Culture & HistoryIndia NewsKerala NewsPolitics

പട്ടികജാതി സംവരണം: ചെന്നൈ ഹൈക്കോടതിയുടെ വിധി ആഘോഷിക്കുന്നവര്‍ക്ക് സാഹോദര്യത്തിന്റെ അര്‍ത്ഥമറിയില്ല

റെജി ശങ്കര്‍

ചെന്നൈ ഹൈക്കോടതിയുടെ വിധി പട്ടികജാതി സംഘടനകള്‍ എടുത്ത് ആഘോഷിക്കുന്നുണ്ട്. സാഹോദര്യം എന്ന ഒരു വാക്ക് അതെന്താണെന്ന് അറിയാത്ത മനുഷ്യരാണ് ഇവര്‍, പ്രത്യേകിച്ച് സമൂഹങ്ങളില്‍ സാഹോദര്യം എന്ന സങ്കല്പം വളരെ കുറവാണ്. അവര്‍ ഒന്നാമത് ജാതി കൂട്ടങ്ങളാണ്. സവര്‍ണരുടെ ജാതിയെ പോലെ തന്നെ കുറച്ചുകൂടി വൃത്തികെട്ട അഴുകിയ ജാതി സങ്കല്പം കൂടിയാണ് ഇവര്‍ക്കുള്ളത്. അതിനുള്ളില്‍ നിന്നുകൊണ്ടാണ് ജാതി മേധാവിത്വത്തിനെതിരെ ഉള്ള സമരം നടത്തുന്നത്? അതവിടെ നില്‍ക്കട്ടെ. ഇവിടെ പറഞ്ഞു വന്നത് ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണവുമായി ബന്ധപ്പെട്ട് ചെന്നൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ കുറിച്ചാണ്.
ക്രിസ്തുമതത്തില്‍ ആശയപരമായി ജാതി നിലനില്‍ക്കുന്നില്ല എന്ന സാങ്കേതികതയില്‍ തൂങ്ങിയാണ് ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നത്. ഹിന്ദുമതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ജാതിവ്യവസ്ഥയ്ക്ക് ആധികാരികത നല്‍കുന്ന ഒരു സംഗതിയും ക്രിസ്തുമതത്തില്‍ കണ്ടെടുക്കാന്‍ കഴിയില്ല. മറിച്ച് ‘ഒരുവന്‍ ക്രിസ്തുവിലായാല്‍ പുതിയ സൃഷ്ടിയത്രെ’ എന്ന വലിയ ആശയമാണ് കാണാന്‍ കഴിയുന്നത്. അങ്ങനെ നോക്കുമ്പോള്‍ അവിടെ ജാതി വ്യത്യാസമില്ല. എന്നാല്‍ വാസ്തവത്തില്‍ അങ്ങനെയാണോ ഇന്ത്യയിലെ ക്രിസ്തുമതം പ്രവര്‍ത്തിച്ചത്, അല്ലെങ്കില്‍ ഇപ്പോഴും തുടരുന്നത് എന്ന കാര്യം കോടതി പരിശോധിച്ചിട്ടില്ല എന്നാണ് വിധിയില്‍ നിന്നും മനസ്സിലാകുന്നത്. കോടതിയുടെ കാര്യം പോകട്ടെ, ദലിത് ഹിന്ദുവും ദളിത് ക്രിസ്ത്യാനിയും പരസ്പരം കുടുംബ ബന്ധങ്ങള്‍ പങ്കിടുന്ന ആളുകളാണ്. ഒരു കുടുംബത്തില്‍ തന്നെ രണ്ടു കൂട്ടരും ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാര്യം മാത്രമാണ്. ഒരു അടുക്കളയില്‍ നിന്നും ഭക്ഷണം കഴിച്ചു ഒരു പായില്‍ കിടന്നുറങ്ങുന്ന ജനതയ്ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നുണ്ടെങ്കില്‍ അവരുടെ ജനിതകപരമായ കുഴപ്പമായിത്തന്നെ ഇതിനെ കാണണം. അത് കൊണ്ടാണ് ജനിച്ച മണ്ണില്‍ വലിഞ്ഞു കയറി വന്നവന്റെ അടിമയായി ജീവിക്കാന്‍ ഇട വന്നത്.
ഇന്ത്യയിലെ എല്ലാ മതങ്ങളിലും ജാതി പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതു മതത്തില്‍ ആയാലും അവര്‍ ഇതിന്റെ ഇരകളാണെന്ന് കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ദലിത് ക്രൈസ്തവരുടെ കാര്യം വരുമ്പോള്‍ അതുവരെ ഒപ്പം നിന്ന പട്ടികജാതിക്കാരന്‍ സംഘിയാവും. ദളിത് ക്രൈസ്തവന് പട്ടികജാതി സംവരണം കൊടുക്കരുത് എന്നുള്ളത് പട്ടികജാതി ഹിന്ദുവിന്റെ താല്‍പര്യമല്ല. അത് സംഘികളുടെ താല്പര്യമാണ്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ അവരെ അത് വളരെയധികം ബാധിക്കും എന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ അവരുടെ അടിമകളായ പുതു ഹിന്ദുക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ഇങ്ങനെ നിര്‍ത്തുന്നത്. സാഹോദര്യം ഇല്ലാത്ത ദളിതര്‍ക്ക് ഇങ്ങനെ ചെയ്യുന്നതില്‍ വലിയ മനസ്സാക്ഷി കുത്തൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ഇവര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. കേരളത്തില്‍ ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ നിര്‍ണായകമായ പങ്കു വഹിച്ചത് ആരാണെന്നുള്ള കാര്യം. അയ്യന്‍കാളിയുടെ പോരാട്ടത്തിനൊപ്പം ശക്തമായ നിലയുറപ്പിച്ച ജനതയാണ് സാല്‍വേഷന്‍ ആര്‍മിയിലെ പുലയര്‍. അതുപോലെതന്നെ കാര്‍ഷിക സമരം അയ്യന്‍കാളി തുടങ്ങിയപ്പോള്‍ ആദ്യത്തെ എട്ടുമാസം മതം മാറാത്ത ഒരുത്തനും അങ്ങോട്ട് അടുത്തില്ല. അന്ന് ആ സമരത്തെ താങ്ങി നിര്‍ത്തിയത് മതം മാറിയ ദളിതരും മുക്കുവരുമായിരുന്നു. ഇന്ന് 916 ആണെന്ന് പറഞ്ഞു നടക്കുന്നവര്‍ തങ്ങളുടെ തമ്പുരാക്കന്മാരെ ഭയപ്പെട്ട് അങ്ങോട്ട് എത്തിനോക്കിയില്ല. ദളിതര്‍ കുറഞ്ഞപക്ഷം നാടാര്‍ സമുദായത്തെ എങ്കിലും കണ്ടു പഠിക്കണം. മതം മാറാത്ത നാടാര്‍ സമുദായക്കാര്‍ മാറിയ തങ്ങളുടെ സഹോദരങ്ങള്‍ക്ക് കൂടി സംവരണം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പട്ടികജാതിക്കാര്‍ക്ക് ഇതിന് കഴിയില്ല. അത്രയ്ക്ക് പരസ്പരം സ്‌നേഹം ഇല്ലാത്ത ജാതികളാണ് അതിനുള്ളില്‍ ഉള്ളത്. ജനസംഖ്യാനുപാതികമായി തങ്ങളുടെ ക്രൈസ്തവ സഹോദരങ്ങള്‍ കൂടി സംവരണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും നിലപാട് എടുക്കുകയും ചെയ്താല്‍ ഇത് വലിയൊരു ജനതയായി മാറാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നക്കാപ്പിച്ച വാങ്ങി തിന്നുന്ന ജാതി നേതാക്കള്‍ ഇതിന് സമ്മതിക്കുകയില്ല.

