കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രങ്ങള്‍ പ്രതിനിധീകരിച്ചത് ആരുടെ അമ്മയെ?
അസാമാന്യ പ്രതിഭയുളള അഭിനേത്രിയായിരുന്ന, അന്തരിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ അമ്മക്കഥപാത്രങ്ങള്‍ ഏത് സമൂഹത്തെയാണ് പ്രതിനിധീകരിച്ചത്, മലയാളികളുടെ മൊത്തം അമ്മയെയാണോ? ഡോ. എ.കെ. വാസു, ആശ റാണി എന്നിവരുടെ ഫെയ്‌സ് ബുക്ക് കുറിപ്പുകള്‍ അന്വേഷിക്കുന്നു.
ആശ റാണിയുടെ കുറിപ്പ്
മലയാളി/ഇന്ത്യന്‍ ആണിന്റെ മനോവൈകൃതങ്ങളിലെ അമ്മ സങ്കല്പങ്ങളില്‍ തറച്ചിട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. അവരുടെ അഭിനയത്തിന്റെ ആഴമോ പരപ്പുകളോ വ്യത്യസ്തതകളോ ഒന്നും കാണാനോ അറിയാനോ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല. അല്ലെങ്കില്‍ അത്തരം എന്തെങ്കിലും അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ അവര്‍ക്കും കഴിഞ്ഞില്ല. പ്രധാനമായും ആണ്‍മക്കള്‍ക്ക് വാത്സല്യം ചൊരിയുന്ന അമ്മ കഥാപാത്രങ്ങളാണ് അവര്‍ ചെയ്തത്. അത്തരം കഥാപാത്രങ്ങളില്‍ ഒന്നു പോലും ഒരു നായിക നടിയുടെ അമ്മയായി കീരീടത്തിലേയോ, വാത്സല്യത്തിലെയോ അമ്മമാരെ പോലെ മകളെ ഓര്‍ത്ത് ഉരുകുന്നതും സ്‌നേഹം പകരുന്നതും ഓര്‍ക്കുന്നില്ല. എത്ര വിദഗ്ധമായാണ് നമ്മുടെ സിനിമ ഓരോ ജീര്‍ണ്ണ സങ്കല്പങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. അമ്മ/മകന്‍ എന്ന ജോഡികളല്ലാതെ അമ്മ/മകള്‍ എന്ന ജോഡിയില്‍ പ്രവര്‍ത്തിക്കാത്ത ഒന്നാണ് നമ്മുടെ പാരമ്പര്യ, മത, സദാചാര സങ്കല്പങ്ങളിലെ മാതൃത്വം.
യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം വാത്സല്യങ്ങളോ, അമ്മ നിമിഷങ്ങളോ സമ്മാനിക്കാന്‍ കഴിയാതിരുന്ന പറയപ്പെടുന്ന ‘പരാജയപ്പെട്ട’ അമ്മയായിരുന്നു താനെന്ന് ഒരു ഇന്റര്‍വ്യൂവില്‍ അവര്‍ പറയുന്നുണ്ട്. രാവും പകലും കുടുംബത്തിന് വേണ്ടി ഓടി നടന്ന് പണിയെടുത്ത ഒരു അഭിനയ തൊഴിലാളി. കുടുംബത്തിലെ പ്രധാനപ്പെട്ട വരുമാനകേന്ദ്രം. അത്തരം അമ്മക്ക് എവിടെയാണ് വാത്സല്യപ്പെടാന്‍ നേരം.
പാട്രിയാര്‍ക്കിയുടെ ഇക്കിളി കഥകളില്‍, ഫ്യൂഡല്‍ രോമാഞ്ചകളിലല്ലാതെ സിനിമയിലെ പോലുളള അമ്മകളുണ്ടാവില്ലന്നും യഥാര്‍ത്ഥ അമ്മ എല്ലാ വികാരങ്ങളും ഉളള ഏതൊരു മനുഷ്യജീവിയേയും പോലെ ഒന്നാണെന്നും മനസ്സിലാക്കാന്‍ വേറെ ഉദാഹരണമില്ല. വൈവഹിക ബന്ധങ്ങളിലെ രക്തസാക്ഷികളായ സഹന സ്ത്രീകള്‍ അല്ലാതെ മക്കളുടെ നേരെ സര്‍വ്വംസഹ വേഷം ആടുന്ന എല്ലാ സ്ത്രീകളും പാട്രിയാര്‍ക്കിയുടെ ‘പഠിച്ച കളളി’കള്‍ മാത്രമാണന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കൂളിലെ വിദ്യാര്‍ത്ഥി വിദ്യര്‍ത്ഥിനികളെ പറ്റി സദാപരാതിയും, വഴക്കിടലും, അടിയും ഒക്കെയായി രൗദ്രവേഷം ആടുന്ന ടീച്ചര്‍ സ്വന്തം മക്കളെ ‘മോനെ, മോളെ’ എന്ന് വിളിച്ച് കവിയൂര്‍ പൊന്നമ്മ വേഷം ആടുന്നതിനെ പറ്റി ഒരു സുഹൃത്ത് തമാശ പറഞ്ഞതോര്‍ക്കുന്നു. എന്ത് ഐറണിയാണ് ഒരോ ജീവിതങ്ങളും.
