മിതവാദി സി. കൃഷ്ണന്‍: ആധുനികകേരളം മറക്കാന്‍ പാടില്ലാത്ത വിപ്ലവകാരി
കേരളത്തിലെ ആദ്യ നവ ബുദ്ധമതപ്രസ്ഥാനത്തിന്റെ തുടക്കക്കാരനും നവഥോനനായകരില്‍ പ്രമുഖനുമായ മിതവാദി സി. കൃഷ്ണന്റെ ജന്മദിനമാണ് ജൂണ്‍ 11. ആധുനികകേരളം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക നേതൃത്വമായിരുന്ന സഹോദരന്‍ അയ്യപ്പനുമായി ചേര്‍ന്ന് 1920കളില്‍ നവബുദ്ധമത വാദത്തിനു തിടക്കമിട്ട സാമൂഹിക വിപ്ലവകാരിയെ നാം മറന്നു. ജാതിപ്പിശാചിനെ തോല്‍പ്പിക്കാനായിട്ടാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്. ഇക്കാര്യം എസ്.എന്‍.ഡി.പി. യുടെ വാര്‍ഷിക യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. കോഴിക്കോട് കടപ്പുറത്തിനടുത്ത് കസ്റ്റംസ് റോഡില്‍ വിഹാരവും തീര്‍ത്തു. ഇന്നും അതവിടെയുണ്ട്. മിതവാദി സി. കൃഷ്ണന്‍ എന്ന ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്റെ വീട്ടിലാണ് കേരളത്തിലെ ആദ്യത്തെ യുക്തിവാദി സമ്മേളനം നടക്കുന്നത്. വൈക്കം സത്യഗ്രഹത്തിനു ഏഴുവര്‍ഷം മുമ്പ് ക്ഷേത്രപ്രവേശനനിരോധം ലംഘിച്ച് ചരിത്രവും അദ്ദേഹത്തിനുണ്ട്. മഞ്ചേരി രാമയ്യരുമായി ചേര്‍ന്നു നടത്തിയ 1917 ലെ കോഴിക്കോട് തളി അമ്പലവഴിയിലൂടെ അവര്‍ണര്‍ക്കുള്ള ജാതിവിലക്കു ലംഘിച്ച് സ്വന്തം കുതിരവണ്ടിയില്‍ സഞ്ചരിച്ചതാണ് ആ ചരിത്രം.
അധ:സ്ഥിതരുടെ ബൈബിള്‍ എന്നറിയപ്പെട്ടിരുന്ന മിതവാദി പത്രത്തിന്റെ പത്രാധിപരായതോടെയാണ് അദ്ദേഹം മിതവാദി സി. കൃഷ്ണന്‍ എന്ന അറിയപ്പെടാന്‍ തുടങ്ങിയത്. മൂര്‍ക്കോത്ത് കുമാരന്‍ മാസികയായി ആരംഭിച്ച മിതവാദിയെ സി. കൃഷ്ണന്‍ 1913-ല്‍ ഏറ്റെടുത്തു. സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും രചനകളും അതില്‍ അവതരിപ്പിക്കുകയും അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തിരുന്ന മാസികയായിരുന്നു മിതവാദി. ‘സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ബൈബിള്‍’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കേരളത്തിലേ നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഡോ. അയ്യത്താന്‍ ഗോപാലന്‍ ആയിരുന്നു മിതവാദി ഏറ്റെടുത്ത് ഇത് ഒരു പത്രമായി തുടങ്ങാന്‍ സി. കൃഷ്ണനു പ്രേരണയും ഉപദേശവും നല്‍കിയത്. മിതവാദി സി. കൃഷ്ണന്‍ ഡോ. അയ്യത്താന്‍ ഗോപാലന്റെയും ബ്രഹ്‌മസമാജത്തിന്റെയും അനുയായിയായിരുന്നു. ഗോപാലനോടൊപ്പം സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു. കോഴിക്കോട് ബ്രഹ്‌മസമാജത്തിന്റെ സെക്രട്ടറിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് പ്രതിവാര പത്രമായിരുന്ന മിതവാദി, യുദ്ധകാലത്ത് യുദ്ധവാര്‍ത്തകള്‍ കൊണ്ടു നിറച്ച് എല്ലാ ദിവസവും പുറത്തിറക്കി. രണ്ടു പേജുള്ള പത്രത്തിന് കാലണയായിരുന്നു വില. യുക്തിവാദി മാസികയുടെ പത്രാധിപസമിതി അംഗവുമായിരുന്നു. രാമവര്‍മ്മ തമ്പാന്‍, സി.വി. കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, എം.സി. ജോസഫ്, സി. കൃഷ്ണന്‍ എന്നീ അഞ്ചു പേരായിരുന്നു യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗങ്ങള്‍.
