India NewsPolitics

മലയാള മനോരമ പറയുന്നു സത്യം രാവിലെ അറിയാം

മലയാള മനോരമയില്‍ നിന്നു സത്യം അറിയാമെന്നു പറയുന്നത് കോമഡിയായി കാണുന്ന കാലമാണിത്. ഇന്നത്തെ മനോരമയുടെ മുന്‍ പേജിലെ പരസ്യത്തില്‍ പറയുന്നത് സത്യം രാവിലെ അറിയാം എന്നാണ്. അങ്ങനെയെങ്കില്‍ ഭാവിയില്‍ സ്വന്തം ചാനലിനെ തള്ളിപ്പറയുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.പി. ബഷീര്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മലയാള മനോരമ ഒന്നാം പേജിലെ സ്വന്തം പരസ്യം കാണുമ്പോള്‍ ഒരു പ്രവചന സാഹസത്തിനു മുതിരുകയാണ്. അനതിവിദൂര ഭാവിയില്‍ മനോരമ കുടുംബം മനോരമ ന്യൂസ് ചാനലിനെ തള്ളിപ്പറയും. മറ്റെന്താണ് ഈ പരസ്യ വാചകങ്ങള്‍ കൊണ്ട് മനോരമ കമ്പനി ഉദ്ദേശിക്കുന്നത്?:
‘മുന്നില്‍ വന്നു മിന്നുന്നത് ഊഹാപോഹങ്ങളാവാം, കേട്ടുകേള്‍വികളാകാം.
എന്തായാലും സംഗതി ക്ലിക്കായാല്‍ മതി എന്നാണു നിലപാട്.
പത്രത്തിനുള്ള ക്ലിക്ക് വേറെയാണ്. ഫോട്ടോ ജേര്ണലിസ്റ്റുകള്‍ സത്യത്തിനു നേരെ തുരുതുരെ ക്ലിക്ക് ചെയ്യും. ഞങ്ങളുടെ റിപോര്‍ട്ടര്‍മാര്‍ സംഭവ സ്ഥലത്തു നേരിട്ടെത്തും. കിട്ടുന്ന വിവരങ്ങള്‍ വര്‍ത്തമേശയില്‍ സൂക്ഷ്മമായി വിശകലനം ചെയ്യും, വിലയിരുത്തും. ധാര്‍മികതയുടെ ഉരകല്ലിലും അത് പരിശോധിക്കപ്പെടും.
ഡിലീറ്റ് ബട്ടണ്‍ ഞെക്കിയാല്‍ മാറുന്നതല്ല അച്ചടിയുടെ മഷിക്കൂട്ട്. അന്വേഷണങ്ങളും പരിശോധനകളും പഠനങ്ങളും നടത്തി ഒരു നീണ്ട ദിവസത്തിന്റെ പ്രയത്‌നമാണ് രാവിലെ വന്നു മുട്ടി വിളിക്കുന്നത്. ഉണരൂ സത്യമറിയൂ.
മലയാള മനോരമ.
സത്യം രാവിലെ അറിയാം.
2003ല്‍ ഇന്ത്യാവിഷന്‍ വന്നപ്പോള്‍ മനോരമക്ക് പുച്ഛമായിരുന്നു. പുച്ഛം മാറി പരിഭ്രാന്തി പടരാന്‍ ഒരു വര്‍ഷമേ വേണ്ടിവന്നുള്ളൂ. ‘ഞങ്ങളാണ്, അതായതു മനോരമ പത്രമാണ്, കേരളത്തിന്റെ ഒരേയൊരു ചാനല്‍’ എന്ന് ദേശീയ മാധ്യമങ്ങളില്‍ വന്‍ പരസ്യങ്ങള്‍ ചെയ്തു നോക്കി. 2004-ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പു ഇന്ത്യാവിഷന്‍ തൂക്കിയപ്പോള്‍ ധൃതിപ്പെട്ടു ചാനല്‍ തുടങ്ങി. 2006ന്റെ രണ്ടാം പകുതിയില്‍ ചാനല്‍ വരുമ്പോള്‍, ടുട്ടൂസ് ടവറിലെ ദാരിദ്ര്യം വിട്ടു പകുതി പേര്‍ അരൂരിലെത്തി. പ്രമോദ് രാമന്‍, ഷിബു ജോസഫ്, രാജീവ് ദേവരാജ്, ഷാനി പ്രഭാകര്‍, ജയമോഹന്‍.. അങ്ങനെ പലരും. ചാനല്‍ നടത്തി പരിചയമുള്ള പ്രൊഫഷണലുകളെയെല്ലാം വലവീശി പിടിച്ചെങ്കിലും, നടത്തിപ്പിന്റെ നേതൃത്വം ഏല്‍പിച്ചച്ചതു സ്വന്തം തോട്ടക്കാരെയാണ്. അതാണ് അച്ചായന്റെ ഒരു രീതി.
തോട്ടക്കാരും തൊമ്മിമാരും ചേര്‍ന്ന് രണ്ടു പതിറ്റാണ്ടു ഒരു ചാനല്‍ നടത്തി. ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവര്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ചാനല്‍ നടത്തി 19 വര്‍ഷം പിന്നിടുമ്പോള്‍ ഇപ്പോള്‍ മുതലാളിക്ക് തോന്നുകയാണ്, സത്യമറിയാന്‍ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കണമെന്ന്. എപ്പടി?

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message