ഞാന്‍ മരിക്കുമ്പോള്‍
അരുന്ധതി മധുമേഘ
ഞാന്‍ മരിക്കുമ്പോള്‍,
എന്റെ ഹൃദയത്തിനുള്ളില്‍
പട്ടു പോകുന്നത്
ചുവന്ന പൂക്കളല്ല
പച്ച മണ്ണിന്റെ നനവുള്ള
കാട്ടുനെല്‍ച്ചെടികളായിരിക്കാം.
എന്റെ മണം,
ഞാന്‍ ഈ ഭൂമിയിലെ
വെറും മണ്ണില്‍ ഉപേക്ഷിക്കും
ആ…മണം
പൂക്കളിലും പൂങ്കാറ്റിലും
തിരഞ്ഞിട്ട് കാര്യമില്ല
ഒരുപക്ഷേ,
പൂഴി മണ്ണിലെ പച്ചപുല്ലിന്റെ ഉള്ളിലായിരിക്കും.
എന്റെ കണ്‍വെളിച്ചവും
ഞാനിവിടെ അടര്‍ത്തിയിടും
തീ പടര്‍ത്തുന്ന സൂര്യനിലേക്കല്ല
രാത്രിയുടെ നിലാവെട്ടത്തില്‍.
എന്റെ ഹൃദയതാളത്തിന്റെ
കടുംതുടികള്‍
മഴക്കാറ്റിനൊപ്പം വരുന്ന
മിന്നല്‍പ്പിണരുകള്‍ക്ക് നല്കും
എന്റെ സ്വപ്നങ്ങളൊക്കെ
സ്വതന്ത്രമായി പറത്തിവിടും
മിന്നാമിനുങ്ങുകളായി
ഉയര്‍ന്നുപൊങ്ങി
നക്ഷത്രങ്ങളില്‍ ഒട്ടിച്ചേര്‍ന്ന്
മിന്നി നില്‍ക്കും
പിന്നീട്,
യുഗങ്ങള്‍ക്കും അപ്പുറത്തേക്ക്
പറന്നു പോയേക്കാം
ഇപ്പുറത്തേക്ക്
കടക്കാനാവാത്ത വിധം.
പക്ഷെ, എന്റെ വിപ്ലവം
തീ തുപ്പുന്ന അഗ്‌നിപര്‍വ്വതങ്ങളായി പുകഞ്ഞു നില്‍ക്കും
ബോബ്മാര്‍ലിയുടെ, പീറ്റര്‍ടോഷിന്റെ
അഗ്‌നിലാവയൊഴുകുന്ന ഗാനങ്ങളില്‍
കലാപത്തിന്റെ തീ നദിയായ്
എരിഞ്ഞൊഴുകും
എന്റെ തലച്ചോറില്‍ മിടിക്കുന്ന
അറിവുകള്‍, ചിന്തകള്‍,
ഓര്‍മ്മ ചിത്രങ്ങള്‍ !
പുഴുവില്‍ നിന്ന് പൂമ്പാറ്റകളായി
പറന്നു നടക്കും
ചരിത്രമുറങ്ങുന്ന ഭൂമികയിലൂടെ
ചിലപ്പോള്‍,
ബുദ്ധന്റെ ആട്ടിന്‍കുട്ടിയായി
ബോധിവൃക്ഷത്തിന്റെ
പച്ചില തേടി പോയേക്കാം
എന്റെ ആത്മാവിന്റെ ചൂട്
ഗ്രീഷ്മം പൊള്ളിക്കുന്ന വെയിലേക്ക്
ഞാന്‍ ഊര്‍ത്തിയിടും
പിന്നെ,
ശൈത്യത്തിന്റെ
കൊടും തണുപ്പെടുത്ത്
പുതച്ചുമൂടും
ഞാന്‍ മരിക്കുമ്പോള്‍
എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ വര്‍ഷകാലത്തെ പെരുമഴയത്ത്
ഒഴുകിയിറങ്ങിയ നദിയാകും
ആ..നദിയില്‍
എന്റെ കണ്ണുനീരിനെ കോരിയെടുക്കുവാനാവില്ല
അത്..എപ്പോഴേ
സമുദ്രത്തെ ഉപ്പുകടലാക്കി.
പാല്‍ നിലാവിലേക്ക്
എന്റെ മുലപ്പാല്‍ ചുരന്നൊഴുകും
അത്,
താരാട്ട് പാട്ടില്‍ പതഞ്ഞൊഴുകിക്കൊണ്ടിരിക്കും
എന്റെ നിശബ്ദത സ്മശാനങ്ങളില്‍ ചുറ്റിത്തിരിയും
എന്റെ വേദനകള്‍
കത്തുന്ന അടുപ്പിന്റെ
തീനാളങ്ങളില്‍ ചുരണ്ടിയിടും.
വിലാസമില്ലാത്ത
എന്റെ വിശ്വാസത്തിന്റെ കണ്ണുകള്‍
ചൂഴ്‌ന്നെടുത്ത്,
മീനാരങ്ങള്‍ക്കും ഗോപുരങ്ങള്‍ക്കും
മീതെ,
ആകാശവിതാനത്തിന്റെ ഇടയില്‍
പിരമിഡിന്റെ മുകളിലായി,
ലോകത്തിലേക്ക് തുറന്നു വയ്ക്കും.