കേരള നവോഥാനത്തെ മലബാറിലേക്ക് വികസിപ്പിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരുവിന്റെ വത്സലശിഷ്യനായിരുന്നു. എസ്.എന്‍.ഡി.പിയുടെ നേതാവായിരുന്ന അദ്ദേഹം വടക്കന്‍ മലബാര്‍ ജില്ലയില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. നിരവധി എസ് എന്‍ ഡി പി യോഗം കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുകയും ശിവഗിരിയില്‍ നടന്ന അതിന്റെ 9-ാം വാര്‍ഷിക സമ്മേളനത്തിലും അവിടെ നടന്ന ‘ശാരദ’ ക്ഷേത്രത്തിന്റെ സമര്‍പ്പണ ചടങ്ങിലും അധ്യക്ഷത വഹിക്കുകയും ചെയ്തു. എസ് എന്‍ ഡി പിയുടെ മികച്ച സംഘാടകനും ഫണ്ട് ശേഖരണക്കാരനുമായിരുന്നു അദ്ദേഹം. എല്ലാ ആശ്രമ സ്വത്തുക്കളുടെയും ധര്‍മ്മകര്‍ത്താവായും അദ്ദേഹത്തെ നിയമിച്ചു. വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. 1907-ലാണ് കൃഷ്ണന്‍ കല്ലിങ്കല്‍ മഠം രാരിച്ചന്‍ മൂപ്പനോടൊപ്പം ശ്രീനാരായണ ഗുരുവിനെ മലബാറിലേക്ക് ക്ഷണിച്ചത്. ഗുരു ക്ഷണം സ്വീകരിച്ച് മലബാറിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും മഹാത്മാഗാന്ധിക്കും എതിരായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തെ അംഗീകരിച്ചിരുന്നില്ല. അടിമത്തത്തില്‍ നിന്ന് മോചനം നേടാതെ ഭരിക്കാനുള്ള സ്വാതന്ത്ര്യം അര്‍ത്ഥശൂന്യമാണെന്ന് വിശ്വസിച്ചതിനാലാണ് അദ്ദേഹം ബ്രിട്ടീഷ് ഭരണത്തെ പിന്തുണച്ചത്. മലബാര്‍ കലാപം തടയുന്നതില്‍ ഗാന്ധിജി പരാജയപ്പെട്ടതിന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രം സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഫൂലേയും അംബേദ്കറും ആശാനും ഒക്കെ പലരീതിയില്‍ വിശദമാക്കിയിട്ടുള്ളതുപോലെ അധിനിവേശ ആധുനികതയുടെ ബഹുജനോപകാരപ്രദമായ ഗുണഫലങ്ങളെ പ്രതിരോധിച്ചു കൊണ്ട് ജാതിയുടേയും വര്‍ണത്തിന്റെയും ആയിരത്താണ്ടുകളായി തുടരുന്ന ആന്തരാധിനിവേശത്തെയാണ് മിതവാദിയും എതിര്‍ത്തത്. സാമൂഹ്യ സ്വാതന്ത്ര്യമില്ലാതെ കേവല രാഷ്ട്രീയ സ്വാതന്ത്ര്യം നിരര്‍ഥകമാണെന്ന് മിതവാദിയും പ്രഖ്യാപിച്ചു. ജാതിഹിന്ദുത്വത്തില്‍ നിന്നുള്ള മോചനമാണ് പ്രാഥമികമെന്നും രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം അതിനുശേഷമേ സാര്‍ഥകമാകൂ എന്ന നിലപാടില്‍ അദ്ദേഹം ഫൂലേയേ പോലെ ഇന്ത്യന്‍ ഹൈന്ദവദേശീയവാദത്തെ എതിര്‍ത്തു, കോണ്‍ഗ്രസിനേയും ഗാന്ധിജിയേയും ദേശീയവാദനിലപാടുകളേയും വിമര്‍ശിച്ചു. ഫൂലേയുടേയും അംബേദ്കറുടേയും ദേശീയവാദ വിമര്‍ശത്തെ കുറിച്ചുള്ള ഗോപാല്‍ ഗുരുവിന്റെ്‌റെയും, നാരായണഗുരുവിന്റെയും ആശാന്റേയും ദേശീയവാദ വിമര്‍ശത്തെ കുറിച്ചുള്ള ജെ. രഘുവിന്റെയും ബി. രാജീവന്റെയും പഠനങ്ങള്‍ ഇവിടെ പാഠാന്തര പ്രസക് തിയുണര്‍ത്തുന്നു. വൈദികമായ വര്‍ണാശ്രമധര്‍മത്തിലും ജാതിഹിന്ദുത്വത്തിലും ഊന്നി സമഗ്രാധിപത്യമാകുന്ന വര്‍ത്തമാന സംസ്‌കാരദേശീയവാദ സന്ദര്‍ഭത്തില്‍ മിതവാദിയുടെ ദേശീയവാദവിമര്‍ശം ഏറെ കാലികമാണ്.
