Kerala Newsnews

എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിന്റെ ദൃശ്യ സാക്ഷാത്കാരമാണ് എന്റെ കേരളം പ്രദര്‍ശന മേളയെന്ന് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 18 മുതല്‍ 24 വരെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആധുനിക കാലത്ത് അത്ഭുതപ്പെടുത്തുന്ന നിരവധി കേരള മോഡലുകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ സാധ്യമാക്കിയെന്ന അനുഭവത്തിന്റെ കരുത്തോടെയാണ് പിണറായി സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. എല്ലാ മാസവും 60 കഴിഞ്ഞ 62 ലക്ഷം മനുഷ്യരുടെ കൈകളിലേക്ക് അഭിമാനത്തോടെ ക്ഷേമ പെന്‍ഷന്‍ എത്തിക്കാന്‍ സാധിച്ചു. 2021ലെ പ്രകടനപത്രികയില്‍ സാമൂഹിക പെന്‍ഷന്‍ ഉയര്‍ത്താന്‍ നിശ്ചയിച്ചിരുന്ന യത്രതന്നെ ഉയര്‍ത്തി. കൊറോണക്കാലത്ത് ഒരു ജന്തു ജീവജാലങ്ങള്‍ പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കിയ സര്‍ക്കാരാണ് നമ്മുടേത്. നവംബര്‍ ഒന്ന് കഴിഞ്ഞാല്‍ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുന്ന നാടിന്റെ പേരാണ് കേരളമെന്നും മന്ത്രി പഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയവയിലും വിഴിഞ്ഞം, വാട്ടര്‍ മെട്രോ, ദേശീയ- സംസ്ഥാന പാത, വ്യവസായ സൗഹൃദ നിക്ഷേപം തുടങ്ങിയ മേഖലകളിലടക്കം സമഗ്ര വികസനം കേരളം സാധ്യമാക്കി. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൃഗശാലയായ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് നാടിന് സമര്‍പ്പിക്കും. മൂന്നാമത്തെ സ്‌പോര്‍ട്‌സ് ഡിവിഷനായി അന്താരാഷ്ട്ര നിലവിലുള്ള പ്രത്യേകതകളോടുകൂടി കുന്നംകുളത്തെ സ്‌പോര്‍ട്‌സ് സ്റ്റേഡിയം മാറാന്‍ പോകുന്നു. തൃശൂരിലെ മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി നൂറ് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍, കിഫ്ബിയില്‍ നിന്ന് ഉള്‍പ്പെടുത്തി ജില്ലയിലെ റോഡുകളിലും മറ്റു മേഖലയിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അടക്കം അത്ഭുതകരമായ മാറ്റത്തിലേക്കാണ് നമ്മുടെ നാട് പോവുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു രൂപ പോലും തരാതെ കേന്ദ്രം ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചാലും അവസാനത്തെ ചൂരല്‍ മലയിലെ നിവാസിക്കും വീടുവെച്ച് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ചുരം വിട്ട് ഇറങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
20 വര്‍ഷം കഴിഞ്ഞാല്‍ എങ്ങനെയായിരിക്കും കേരളമെന്നതിന്റെ രൂപമാണ് മെയ് 24 വരെയുള്ള മേളയില്‍ കാണാന്‍ പോകുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന വികസന കാഴ്ചപ്പാടോടുകൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
നാല് ലക്ഷം പട്ടയങ്ങളാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വിതരണം ചെയ്തത്. 5,00,000 കുടുംബങ്ങള്‍ക്ക് ലൈഫ് പാര്‍പ്പിട പദ്ധതി വഴി വീടെന്ന സ്വപ്നം പൂര്‍ത്തീകരിച്ചു. നാലേ മുക്കാല്‍ ലക്ഷം വീടുകള്‍ ഇതിനോടകം കൈകമാറി. 87,000 കോടിയുടെ വികസനമാണ് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രദര്‍ശന മേളയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
സര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കുന്ന രീതിയിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്‍ ഇ ഡി വാളുകളില്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ 151 തീം – സ്റ്റാളുകളും 38 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 189 സ്റ്റാളുകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാണ്. ഭക്ഷ്യ കാര്‍ഷിക മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാര്‍, സിനിമാപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമായുണ്ട്. രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.
എം.എല്‍.എമാരായ എ.സി. മൊയ്തീന്‍, മുരളി പെരുനെല്ലി, ഇ.ടി. ടൈസണ്‍, യു.ആര്‍ പ്രദീപ്, എന്‍.കെ. അക്ബര്‍, കെ.കെ. രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ചേമ്പര്‍ പ്രസിഡന്റ് എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. നഫീസ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി. സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ.ആര്‍. രവി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യ , സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.കെ. വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message