വാല്‍ക്കഷണം:
ജോണ്‍ സാറിനെ പോലെ ചില ആളുകള്‍ക്ക് ഇത് നേടണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പിന്നീട് വന്ന ഇവാഞ്ജലിലിസ്റ്റുകള്‍ ഇവരെ പറഞ്ഞു പൊട്ടന്മാരാക്കി, ഈ ഭൂമിയല്ല സ്വര്‍ഗ്ഗമാണ് തങ്ങളുടെ യഥാര്‍ത്ഥ ദേശം എന്ന് പറഞ്ഞ് പറ്റിച്ചു, പോരാട്ടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി. എന്നാല്‍ അതിനുള്ളിലെ തന്നെ തലയ്ക്ക് വിവരമുള്ള ആളുകളെ ഇവര്‍ പരിഹസിച്ചു പുറത്താക്കുകയും ചെയ്തു. പണ്ട് സിക്കുകാരെ സംവരണത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍ അവര്‍ സ്വീകരിച്ച വഴിയുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ അവരെ അതില്‍ ഉള്‍പ്പെടുത്തി. ആവശ്യക്കാരന്‍ കരഞ്ഞില്ലെങ്കില്‍ പാല് അയല്‍ക്കാരന്‍ കുടിച്ചിട്ട് പോകും.
ദളിത് ക്രൈസ്തവരുടെ സംവരണം നിഷേധിക്കുന്ന കോടതിവിധിയെ സ്വാഗതം ചെയ്യുന്ന പട്ടികജാതിക്കാര്‍ക്ക് മുന്നോക്ക സംവരണത്തെക്കുറിച്ച് പറയാന്‍ അവകാശമില്ല എല്ലാ നീതിയും തങ്ങള്‍ക്ക് വേണം മറ്റുള്ളവര്‍ക്ക് നീതി കിട്ടരുത് എന്ന് വാശിപിടിക്കുന്ന സമുദായങ്ങളാണ് ഇവര്‍. പലപ്പോഴും ഇവരെക്കാള്‍ ഭേദം മറ്റുള്ള ജാതിക്കാര്‍ തന്നെയാണ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message