സാമൂഹ്യ ഉച്ചനീചത്വത്തിന്റെ ആധാരമായ ജാതിഹിന്ദുത്വത്തിനു പുറത്തുമാത്രമേ മാനവികവും നൈതികവുമായ സാമൂഹ്യ നിര്‍മിതി സാധ്യമാവൂ എന്നതാണ് അദ്ദേഹത്തിന്റെ സമതയോടെയുള്ള ദീര്‍ഘദര്‍ശനം. ഇ. മാധവന്റെ സ്വതന്ത്ര സമുദായത്തിന് 1934 ല്‍ മിതവാദി അവതാരിക എഴുതുന്നത് ഈ സാമൂഹ്യ വിമര്‍ശചിന്തയിലൂന്നിയാണ്. ധാര്‍മികമതദര്‍ശനത്തിന്റെയും തത്വചിന്തയുടേയും തലത്തില്‍ തന്നെ സനാതനമായ വൈദിക വര്‍ണാശ്രമധര്‍മത്തിന്റെ വിമര്‍ശവും വിബേദവുമായ അനിത്യവാദത്തിന്റെ യുകതിയുകതമായ ബുദ്ധചിന്തയിലേക്കദ്ദേഹം വഴിമാറുന്നതിങ്ങനെയാണ്. നവബുദ്ധനെ പോലെ ഹിന്ദുത്വത്തിന്റെ ജാതിനരകത്തില്‍ നിന്നുള്ള പരിപൂര്‍ണ വിടുതി അദ്ദേഹം ആരാഞ്ഞു. അഭിപ്രായ, മത സ്വാതന്ത്യ്രത്തിന്റെയും മാനസാന്തരത്തിന്റെയും വഴികളെ നാണുവാശാനെ പോലെ കാരുണ്യത്തോടെ ഉയര്‍ത്തിപ്പിടിച്ചു. സഹോദര മതങ്ങളിലേക്കും അയല്‍രാജ്യങ്ങളിലേക്കും അന്‍പോടെ ശ്രദ്ധിച്ചു. മാത്രമല്ല തന്റെ ആദര്‍ശമാതൃകയായ ഗുരുവിന്റെ സാമൂഹ്യചിന്തയിലും ബോധനത്തിലും ബുദ്ധവചനങ്ങളുടെ മാനവികവും മതേതരവുമായ ബഹുസ്വരത അദ്ദേഹം ആഴത്തില്‍ തിരിച്ചറിഞ്ഞു. അയ്യോതിതാസരേയും മൂലൂരിനേയും സഹോദരനേയും അംബേദ്കറേയും പോലെ പാലി പഠിക്കാനും പാലി പുസ്തകങ്ങള്‍ ശേഖരിക്കാനും മിതവാദി ശ്രദ്ധിച്ചിരുന്നു.
മികച്ച അഭിഭാഷകനായ അദ്ദേഹത്തെ വക്കീല്‍ കൃഷ്ണനെന്നും വിളിച്ചിരുന്നു. സാമ്പത്തികവിദഗ്ധനായ അദ്ദേഹം കോഴിക്കോട് ആസ്ഥാനമാക്കി കാലിക്കറ്റ് ബാങ്കു തുടങ്ങി. മകന്‍ പത്രത്തിന്റെയും ബാങ്കിന്റെയും ചുമതലയേറ്റെടുത്തെങ്കിലും കാലാന്തരത്തില്‍ രണ്ടും തകരുകയാണുണ്ടായത്. കൃഷ്ണന്റെ മകന്‍ കെ.എ. ജയശീലന്‍ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ്. ഉപരിപഠനാര്‍ഥം ജര്‍മനിയിലേക്ക് പോയ കൃഷ്ണന്റെ മകന്‍ ജര്‍മന്‍കാരിയെ വധുവാക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത്. മികച്ച പത്രാധിപര്‍, അഭിഭാഷകന്‍, നിയമജ്ഞന്‍, സാമൂഹികപരിഷ്‌കര്‍ത്താവ്, എഴുത്തുകാരന്‍ എന്നിങ്ങനെ സവിശേഷമായ ജീവിതമായിരുന്നു സി.കൃഷ്ണന്റേത്. തൃശൂര്‍ മുല്ലശ്ശേരി ചങ്ങരംകുമരത്തു പാറന്റെ മകനായി 1867 ജൂണ്‍ 11നാണ് സി. കൃഷ്ണന്‍ ജനിച്ചത്. മദിരാശിയില്‍ ബി.എ, ബി.എല്‍ പഠിച്ചു. 1938 നവംബര്‍ 29നായിരുന്നു ആ മഹാനുഭാവന്റെ അന്ത്യം.
(ഡോ. അജയ് ശേഖറിന്റെ ‘ മിതവാദി സി. കൃഷ്ണന്റെ ദേശീയതാവിമര്‍ശനവും ജനായത്തപാതയും ‘ എന്ന ലേഖനത്തില്‍നിന്നുള്ള ഭാഗങ്ങള്‍ ഈ ലേഖനം തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.)