അമ്മയെന്നത് ഒരു വ്യക്തിയാണന്നും, അമ്മയായതോടെ തീര്‍ന്ന് പോയ ഒന്നല്ല ആ മനുഷ്യജീവിയെന്നും മനസ്സിലാക്കുന്നതാണ് പുരോഗമന ചിന്ത.
പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മക്ക് വിട… നിങ്ങള്‍ അസാമാന്യ പ്രതിഭയുളള ഒരു അഭിനേത്രിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും അവതരിപ്പിക്കാനുളള അവസരം ലഭിച്ചില്ല എന്നത് ദു:ഖത്തോടെ ഓര്‍മ്മിക്കുന്നു.
ഡോ. എ.കെ. വാസുവിന്റെ കുറിപ്പ്്
മലയാളിയുടെ ഉദാത്തമായ മാതൃസങ്കല്പമാണ് കവിയൂര്‍ പൊന്നമ്മ എന്ന പ്രചാരണം ആ കലാകാരിയുടെ മരണവാര്‍ത്തയോടനുബന്ധിച്ച് ദൃശ്യമാധ്യമങ്ങളില്‍ പ്രബലമാണ്. മലയാള സിനിമയുടെ ചരിത്രത്തോളം ആഴവും പരപ്പമുള്ള മികച്ച സിനിമാആര്‍ട്ടിസ്റ്റ് തന്നെയാണ് കവിയൂര്‍ പൊന്നമ്മ എന്നതില്‍ സംശയമില്ല. അഭിനയത്തിലുള്ള മികവു തന്നെയാണ് കവിയൂര്‍ പൊന്നമ്മ ദീര്‍ഘകാലം സിനിമയില്‍ തിളങ്ങിനിന്നതും. ആ കലാകാരിക്ക് ആദരാഞ്ജലികള്‍ …….
കവിയൂര്‍ പൊന്നമ്മ നിരന്തരം അഭിനയിച്ചു പോന്ന അമ്മ കഥാപാത്രം മലയാളിയുടെ ഉദാത്തമായ മാതൃസങ്കല്‍പമാണ് എന്നത് തികച്ചും തെറ്റായ പ്രചാരണമാണ്. ആ പ്രചാരണത്തെ ശരിയാകണമെങ്കില്‍ മലയാളി സമം നായര്‍ എന്ന് തിരുത്തിയെഴുതേണ്ടിവരും.
ഏകതാനമല്ല, ബഹുസ്വരമായ ഒരു സമൂഹമാണ് ‘മലയാളി.’ മലയാളികളായ മനുഷ്യര്‍ക്ക് പലരൂപത്തിലെ അമ്മമാര്‍ ഉണ്ട്.
അത്തരം അമ്മമാരില്‍ ഒരു വിഭാഗത്തിന്റെ അമ്മ മാത്രമാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു ഫലിപ്പിച്ച അമ്മയെന്നതാണ് സത്യം. സല്ലാപം എന്ന സിനിമയില്‍ മനോജ് കെ. ജയന്റെ കഥാപാത്രത്തിന് ഒരു അമ്മയുണ്ട് ആ അമ്മ ഉണ്ണി……. ഉണ്ണീ എന്ന് വിളിച്ചും ആരതതിയുഴിഞ്ഞുമല്ല മകനെ സ്‌നേഹിക്കുന്നത് പലപ്പോഴും ചീത്ത വിളിച്ചുകൊണ്ടാണ് എന്ന് ഓര്‍ക്കുക.
