വേടനെതിരേ എന്‍.ഐ.എയ്ക്ക് പരാതി
റാപ്പര്‍ വേടനെതിരേ എന്‍.ഐ.എയ്ക്ക് പരാതി നല്‍കി. പാലക്കാട് നഗരസഭയിലെ ബി ജെ പി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ട്. പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നതാണ് പരാതിക്ക് കാരണമെന്നു പറയുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 5 വര്‍ഷം മുമ്പുള്ള പാട്ടിലാണ് വേടനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പാലക്കാട് നടന്ന വേടന്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ന?ഗരസഭ രം?ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എന്‍ഐഎക്കും പരാതി നല്‍കിയിരിക്കുന്നത്. വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന വേടന്റെ ആദ്യകാല പാട്ടിനെതിരെയാണ് മിനി എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ഇയാളെന്നും പരാതിയില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയെ കപടദേശീയ വാദിയാണെന്ന് പറയുന്നു. മറ്റു രാജ്യങ്ങളിലാണെങ്കില്‍ ഇത് സമ്മതിക്കുമോ എന്നും മിനി പരാതിയില്‍ ചോദിക്കുന്നുണ്ട്.
കലാകാരന്‍ ഇന്‍ഫ്‌ലുവന്‍സറാണ്. ആ സമൂഹത്തെ സ്വാധീനിക്കാന്‍ കലാകാരന് കഴിയും. ലക്ഷക്കണക്കിന് പേര്‍ പാട്ട് ആസ്വദിക്കാനെത്തുമ്പോള്‍ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തില്‍ സന്ദേശം നല്‍കുക എന്നിവയൊന്നും ശരിയായ രീതിയല്ലെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു. എല്ലാ ജാതി വ്യവസ്ഥകള്‍ക്കും അര്‍ഹിക്കുന്ന പരി?ഗണന നല്‍കുന്നുണ്ട്. ഇത്തരത്തിലും ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും മിനി പറഞ്ഞു.
പാലക്കാട് നടന്ന വേടന്റെ ഷോ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. നേരത്തെ കഞ്ചാവ്, പുലിപ്പല്ലു കേസുകളില്‍ കുടുക്കാന്‍ കഴിയാത്തതില്‍ നിരാശരായവര്‍ തന്നെയാണ് പരാതിക്കു പിന്നില്‍. ബ്രാഹ്‌മണിക് ജാതിബോധത്തെയും അധികാരവ്യവസ്ഥയെയും മുള്‍മുനയില്‍ നിര്‍ത്തുന്ന വേടനെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം തെറിയഭിഷേകം നടത്തുന്നതിന്റെ തുടര്‍ച്ചയായി സംഘപരിവാര്‍ നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. വേടനെതിരേ ഏറ്റവും വൃത്തികെട്ട ഭാഷയിലാണവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. വിദേശഫണ്ട് വാങ്ങുന്നുവെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിയിരുന്നു. അതേസമയം കവിതയുടെ പേരില്‍ നല്‍കിയ പരാതിയില്‍ എന്തു നടപടിയെടുക്കുമെന്നു കാത്തിരിക്കുകയാണ് ജനാധിപത്യകേരളം.
