India NewsKerala NewsnewsPolitics

ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകും

ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകും എന്ന് ഇക്കാലത്ത് ഒരു ഭരണാധികാരിക്കോ സാമൂഹികപ്രവര്‍ത്തകനോ പറയാനാവുമോ? എളുപ്പമല്ല. കാരണം, അത്രമേല്‍ ജാതിബ്രാഹ്‌മണ്യം നമ്മുടെ രാഷ്ട്രീയ സാംസ്‌കാരികമേഖലയെ നിയന്ത്രിക്കുന്നുണ്ട് എന്നതാണ്. എന്നാല്‍ ഇത്രയൊന്നും വികസിതമല്ലാത്ത ഒരു കാലത്ത് അങ്ങനെ ഒരു പ്രസ്താവന നടത്തിയ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍. അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന് മെയ് 23. വിപ്ലവകാരിയായിരുന്ന സി. കേശവനെ സാംസ്‌കാരികപ്രവര്‍ത്തകനായ ഫെലിക്‌സ് പുല്ലൂടന്‍ സ്മരിക്കുന്നു.


ഫെലിക്‌സ് പുല്ലൂടന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരള നവോത്ഥാനത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മുന്‍ തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ സ്മൃതിദിനമാണിന്ന്.കളങ്കമില്ലാത്ത രാഷ്ട്രീയ-സാമഹിക ജീവിതത്തിന്റെഅപൂര്‍വമാതൃകകളിലൊളായിരുന്നു സി. കേശവന്‍. കൈവെച്ച രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ. ഒരു കാലഘട്ടത്തിന്റെ ധീരതയും മലയാള നാടിന്റെ മനസ്സാക്ഷിയുമായിരുന്നു അദ്ദേഹം. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ സാമൂഹികദര്‍ശനവും ഡോ. പി. പല്‍പ്പുവിന്റെ സമരോത്മുഖതയും സ്വന്തം യുക്തിഭദ്ര ജീവിതവീക്ഷണവും ചേര്‍ന്ന ഒരസാധാരണ വ്യക്തിത്വത്തിനുടമയാണ് സി. കേശവന്‍. മനുഷ്യ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് അന്ധവിശ്വാസങ്ങളും മതപരമായ അനാചാരങ്ങളുമാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ദൈവതുല്യനാക്കുന്നത് ഗുരുവിനെത്തന്നെ നിന്ദിക്കുന്നതിനും ഗുരുവിന്റെ ദര്‍ശനങ്ങളെ തള്ളിപ്പറയുന്നതിനും തുല്യമാണെന്ന് ശക്തമായി വാദിച്ച വ്യക്തിയാണ്.
സി.പി. രാമസ്വാമിയുടെ ജാതി വിവേചനപരവും ജനാധിപത്യ വിരുദ്ധവുമായ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പടവാളായി പൊരുതിയ നേതാവാണ് സി. കേശവന്‍. ദിവാന്റെ സ്വേച്ഛാധിപത്യത്തിനെതിരേ സന്ധിയില്ലാ സമരം നയിച്ച ജനകീയ യോദ്ധാവെന്ന നിലയില്‍ ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലദ്ദേഹം വലിയ സ്ഥാനത്തിനുടമയാണ്. ജാതി വിവേചനം പോലുള്ള സാമൂഹിക അസമത്വത്തെ ദേശീയതലത്തില്‍ത്തന്നെ പരിഗണിക്കേണ്ടതാണെന്നദ്ദേഹം വാദിച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ പ്രാദേശികമായി പരിഗണിക്കുന്ന രീതിയെ അദ്ദേഹം നിശിതമായി ചോദ്യം ചെയ്തു
നവോത്ഥാനമുന്നേറ്റം കേരളത്തിന് നല്‍കിയ വിശിഷ്ടമായ സംഭാവനയാണ് സി. കേശവന്‍. ഒരു തുറന്ന പുസ്തകമായ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതം തലമുറകള്‍ക്കൊരു പാഠപുസ്തകമാണ്.
ഒരു നിരീശ്വരവാദിയായിരുന്ന സി. കേശവനെ ശ്രീനാരായണ ഗുരുവിന്റെ പ്രബോധനങ്ങള്‍ക്കൊപ്പം ഗാന്ധിജിയുടെയും കാള്‍ മാര്‍ക്‌സിന്റെയും ചിന്തകളും സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ തീണ്ടലും തൊടീലും തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്‌നിച്ചു. എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നിസ്സഹകരണ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചുവെന്ന കുറ്റത്തിന് 1935 ജൂലൈ 7-നാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന്. അന്ന് രണ്ട് വര്‍ഷത്തേക്ക് തടവിലടയ്ക്കപ്പെടുകയും ചെയ്തു. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും നിഷേധിച്ചു സവര്‍ണമേല്‍ക്കോയ്മാ ഭരണം കാഴ്ചവെച്ച ദിവാനെതിരെ സര്‍ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന പ്രയോഗത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
മലയാളി മെമ്മോറിയലിനും ഈഴവ മെമ്മോറിയലിനും പതിറ്റാണ്ടുകള്‍ക്കു ശേഷവും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഈഴവ – ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങള്‍ക്കു അര്‍ഹമായ അംഗീകാരവും പ്രവേശനവും ബോധപൂര്‍വം നിഷേധിച്ചതായിരുന്നു നിവര്‍ത്തന പ്രക്ഷോഭണത്തിനു വഴി മരുന്നിട്ട ശക്തമായ കാരണങ്ങളിലൊന്ന്. 1932-ല്‍ പ്രഖ്യാപിച്ച പുതിയ ഭരണപരിഷ്‌ക്കാരം, ഭൂമിയുടെ കുത്തകാവകാശം കയ്യടക്കിയിരുന്നവരില്‍ നിന്ന് ഇതരരിലേക്കും കൈവശാവകാശം മാറിയെങ്കിലും അവരുടെ ഭൂമിയുടെയും കരം കെട്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതും ശക്തമായ എതിര്‍പ്പുകള്‍ക്ക് കാരണമായി. പാരമ്പര്യത്തിലധിഷ്ഠിതമായ 1932-ലെ ഭരണപരിഷ്‌കാരത്തെ നിരാകരിച്ചുകൊണ്ടും ഈഴവ – ക്രൈസ്തവ- മുസ്ലീം സമുദായങ്ങള്‍ ശക്തമായ ഒരു പ്രക്ഷോഭണത്തിനു രൂപം നല്കി. അതിനായവര്‍ ഒരു ‘സംയുക്ത രാഷ്ട്രീയസമിതി’ രൂപവത്കരിച്ചു. ആ മുന്നേറ്റത്തിന് നടുനായകത്വം വഹിച്ചത് സി കേശവനായിരുന്നു.
1938-ല്‍ സി. കേശവന്‍, ടി.എം. വര്‍ഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിലും അദ്ദേഹം ഒരുവര്‍ഷത്തേയ്ക്ക് ജയില്‍വാസം അനുഭവിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്ക് മത്സരിച്ച അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ വന്ന പ്രഥമ മന്ത്രിസഭയിലെ അംഗമായെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുടെപേരില്‍ ഏതാനും മാസങ്ങള്‍ക്കകം അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. പിന്നീട് 1949 ജൂലൈ 01 ന് രൂപംകൊണ്ട തിരുക്കൊച്ചി സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1969 മെയ് 7 ന് തന്റെ 78ാം വയസ്സിലാണ് ആ മഹാപ്രതിഭ ഈ ഭൂമിയോട് യാത്ര പറഞ്ഞത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message