നായര്‍ തറവാട് കേന്ദ്രീകൃതമായ ഫ്യൂഡല്‍ അമ്മ എന്നതാണ് കവിയൂര്‍ പൊന്നമ്മയുടെ ടിപ്പിക്കല്‍ കഥാപാത്രങ്ങളുടെ ആകെ തുക. അത്തരം തറവാടുകള്‍ ബഹുജനങ്ങളോട് പുലര്‍ത്തിപ്പോകുന്ന ജാതി അകലങ്ങളും ഈ അമ്മയുടെ അവതരണം കൊണ്ട് ജനപ്രിയമാക്കിയിട്ടുണ്ട്. പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയിലെ കവിയൂര്‍ പൊന്നമ്മയുടെ അമ്മ കഥാപാത്രം അച്ചന്‍കുഞ്ഞ് അവതരിപ്പിക്കുന്ന പിന്നാക്കക്കാരനായ കഥാപാത്രത്തെ ഏതെല്ലാം തരത്തിലാണ് ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ ഇക്കാര്യം പിടികിട്ടും. അയാള്‍ തന്റെ മുമ്പില്‍ ഇരിക്കുമോ എന്ന പരീക്ഷണം നടത്തുന്ന, ഇയാള്‍ ഇവിടത്തെ കന്നാലിക്കാരനായി കോണകം മാത്രം കെട്ടി നടന്നിരുന്നവനാണെന്ന് മക്കളെയും ചെറിയമക്കളെയും നിരന്തരം ഓര്‍മിപ്പിക്കുന്ന
ആ ജാത്യാഭിമാനി കഥാപാത്രത്തിന്റെ തന്നെ പെരുക്കങ്ങളാണ് പല സിനിമകളിലും പിന്നീട് നമ്മള്‍ കണ്ടിട്ടുള്ളത്.
ജാത്യാചാരമടക്കമുള്ള ആചാര സംരക്ഷണമാണ് ഈ അമ്മയുടെ മാതൃകാലോകം. ആ കഥാപാത്രത്തിന്റെ ‘വാത്സല്യം ‘ജാതി ഫ്യൂഡലിസത്തോട് മാത്രമായിരുന്നു പുരോഗമനത്തോടയിരുന്നില്ല.
ജാതിയടക്കമുള്ള ആചാര സംരക്ഷണമാണ് ഈ അകത്തമ്മയുടെ ലോകം. ഫെമിനിസമടക്കമുള്ള സ്ത്രീവിമോചന പ്രത്യശാസ്ത്രങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള സ്ത്രീസങ്കല്പങ്ങളുടെ നേരെവിപരീതമായ ‘പുരുഷാധികാരിണിയായ ‘ സ്ത്രീസങ്കല്പത്തെ,പുതിയ കാലത്തും ജനപ്രിയമാക്കിയെടുക്കുന്നതിനാണ് ഇത്തരം തറവാട്ടമ്മ വേഷങ്ങളെക്കൊണ്ട് സാധ്യമായിട്ടുള്ളത്. ഒരേ മുണ്ടും നേരിയതും ഉടുത്ത്,
ഒരേ വിഗ്ഗും വെച്ച് എല്ലാ സിനിമയിലും അഭിനയിക്കേണ്ടി വന്നവളാണ് താനെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ ജോണി ലൂക്കോസുമായുള്ള ഇന്റര്‍വ്യൂവില്‍ സമ്മതിക്കുന്നുണ്ട്.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അമ്മമാരും അകത്തമ്മമാരല്ല. അതുകൊണ്ടാണ് മലയാളത്തിന്റെ അമ്മയെന്നൊക്കെ മാധ്യമങ്ങള്‍ ഒച്ചവെക്കുമ്പോള്‍ അതു നോക്കി അയ്യോ, ഇത് എന്റെയമ്മയല്ലല്ലോ എന്ന് ബഹുജനങ്ങള്‍ക്ക് ചിന്തിക്കേണ്ടിവരുന്നത്. ആ അമ്മമാരില്‍ ഏറെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരോ കെട്ടിടം പണിക്ക് പോകുന്നവരോ ഒക്കെയാണ്. അത്തരം അമ്മമാരെ അസ്ഥിരപ്പെടുത്തുന്ന ഒരുതരം ഇക്കിളിയമ്മങ്കല്പമാണ് കവിയൂര്‍ പൊന്നമ്മയാല്‍ നിര്‍മ്മിതമായത്. ഏകതാനമായ നയരമ്മകഥാപാത്രത്തെ മാത്രംനല്‍കി ‘ ടൈപ്പായി ‘ മാറ്റുകയും അതുവഴി ക്ലീഷേനടിയാക്കി മാറ്റുകയും ചെയ്തു എന്നതാണ് മലയാള സിനിമലോകം ആ മികച്ചനടിയോട് ചെയ്ത വലിയ ക്രൂരത………