എന്റെ സംഗീതം,
മഴക്കിളികളുടെ ചിലമ്പലില്‍,
ബിഥോവന്റെ കൈവിരലില്‍
ഒളിപ്പിച്ചു വെക്കും.
എന്റെ തേങ്ങല്‍,
വേഴാമ്പലിന്റെ മുഴക്കത്തിലും.
എന്റെ ശബ്ദം,
കലമ്പുന്ന കാക്കക്കൂട്ടത്തിലും
എന്നാല്‍,
എന്റെ ഉന്മാദ നൃത്തച്ചുവടുകള്‍
നിലത്തൂന്നിയ ഒറ്റവിരലിന്റെ പ്രാണനില്‍
സൂഫി സംഗീതത്തോടൊപ്പം
ഒരേ ദിശയില്‍ കറങ്ങികൊണ്ടേയിരിക്കും
എന്റെ വാക്കുകള്‍
കാരമുള്ളുകള്‍ നിറഞ്ഞ ഉള്‍പ്പടര്‍പ്പ്
അതിലൂടെ നടന്നു പോയവര്‍ക്ക്
ഹൃദയത്തില്‍ മുള്ളുകള്‍ തറച്ച്
വേദനിച്ചിട്ടുണ്ടാകാം.
അതെല്ലാം ഇനി
എങ്ങനെ പറിച്ചെടുത്ത്
എവിടെ കുഴിച്ചുമൂടും
വരണ്ടു പോയ
എന്റെ നിറപ്പകര്‍ച്ചകള്‍
ക്ലാവ് പിടിച്ച ത്രൃസന്ധ്യകള്‍ക്ക്
പകര്‍ന്നു കൊടുക്കും
പക്ഷേ,
എന്റെ കണ്ണിലെ കൃഷ്ണമണിയുടെ
നിറം മാത്രം,
നിഴല്‍ വിരിക്കാന്‍ മറന്നുപോയ,
മുഴുത്തിങ്കളില്ലാത്ത
കറു കറുത്ത രാത്രിക്ക് കൊടുക്കും
അത്..ചിലപ്പോള്‍,
പിഴിഞ്ഞ മുന്തിരിച്ചാറില്‍ കലര്‍ന്ന്
കറുത്ത കുഞ്ഞുങ്ങളുടെ
കണ്മണിയില്‍ ഊറിയുറഞ്ഞേക്കാം
എന്റെ കടും ചോര,
ഉതിര്‍ന്ന മാതളയല്ലികളായി
ചിതറിക്കിടക്കും
അതിനെ ഞെരിക്കുമ്പോള്‍
തെറിച്ചു വീഴുന്ന രക്തത്തുള്ളികള്‍
ചുവന്ന റോസാപ്പൂക്കളായേക്കാം.
ശേഷിക്കുന്ന..
അസ്ഥികള്‍ പൂത്ത്
മരങ്ങളായി പുനര്‍ജനിക്കുമ്പോള്‍
എന്റെ ജീവനാഡികള്‍
ചുറ്റിവരിഞ്ഞ വള്ളികളായി
അതിനെ പുണര്‍ന്ന് നില്‍ക്കുന്നുണ്ടാവാം.
എന്റെ കവിതയുടെ ഉറവക്കണ്ണുകള്‍
അമ്‌ള ഭാഷയുടെ വഴുക്കലില്‍
വക്കു പൊട്ടി എന്നേ മുറിഞ്ഞു പോയി
എങ്കിലും എന്റെ ഉന്മാദം..
ഖവ്വാലിയുടെ താളത്തില്‍
എന്റെ ആനന്ദം,,
ഗസലിന്റെ ലഹരിയില്‍ നുരഞ്ഞ്
രാക്കിളികളുടെ പാട്ടില്‍ നേര്‍ത്ത്
രാ മണം വീശുന്നുണ്ടാവാം.
എന്നാല്‍,
സങ്കടം കുടഞ്ഞു കളഞ്ഞ
എന്റെ മനസ്സ്
മഴക്കാറ് കണ്ട് ചുവടുവെക്കാറുള്ള
മയില്‍പ്പക്ഷികള്‍ക്കേ…കൊടുക്കൂ
വല്ലപ്പോഴെങ്കിലും,
ആനന്ദത്തോടെ നൃത്തം ചെയ്യട്ടെ.
പ്രണയമേ…. നിന്നെ ഞാന്‍,
ചെവി അറുത്ത്,
കരള്‍ മുറിച്ചു കൊടുത്തു കഴിഞ്ഞതല്ലേ
എന്നാലും,
ഇനിയും ബാക്കിയാകുന്ന
എന്റെ തുടിക്കുന്ന
സ്‌നേഹത്തിന്റെ തീകനല്‍!
എങ്ങനെ
പകുത്ത് വെച്ച്
പോകണം?
