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഹിന്ദുത്വ നേതാക്കളും കത്തെഴുത്തിന്റെ രാഷ്ട്രീയവും എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അടിയന്തരാവസ്ഥയോട് സംഘപരിവാര്‍ എന്തു നിലാപാടാണ് സ്വീകരിച്ചിരുന്നതെന്നു തെളിയിക്കുന്ന രേഖകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
സംഘാടകസമിതി കണ്‍വീനര്‍ പി.കെ. സദാനന്ദന്‍, പി.സി. ഉണ്ണിച്ചെക്കന്‍, കെ.എം. ഗഫൂര്‍, പ്രേരണ മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message