Culture & HistorynewsPolitics

വിദ്വേഷത്തിന്റെ ഫാക്ടറി മുതലാളിമാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്ത് ഒരു സ്‌നേഹസംഗമം

ഈ.ഡി. ഡേവീസ്-ന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

ഇന്നലെ അതായത് മെയ് 18 ഞായറാഴ്ച എന്റെ വീട്ടില്‍ ഒരു സ്‌നേഹസംഗമം നടത്തി. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ സെക്കുലര്‍ ആയ വിചിന്തനത്തിന്റെ വേദിയായിരുന്നു അത്. മൂപ്പത്തിമൂന്ന് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തൃശൂര്‍ ജില്ല സെക്കുലര്‍ ഫോറമാണ് ഇതിനു നേതൃത്വം നല്‍കിയത്. ഇതുപോലെ സെക്കുലര്‍ വീക്ഷണമുള്ള ആര്‍ക്കും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കാം. വലിയ സംഘാടനത്തിന്റെയോ, സാമ്പത്തിക സമാഹരണത്തിന്റെയോ ആവശ്യമില്ല. പക്ഷേ, കുറച്ച് സ്ഥല സൗകര്യം വേണം. ഉള്ള സ്ഥലത്ത് രണ്ടുരണ്ടര മണിക്കൂര്‍ ഒതുങ്ങിക്കൂടി ഇരിക്കാനുള്ള മാനസികസന്നദ്ധതയും പങ്കാളികള്‍ക്ക് ഉണ്ടാകണം. ഒരുമയുണ്ടെങ്കില്‍ ലാളിത്യമുണ്ടെങ്കില്‍, നൈതികമായ വിഭാവനം ഉണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാകും.
എന്തായിരുന്നു ഇതിലെ സമീപനം? ഏതു സുഹൃത്തിനും കടന്നുവരാം. അവരെല്ലാം യോഗത്തിലെ പങ്കാളികളാണ്. പരസ്പരാദരവും, പരസ്പരസ്‌നേഹവും വേണം. നാലാളുകള്‍, നാലു തരക്കാര്‍ കൂടുന്നിടത്തു വേണ്ട ഔചിത്യവും , സഹിഷ്ണതയും വേണം. മററുള്ളവരെ കേള്‍ക്കലും തന്റെ ഉള്ളം വെളിപ്പെടുത്തലുമാണ് അവിടെ നടക്കേണ്ടത്. അധ്യക്ഷനോ ഉദ്ഘാടകനോ മുഖ്യപ്രഭാഷണമോ, പ്രസംഗമോ ഇല്ല. അനുഭവത്തെ ആസ്പദിച്ചുള്ള പറച്ചിലുകള്‍ മാത്രം. 5 മുതല്‍ 8 മിനിറ്റു വരെ. ആമുഖഭാഷണവും 5 മിനിറ്റു തന്നെ. എല്ലാ അര്‍ത്ഥത്തിലും Sharing / പങ്കുവെപ്പ് തന്നെയായിരുന്നത്.
നമ്മുടെ കേരള സമൂഹത്തില്‍, മുന്‍ കാലങ്ങളെ അപേക്ഷിച്ചു വന്‍ തോതില്‍ പ്രഭാഷണ പരമ്പരകള്‍ നടക്കുന്നു. ഒരുപാട് സാംസ്‌കാരിക സമ്മേളനങ്ങള്‍ നടത്തുന്നു. സാഹിത്യോത്സവങ്ങള്‍ /Literary Fest കള്‍ നടത്തുന്നു. പക്ഷേ, സമൂഹം ജാതിഭേദത്തിലേക്കും വര്‍ഗീയതയിലേക്കും ഭ്രാന്തന്‍ ഉപഭോഗ ശീലങ്ങളിലേക്കും കാപട്യങ്ങളിലേക്കും ‘മാഫിയാവല്‍ക്കരണത്തിലേക്കും നയിക്കപ്പെടുന്നു. ഇവിടെ, സാഹിത്യരചനകളുടെ വമ്പന്‍ പ്രവാഹവും ഉണ്ട്. ബഹുഭൂരിപക്ഷവും അഭ്യസ്തവിദ്യര്‍. പക്ഷേ, ജ്യോതിഷികള്‍ പെരുകുന്നു. കപട ദൈവങ്ങള്‍ പെരുകുന്ന . ആചാരഗോഷ്ഠികള്‍ക്കു മുമ്പില്‍ അഭ്യസ്തവിദ്യര്‍ ആര്‍മാദിക്കുന്നു. വിവാഹവേദികളില്‍ അസംബന്ധച്ചടങ്ങുകള്‍ പെരുകുന്നു. അതിലെല്ലാം പുരോഹിതന്മാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നായകരും ആകാശത്തോളം അലതല്ലുകയാണ്. മലയാളിയെ കുറിച്ച് പൊതുവേ ഒരു ചൊല്ലുണ്ട്. പുറത്ത് ഒരു തരം ചെരിപ്പും അകത്ത് മറ്റൊരു തരം ചെരിപ്പും. ഇതാണവസ്ഥ. വഴങ്ങിക്കൊടുപ്പിത്തിന്റെയും വഞ്ചനയുടെയും ശീലം നന്നേയുണ്ട് അഭ്യസ്തവിദ്യരില്‍ . ഈയവസ്ഥയില്‍ നിന്നൊരു ദിശാമാറ്റം നടത്താതെ കേരളീയര്‍ക്ക് ജനാധിപത്യയിടങ്ങളെ ശക്തിയുക്തം മുന്നോട്ടു നയിക്കാനാവില്ല. എങ്ങനെ മുന്നോട്ടു പോകും? എന്താണ് ബദല്‍? പ്രതിബോധത്തിലേക്ക് എങ്ങനെയാണ് എല്ലാവരേയും ഉണര്‍ത്തിക്കുക? അതുകൊണ്ട് സംസ്‌കാരത്തിലുള്ള ശക്തമായ ഇടപെടല്‍ ആവശ്യമാണ്.
