HealthIndia NewsWorld News

കണ്ടെയ്‌നറുകളില്‍ മാരകവിഷം; കേസെടുക്കാത്തത് ദേശദ്രോഹ നടപടിയെന്നു ആരോപണം

മുങ്ങിയതും കത്തിയതുമായ കപ്പലുകളിലെ കണ്ടെയ്‌നറുകളില്‍ മാരകവിഷമോ സ്‌ഫോടകവസ്തുക്കളോ ഉണ്ടെന്നു സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേസെടുക്കാത്തത് സംശയങ്ങള്‍ക്കിട നല്‍കുന്നു. വിദേശ കപ്പലുകള്‍ കേരളതീരത്തോട് ചേര്‍ന്നു എത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒതുക്കിതീര്‍ക്കുന്നത് ദേശദ്രോഹമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളടക്കം ആരോപിക്കുന്നത്. സ്വകാര്യ ഗോഡൗണുകളില്‍ കണ്ടെയ്‌നറുകളില്‍ ഹൗസ് സ്റ്റഫിംഗ് ആരംഭിച്ചതിന്റെ ദുരന്തമാണ് ലോകം നേരിട്ടു കൊണ്ടിരിക്കുന്നതെന്നാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ വിമര്‍ശനം. കസ്റ്റംസിനെ നോക്കുകുത്തിയാക്കി മാറ്റിയ ഹൗസ് സ്റ്റഫിങ് അടിയന്തരമായി അവസാനിപ്പിക്കണമെന്നും മുങ്ങിയ കപ്പല്‍ ഉടമകള്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യണമെന്നും അറസ്റ്റ് ചെയ്ത് വിചരണയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
10 കോടി ഇന്ത്യന്‍ മത്സ്യ തൊഴിലാളികളുടെ അടുപ്പില്‍ തീ പുകയുന്നത് നമ്മുടെ സമുദ്രാതിര്‍ത്തിക്കുള്ളിലെ മത്സ്യസമ്പത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടും വിദേശനാണ്യം കൊണ്ടുമാണെന്ന കാര്യം അധികാരികള്‍ ഓര്‍ക്കണമെന്നും സംഘടനാനേതാക്കള്‍ പറയുന്നു. ബേപ്പൂരിനടത്ത് പുറംകടലില്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍ മാരകവിഷവസ്തുക്കളുണ്ടെന്നും അത് കടല്‍സമ്പത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്നതാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.

മെയ് 25നാണ് കൊച്ചി അഴിമുഖത്തിന് പടിഞ്ഞാറ് അറബിക്കടലില്‍ കണ്ടെയ്‌നര്‍ഷിപ്പ് മുങ്ങിത്താഴ്ന്നത്. എന്നാല്‍ അതില്‍ എന്തായിരുന്നു എന്നത് ആദ്യം പറത്തുവന്നില്ല. ഇന്നലെ കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിനു തൊട്ട് പുറംകലില്‍ ചരക്കു കപ്പല്‍ തീപിടിച്ചതോടെ മാധ്യമങ്ങളടക്കം സടകുടഞ്ഞെഴുന്നേറ്റു.
ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ. 157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ് വിവരം. എന്നാല്‍ ലൈബീരിയന്‍ കപ്പല്‍ മുങ്ങിയപ്പോള്‍ അതില്‍ എന്തെല്ലാം മാരകവസ്തുക്കളുണ്ടെന്ന് പുറംലോകം അറിഞ്ഞില്ല. ലൈബീരിയന്‍ കപ്പല്‍ മുങ്ങി മാരക രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ കടലിനടിയില്‍ മുങ്ങിത്താഴ്ന്ന് കിടന്നിട്ട് രണ്ടാഴ്ച പിന്നിടും മുമ്പാണ് സിംഗപ്പൂര്‍ കപ്പല്‍ കേരള തീരത്ത് മാരക രാസവസ്തുക്കളുമായി അറബിക്കടലില്‍ കത്തിയമരുന്നത്.

തീപിടിക്കുന്നതും വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരില്‍ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈനീസ് പൗരന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 32 മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കപ്പലില്‍ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാന്‍ സാധ്യത എന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഹൈദരാബാദ് അസ്ഥാനമായ ഇന്‍കോയിസ് നിഗമനത്തില്‍ കണ്ടെയ്നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയില്ല. അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ അറബിക്കടലില്‍ തെക്കു ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സര്‍ക്കാരിനും മറ്റും നടപടി എടുക്കാന്‍ വേണ്ടത്ര സമയമുണ്ടെന്നും ഇന്‍കോയിസ് അറിയിച്ചു. കടലിലെ ഒഴുക്ക് തെക്കുകിഴക്കന്‍ ദിശയിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേയ്ക്ക് കണ്ടെയ്നറുകള്‍ ഒഴുകി എത്താന്‍ സാധ്യതയുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message