വേടന്‍: സനാതനവര്‍ണ്ണവാദികള്‍ കുരച്ചിട്ട് കാര്യമില്ല
അശോകന്‍ ചരുവില്‍
സനാതനവര്‍ണ്ണവ്യവസ്ഥയെ ധിക്കരിച്ചുകൊണ്ട് അവര്‍ണ്ണര്‍ സര്‍ഗ്ഗാത്മകമായി മുന്നിലേക്ക് വരുന്നതിന്റെ അസ്വസ്ഥതയാണ് റാപ്പ് ഗായകന്‍ വേടനെതിരായ നവബ്രാഹ്‌മണിസ്റ്റ് നീക്കങ്ങളില്‍ പ്രതിഫലിക്കുന്നത്. സ്ത്രീ മുന്നിലേക്ക് വരുന്നതിനോടുള്ള അവരുടെ രോഷം കുറേ കാലമായി നിലവിലുണ്ട്.
കീഴാളരാക്കി മാറ്റിനിറുത്തപ്പെട്ട ദളിത്, പിന്നാക്കജനത അവരുടെ വര്‍ണ്ണവ്യവസ്ഥയില്‍ ഉള്‍പ്പെടുന്നില്ല. അതുകൊണ്ടാണ് ‘അവര്‍ണ്ണര്‍’ എന്നു പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ചാതുര്‍വര്‍ണ്ണ്യത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും, മനുഷ്യര്‍ എന്ന പരിഗണന നല്‍കുന്നില്ലെങ്കിലും അവര്‍ണ്ണര്‍ എങ്ങനെ ജീവിക്കണം, എന്തു കഴിക്കണം, ഏതു പാട്ടുപാടണം എന്നതിനൊക്കെ വ്യവസ്ഥയുടെ പുരോഹിതന്മാര്‍ നിയമമുണ്ടാക്കിയിട്ടുണ്ട്. തടവുകാരുടെ ജീവിതം ജയിലധികൃതര്‍ ക്രമീകരിക്കുന്നതുപോലെ. ഒരു അവര്‍ണ്ണന്റെ കുറ്റം അവന്റെ ജന്മത്തോടെ ആരംഭിക്കുന്നു. ‘നീചയോനി’ എന്നാണ് ക്രൂരമായ പ്രയോഗം. ജന്മംകൊണ്ടുള്ള ഈ കുറ്റത്തെ സ്മൃതികളേയും സമുച്ചയ – സൂത്രങ്ങളേയും മുന്‍നിര്‍ത്തി ഏറ്റവും ലളിതമായി വിവരിച്ചത് വൈക്കം മഹാദേവക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന ഇണ്ടന്‍തുരുത്തി നമ്പൂതിരിയാണ്. അദ്ദേഹം അന്ന് മഹാത്മജിയോട് പറഞ്ഞു:
‘പൂര്‍വ്വജന്മത്തില്‍ പാപം ചെയ്തവരാണ് ഈ ജന്മത്തില്‍ ചണ്ഡാളരായി ജനിക്കുന്നത്.’
പൂര്‍വ്വജന്മത്തില്‍ പാപം ചെയ്തതിന്റെ ഭാഗമായി ശിക്ഷവിധിച്ച് ദൈവം ഭൂമിയിലേക്കയച്ചവര്‍ക്ക് ഇങ്ങനെ ഉച്ചത്തില്‍ പാടി ജനങ്ങളുടെ ഹൃദയത്തിലെ ആവേശക്കടലാകാമോ എന്നാണ് നവബ്രാഹ്‌മണിസത്തിന്റെ വിഷനാക്കുകള്‍ ചോദിക്കുന്നത്.
പക്ഷേ ഈ മതരാഷ്ട്രീയ ഭീകരവിഷജീവികള്‍ അറിയാത്ത ഒരു സത്യമുണ്ട്. കാലങ്ങളായി അദ്ധ്വാനിച്ച് മനുഷ്യവംശത്തെ സംരക്ഷിച്ചര്‍ തന്നെയാണ് കലയുടേയും സംഗീതത്തിന്റേയും ഭാഷയുടേയും സൃഷ്ടാക്കള്‍. ലോകപ്രശസ്തമായ ഏതു കലാരൂപമെടുത്താലും അതില്‍ വിയര്‍ത്തു ജീവിച്ചവരുടെ വിരല്‍പ്പാട് കാണും. ഒരുപക്ഷേ നൂറോ അഞ്ഞൂറോ കൊല്ലത്തെ മാത്രം ചരിത്രമുള്ള നിങ്ങളുടെ എഴുത്തുകലയില്‍ (സാഹിത്യത്തിന്‍) ദളിതര്‍ മുന്നിലെത്തിയിട്ടുണ്ടാവില്ല. പക്ഷേ ആയിരക്കണക്കിനു വര്‍ഷത്തെ ചരിത്രമുള്ള സംഗീത, നൃത്ത, ചിത്ര, ശില്‍പ്പവിദ്യകളിലും ആധുനികമായ സിനിമ പോലുള്ള കലകളിലും അവര്‍ എന്നും മുന്നില്‍ തന്നെയാണെന്ന് ഓര്‍ക്കണം.
‘നായാട്ടുകാരുടെ കൊലവിളി കേള്‍ക്കുമ്പോഴാണല്ലോ നമുക്ക് നമ്മുടെ കൊമ്പുകളെക്കുറിച്ച് ഓര്‍മ്മവരിക’ എന്ന് സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. സവര്‍ണ്ണ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടന്നാക്രമണം അവര്‍ണ്ണ, ദളിത് സമൂഹങ്ങളെ സാംസ്‌കാരികമായി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. കലകള്‍ പിറന്ന വിളഭൂമികളുടെ ഉര്‍വ്വരതയും ഊര്‍ജ്ജവും അവന്റെ രക്തത്തിലൂടെ പ്രവഹിക്കും. നവബ്രാഹ്‌മണിസ്റ്റ് വാഴ്ചക്കെതിരായ പ്രതിരോധമാണ് വേടന്‍ എന്ന മഹാഗായകനെ സൃഷ്ടിച്ചത്.
സനാതനവര്‍ണ്ണവാദികള്‍ കുരച്ചിട്ടു കാര്യമില്ല.
(അശോകന്‍ ചരുവില്‍ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)
