Culture & HistoryIndia NewsPolitics

സമാനതകളില്ലാത്ത പോരാട്ടത്തിന്റെ മാതൃക

അനിരുദ്ധ് രാഘവന്‍

ജൂണ്‍ 9 സ്വാതന്ത്ര്യ സമര പോരാളി, ഗോത്രവര്‍ഗക്കാരുടെ വീരനായകന്‍ ബിര്‍സാ മുണ്ടയുടെ രക്തസാക്ഷി ദിനം. ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ ഝാര്‍ഘണ്ടിലെ വനാന്തരങ്ങളില്‍ മുണ്ടാ ഗോത്രവര്‍ഗക്കാരുടെ ഒളിപ്പോര്‍ സംഘങ്ങള്‍ക്ക് രൂപം നല്‍കി ബ്രിട്ടീഷ് രാജിനെതിരെ സായുധ പോരാട്ടം നടത്തിയ വിപ്‌ളവകാരിയും ആത്മീയ നേതാവുമായിരുന്നു ബിര്‍സാ മുണ്ട. ബ്രിട്ടീഷ് സര്‍വാധിപത്യത്തിനെതിരെ വിമോചന സമരം (ഉല്‍ഗുലാന്‍) പ്രഖ്യാപിച്ച ബിര്‍സാ മുണ്ട ആദിവാസി ജനതയുടെ പൈതൃകവും വിശ്വാസ പ്രമാണങ്ങളും ആവാസ വ്യവസ്ഥയും സംരക്ഷിക്കാന്‍ ജീവിതാവസാനം വരെ പോരാടിയ ധീരനായ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു. 1874 നവംബര്‍ 15 ന് ഝാര്‍ഘണ്ടിലെ ഉലിഗതുവിലായിരുന്നു ബിര്‍സ മുണ്ട എന്ന വീരനായകന്റെ ജനനം.
ക്രിസ്ത്യന്‍ മിഷണറിമാര്‍ ഝാര്‍ഘണ്ടിലെ ഗോത്രവിഭാഗക്കാരെ കൂട്ടത്തോടെ മതം മാറ്റി കൊണ്ടിരുന്ന കാലലട്ടമായിരുന്നതിനാല്‍ നന്നെ ചെറുപ്രായത്തില്‍ തന്നെ ബിര്‍സാമുണ്ടക്കും മതം മാറേണ്ടി വന്നു. പ്രധാനമായും അക്ഷരാഭ്യാസം നേടുന്നതിനു വേണ്ടിയായിരുന്നത്രെ ഈ മതം മാറ്റം. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് ശേഷം ബിര്‍സാ മുണ്ട ക്രിസ്തുമതം ഉപേക്ഷിക്കുകയും സ്വന്തം ഗോത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസ പ്രമാണങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ക്കൊപ്പം കുടിയേറ്റക്കാരും സെമീന്ദാര്‍മാരും ഗോത്ര വിഭാഗങ്ങളുടെ ആവാസ മേഖലകളിലേക്ക് കടന്നു കയറി അവരുടെ ഭൂമിയും വിഭവങ്ങളും കവര്‍ന്നെടുത്ത് ഗോത്ര വിഭാഗങ്ങളെ അവരുടെ അതിജീവന മേഖലകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. 1886-1890 കാലഘട്ടത്തില്‍ ഝാര്‍ഘണ്ടിലെ ചൈബാസ കേന്ദ്രീകരിച്ചു കൊണ്ട് ബിര്‍സാ മുണ്ട ഗോത്ര വിഭാഗങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.ഇതോടെപ്പം ഗോത്ര വിഭാഗങ്ങളുടെ ആഭ്യന്തര നവീകരണത്തിനും അദ്ദേഹം തുടക്കം കുറിച്ചു. ‘ബ്രിട്ടീഷ് രാജ്ഞിയുടെ സാമ്രാജ്യം തകരട്ടെ, നമ്മുടെ സാമ്രാജ്യം ഉയരട്ടെ’ എന്ന ബിര്‍സാ മുണ്ടയുടെ ആഹ്വാനം ഝാര്‍ഘണ്ടിലെ ഗോത്രമേഖലകളില്‍ അലയടിച്ചു. ഉല്‍ഗുലാന്‍ എന്ന പേരില്‍ അറിയപ്പെട്ട ബിര്‍സാ മുണ്ടയുടെ വിമോചന പോരാട്ടം ബ്രിട്ടീഷ് രാജിനെതിരെ പൊട്ടിപ്പുറപ്പെട്ട ആദ്യകാല ഒളിപ്പോര്‍ സായുധ പോരാട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. ഒളിപ്പോര്‍ പോരാളികള്‍ നടത്തിയ ആക്രമണത്തിന്റെ ഫലമായി പല മേഖലകളില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിന് പിന്മാറേണ്ടി വന്നു. 1900 മാര്‍ച്ച് 3- ന് ബിര്‍സാ മുണ്ടയെ അറസ്റ്റ് ചെയ്തു റാഞ്ചി ജയിലിലടച്ചു. ജൂണ്‍ 9-ന്, ഇരുപത്തിയഞ്ചാം വയസ്സില്‍ ആ ധീര സ്വതന്ത്ര്യ സമര പോരാളി രക്തസാക്ഷിയായി. ബിര്‍സാ മുണ്ടാ രക്തസാക്ഷിയായെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ പില്ക്കാലത്ത് ഫലം കാണുക തന്നെ ചെയ്തു. 1908-ല്‍ നിലവില്‍ വന്ന ഛോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്ട് ആയിരുന്നു ഇതില്‍ പ്രധാനം. ഇതിന്‍ പ്രകാരം ആദിവാസികളുടെ ഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് കൈമാറ്റം ചെയ്യുന്നത് വിലക്കപ്പെട്ടു. 1989 ഒക്ടോബര്‍ 16-ന് ബിര്‍സാ മുണ്ട എന്ന ധീര രക്തസാക്ഷിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ അനാച്ഛാദനം ചെയ്യപ്പെട്ടു. 2000 നവംബര്‍ 15-ന് ഝാര്‍ലണ്ട് സംസ്ഥനവും നിലവില്‍ വന്നു. ആ ധീര ദേശാഭിമാനിയോടുള്ള ആദരസൂചകമായി ബിര്‍സാ മുണ്ട എയര്‍ പോര്‍ട്ട് (റാഞ്ചി), ബിര്‍സ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (സിഡ്രി), ബിര്‍സാ കോളജ്, ബിര്‍സാ മുണ്ടാ ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവയും സ്ഥാപിതമായി. ഇതിഹാസ നായകന്റെ സംഭവബഹുലമായ ജീവിത കഥയെ ആസ്പദമാക്കി ഹിന്ദിയില്‍ രണ്ടു സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മഹാശ്വേത്വാ ദേവിയുടെ ‘ആരണ്യര്‍ അധികാര്‍” എന്ന ചരിത്ര നോവല്‍ ,ബ്രിട്ടീഷ് രാജിനെതിരെ ബിര്‍സാ മുണ്ട നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ ലിഖിതാവിഷ്‌കാരമാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബിര്‍സാ മുണ്ട ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടങ്ങളെ നമുക്ക് അനുസ്മരിക്കാം. സ്മരണാഞ്ജലികള്‍ .

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message