Art & LiteratureCinemaCulture & HistoryInterview & ReviewKerala NewsWomen

പി.കെ. റോസിയില്‍നിന്ന് ഒട്ടും ദൂരമില്ല രേണുവിലേക്ക്

രാഹുല്‍ ഹംബിള്‍ സനല്‍ -ന്റെ ഫേസ് ബുക്ക് കുറിപ്പ്

അന്തരിച്ച പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ് സുധിയുടെ ഭാര്യ അഭിനയ രംഗത്തേക്ക് വന്നതിന് ശേഷം അവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ എത്രയേറെ നിന്ദ്യവും ക്രൂരവുമായ ശാരീരിക അവഹേളനമാണ് സ്ത്രീ പുരുഷ ഭേദമന്യേ നടത്തുന്നത്.
എന്താണ് അവര്‍ ചെയ്ത തെറ്റ്?
ഭര്‍ത്താവ് മരിച്ച ശേഷം അഭിനയ രംഗത്തേക്ക് വന്നതാണോ?
ഉപജീവനത്തിന് എന്ന ന്യായം തത്ക്കാലം മാറ്റിവയ്ക്കാം.
അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടുതന്നെയാണ് അവര്‍ ദൃശ്യരംഗത്തേക്ക് വന്നത് എന്ന് കരുതിയാലും അത് എങ്ങനെയാണ് കുറ്റകരമാകുന്നത്?
ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീക്ക്, ഭര്‍ത്താവിന്റെ മരണശേഷം അഭിനയ മോഹം ഉണ്ടാകാന്‍ പാടില്ല എന്നുണ്ടോ?
നിനക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടേ ടീ എന്നും കടയില്‍ സെയില്‍സ് ഗേളായി പോയിക്കൂടേ എന്നൊക്കെയുള്ള രേണുവിനോടുള്ള ചോദ്യങ്ങളിലൂടെയുള്ള മറ്റുള്ളവരുടെ തന്ത / തള്ള ചമയല്‍ തന്നെ എന്തൊരാഭാസമാണ്?
അവരുടെ വ്യക്തിജീവിതത്തിലേക്ക് അധികാരപൂര്‍വ്വം അവരെ ഉപദേശിക്കാനും ആക്ഷേപിക്കാനും ഇവരെയൊക്കെ ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്?
സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനം നോക്കുന്ന ഒരു Mbbs ഡോക്ടര്‍, അവരുടെ 90% ശരീരവും പ്രദര്‍ശിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ Modeling ചെയ്യുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് അവരോട് നിനക്ക് വേറെ പണിയില്ലേ എന്ന് ഇവര്‍ ചോദിക്കാത്തത്?
തങ്ങള്‍ക്ക് അപ്രാപ്യമെന്ന് തോന്നുന്ന ജീവിതസാഹചര്യമുള്ളവരോടൊക്കെ എങ്ങനെ പെരുമാറണം എന്നും എത്രമാത്രം അകലം പാലിക്കണമെന്നുമൊക്കെ അപ്പോള്‍ അറിയാവുന്നവര്‍ തന്നെയാണ് രേണുവിനെ പോലെ സാധാരണക്കാരി ആയ ഒരാള്‍ ലൈംലൈറ്റിലേക്ക് വരുമ്പോള്‍ അസ്വസ്ഥര്‍ ആകുന്നത്.
എന്തുകൊണ്ടാണ് രേണു ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിങ്ങിന് വിധേയ ആകുന്നത്?
സമൂഹം സൗന്ദര്യത്തിന് ചില മാനദണ്ഡങ്ങളൊക്കെ പണ്ടു മുതലേ നിര്‍മ്മിച്ച് വച്ചിട്ടുണ്ട്.
അത്തരം യാഥാസ്ഥിതിക സൗന്ദര്യ സങ്കല്പത്തിനപ്പുറമുള്ളവരൊന്നും പൊതുമണ്ഡലത്തില്‍ സ്വീകാര്യയാകാന്‍ പാടില്ല എന്നൊരു പൊതുബോധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് കേവലം തൊലിനിറം മാത്രമല്ല .
മുഖം, ശാരീരിക അളവുകള്‍, കണ്ണിന്റെയും പല്ലിന്റെയും മൂക്കിന്റെയും ആകൃതി ഇവക്കെല്ലാം അളവ് കോലുകള്‍ സമൂഹം നിര്‍മ്മിച്ച് വച്ചിട്ടുണ്ട്.
അവ ദേദിച്ച് വരുന്ന ആരെയും ആദ്യമേ തന്നെ അടിച്ചിടുക എന്ന ഫ്യൂഡല്‍ ചിന്താഗതി തന്നെയാണ് രേണുവിന് നേരെ ഇപ്പോള്‍ പ്രയോഗിക്കുന്നതും.

എന്താണ് സൗന്ദര്യം ?
സംവേദനത്തില്‍, ആനന്ദം, സംതൃപ്തി എന്നീ അനുഭവങ്ങള്‍ പകര്‍ന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം എന്നു വേണമെങ്കില്‍ പറയാം.
അതായത് നമ്മുടെ തലച്ചോറിന്റെ ഒരു സംവേദനം മാത്രം ആണ് സൗന്ദര്യം എന്നത്.
കേവലം ഒരു സങ്കല്പം മാത്രം ആണത്. ഒരാള്‍ക്ക് തോന്നുന്ന സൗന്ദര്യബോധം മറ്റൊരാള്‍ക്ക് തോന്നണം എന്നുമില്ല.
ഒരാളുടെ ശാരീരിക പ്രത്യേകതകള്‍ സൗന്ദര്യബോധത്തിന് വിഭന്നമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന് കാരണം നിങ്ങള്‍ക്ക് അനുഭവവേദ്യമായ ദൃശ്യതയില്‍ അവര്‍ ഇതുവരെയും ഉള്‍പ്പെടാതെ ഇരുന്നത് കൊണ്ടാണ്.
അതൊരിക്കലും അവരുടെ തെറ്റല്ല. നിങ്ങള്‍ കണ്ടതായി ഭാവിച്ചിരുന്നില്ല എങ്കിലും നിങ്ങളോടൊപ്പം തന്നെ അവര്‍ക്കും ഒരു ജീവിതം ഉണ്ടായിരുന്നു.
അതില്‍ പ്രണയം ഉണ്ട്, കാമം ഉണ്ട്, മാതൃത്വവും പിതൃത്വവും സാഹോദര്യവും ഉണ്ട്.
നിങ്ങള്‍ തിരിച്ചറിഞ്ഞില്ല എന്നു കരുതി അവ ഒന്നും റദ്ദ് ചെയ്യപ്പെടുന്നില്ല.
ഉന്നതകുലജാതയായി ഒരു പുലയ സ്ത്രീ അഭിനയിക്കുന്നത് കണ്ടിട്ട്, അവര്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിച്ച തീയറ്ററിന്റെ തിരശീല നശിപ്പിച്ച്, അവരുടെ വീടിന് തീയിട്ടപ്പോള്‍ ജീവനും കൊണ്ട് നാട് വിടേണ്ടി വന്ന മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയില്‍ നിന്ന് ഒട്ടും ദൂരമില്ല ഇപ്പോള്‍ രേണുവിന്.

എന്നിട്ടും പുരോഗമന സമൂഹം എന്നാണ് നമുക്ക് പേര്!

എന്നിട്ടും പുരോഗമന സമൂഹം എന്നാണ് നമുക്ക് പേര്!

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message