Kerala NewsnewsPolitics

പൂരം അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയെന്ന് ടി.എന്‍. പ്രതാപന്‍

തൃശൂര്‍: തൃശൂര്‍ പൂരം അന്വേഷണ റിപ്പോര്‍ട്ട് അഞ്ച് മാസം വൈകിപ്പിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ആരോപിച്ചു. ബി.ജെ.പിക്കും മുഖ്യമന്ത്രിക്കുമിടയിലെ രാമസേതുവായ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ സംരക്ഷിക്കാനാണ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ പേരില്‍ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ കബളിപ്പിക്കുകയാണ് സര്‍ക്കാരും പോലീസ് ഉദ്യോഗസ്ഥരും ചെയ്തത്. ഇരുകൂട്ടരേയും പോലീസ് വിവരശേഖരണത്തിന് വിളിച്ചുകൂട്ടിയെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല. ഇതിന് പിന്നില്‍ എം.ആര്‍. അജിത്കുമാറും മുഖ്യമന്ത്രിയും ചേര്‍ന്നുള്ള ഒത്തുകളിയാണ്. കള്ളന്റെ കൈയില്‍ തന്നെ താക്കോല്‍ കൊടുത്തതിന് തുല്യമാണ് അജിത് കുമാറിനെ പൂരം കലക്കല്‍ സംഭവം അന്വേഷിപ്പിച്ചതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി. പൂരം മുടക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആളെത്തന്നെയാണ് അന്വേഷണം നടത്താന്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹത്തിന്റെ മകള്‍ക്കും കരുവന്നൂര്‍ കള്ളപ്പണക്കേസും അട്ടിമറിക്കപ്പെടുന്നതിനുള്ള പാരിതോഷികമാണ്. പൂരം അട്ടിമറിക്കപ്പെട്ടതില്‍
അന്വേഷണം നടന്നുവെന്ന് പറയുന്നത് വ്യാജമാണ്. അന്വേഷണം നടന്നു എന്നു വരുത്തി തീര്‍ക്കാന്‍ രണ്ടു ദേവസ്വങ്ങളുടെയും മൊഴി എടുക്കുകയായിരുന്നു. ശരിയായ വിവരാവകാശ മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ എ.ഡി.ജി.പിക്ക് വേണ്ടി മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. കള്ളന്റെ കൈയിലെ താക്കോലില്‍ തൃശൂര്‍ക്കാര്‍ക്ക് വിശ്വാസമില്ല. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സി.പി.ഐയും വി.എസ്. സുനില്‍ കുമാറും മുഖ്യമന്ത്രിക്കും എ.ഡി.ജി.പിയ്ക്കും മുന്നില്‍ കീഴടങ്ങി മുട്ടില്‍ ഇഴയുകയാണ്. സേവാഭാരതിയുടെ ആംബുലന്‍സ് എന്തിനാണ് ഉപയോഗിക്കുന്നത്? സുരേഷ് ഗോപി വന്നത് പോലീസ് സംരക്ഷണയില്‍ ആംബുലന്‍സിലാണ്. ആംബുലന്‍സ് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് സേവാഭാരതിയോട് ചോദിക്കാന്‍ പോലീസ് തയാറായില്ലെന്നും പ്രതാപന്‍ പറഞ്ഞു. മുന്‍ എം.എല്‍.എ. അനില്‍ അക്കരയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message