എല്ലാവരെയും എങ്ങനെയാണ് മാറ്റി ചിന്തിപ്പിക്കുക? അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍നിന്നും സങ്കുചിത ജാതി-മത-രാഷ്ട്രീയ ചിന്തയില്‍ നിന്നും എങ്ങനെ ഓരോരു ത്തരേയും പുറത്തു കടത്തും? യാഥാസ്ഥിതിക മനോഭാവങ്ങളില്‍ നിന്നും മാമൂലുകള്‍ക്ക് വഴങ്ങിക്കൊടുക്കലുകളില്‍ നിന്നും എങ്ങനെ ഓരോരുത്തരേയും പുറത്തുകടത്തും?. യുക്തിവാദത്തിന്റെ ഭാഷ കൊണ്ടും നവനാസ്തിക സംഘങ്ങളുടെ അരാഷ്ട്രീയ പ്രേരിതമായ പ്രചാരവേല കൊണ്ടും എത്ര മാത്രം പ്രതിരോധിക്കാനാകും?
ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളില്‍ ചരിത്രബോധവും, യുക്തിചിന്തയും ശാസ്ത്രബോധവും നൈതിക വ്യവഹാര ശീലവും ഉല്‍പതിഷ്ണതാപരമായ സംസ്‌കാരവും എങ്ങനെ കരുപ്പിടിപ്പിടിക്കാം? സാര്‍ത്ഥകവും ഫലപ്രദവും അതിവിപുലവുമായ ജനകീയ വിദ്യാഭ്യാസ പരിപാടിയിലേക്ക് പോകാന്‍ നമുക്ക് എങ്ങനെ കഴിയും? ഇതെല്ലാം ഗ്രാമ പഞ്ചായത്തിനും മറ്റും പൗരബോധന പരിപാടിയാക്കി മാറ്റാനാകുമോ? ബദല്‍ ചിന്തകളുണത്താന്‍ കഴിയുന്നതിന് ആദ്യം വേണ്ടത് ഓരോരുത്തരെയും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കാനും ആ ചിന്തകള്‍ നിരന്തരം പങ്കുവെയ്ക്കാനും മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും ത്യാജഗ്രാന്യവിവേചന ബുദ്ധിയോടെ ഉള്‍ക്കൊള്ളാനും പഠിപ്പിക്കലാണ്. ഇതിനെല്ലാം ആദ്യം വേണ്ടത് അവര്‍ക്കുള്ള സാംസ്‌കാരിക ഇടങ്ങള്‍ സൃഷ്ടിക്കലാണ്. അവര്‍ക്ക് അവിടെ തുല്യ പങ്കാളിയുടെ ആദരവും അംഗീകാരവും ഉണ്ടാകണം. അവരുടെ അനുഭവങ്ങളുടേതായ ലളിത ഭാഷയില്‍ സംസാരിക്കാന്‍ കഴിയണം. അതായത് ഓരോരുത്തര്‍ക്കും പറയാനുള്ളത് പറയാനുള്ള അവസരവും സധൈര്യവും പകരണം. അവരുടെ നാവ് ഉയിരെടുക്കുമ്പോള്‍ ചിന്താപ്രക്രിയ ശക്തമാകും. യുക്തിചിന്താപരമായ പ്രക്രിയയിലേക്ക് നിണ്ടുപോകുകയും ചെയ്യും. ധാര്‍മ്മികതയും ഉണരും.
അതുകൊണ്ട് സ്‌നേഹസംഗമം അഥവാ സെക്കുലര്‍ ഡയലോഗില്‍ ആദ്യം വേണ്ടത് എല്ലാ പങ്കാളികള്‍ക്കും തങ്ങളെ കേള്‍ക്കാനാണ് മറ്റെല്ലാവരും ഇരിക്കുന്നത് എന്ന ബോധമാണ്. ഒപ്പം താനും അവരോരുത്തരെയും കേള്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന ധാര്‍മ്മികബോധം ജനിപ്പിക്കലുമാണ്. ഇന്നലെ നടന്ന സ്‌നേഹസംഗമം അതിലേക്കുള്ള ഒരു എളിയ ചുവടുവെപ്പാണ്.
ഇത്തരത്തിലുള്ള 1000 സെക്കുലര്‍ സ്‌നേഹ സംഗമങ്ങള്‍ ജില്ലയില്‍ നടത്തണമെന്നാണ് തൃശൂര്‍ ജില്ല സെക്കുലര്‍ ഫോറം തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യം 2023ല്‍ തൃശൂരില്‍ ചെയ്തിരുന്നെങ്കില്‍ സംഘികള്‍ ലോക സഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യില്ലായിരുന്നു. 2026 ല്‍ തിരഞ്ഞെടുപ്പില്‍ ഇതിലും വലിയ ദുരന്തങ്ങളും അപമാനങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം സംഗമങ്ങള്‍ ആവശ്യമാണ്.

ഫോട്ടോ: സ്‌നേഹസംഗമത്തില്‍ പങ്കെടുത്തവര്‍

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message