Art & LiteratureCinema

സംവിധായകന്‍ മോഹന്‍ അനുസ്മരണം ‘ദൃശ്യമോഹനം 2025’ ഇരിങ്ങാലക്കുടയില്‍

തൃശൂര്‍: സംവിധായകന്‍ മോഹന്‍ അനുസ്മരണം ‘ദൃശ്യമോഹനം 2025’ ഇരിങ്ങാലക്കുടയില്‍ ജൂണ്‍ 14, 15 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പത്രസമ്മേളനത്തില്‍ അറിയിച്ചു.

മലയാള സിനിമക്ക് പുതുഭാവുകത്വം നല്‍കിയ ഇരിങ്ങാലക്കടയുടെ സ്വന്തം സംവിധായകനായിരുന്ന എം.മോഹന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്ന വേളയിലാണ് അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നതിനായി 14, 15 തീയതികളില്‍ ‘ദൃശ്യ മോഹനം 2025’ എന്ന പേരില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട പൗരാവലിയുടെയും മോഹന്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. 14 ന് ആരംഭിക്കുന്ന പരിപാടിയില്‍ മോഹന്‍ സംവിധാനം ചെയ്ത ജനപ്രിയ ചലച്ചിത്രം ‘വിട പറയും മുമ്പേ’ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ദൃശ്യമോഹനം നടത്തിയ ഷോട്ട് ഫിലിം മത്സരത്തില്‍ സമ്മാനാര്‍ഹമായ ഫിലിമിന്റെ പ്രദര്‍ശനവും ഉണ്ടാകും.
‘മോഹന സ്മൃതി’ എന്ന സംവിധായകന്‍ മോഹനോടൊപ്പം പ്രവര്‍ത്തിച്ച മലയാള സിനിമാരംഗത്തെ പ്രമുഖരായ കലാകാരന്മാരുടേയും അദ്ദേഹത്തിന്റെ ആസ്വാദകരുടേയും അനുഭവം പങ്കുവയ്ക്കല്‍ നടക്കും.

14ന് വൈകീട്ട് 5.30 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട നഗസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിക്കും. പ്രഥമ മോഹന്‍ ചലച്ചിത്ര പുരസ്‌കാരം യുവ ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമ്മാനിക്കും. ഷോട്ട് ഫിലിം മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടക്കും. തുടര്‍ന്ന് സത്യാഞ്ജലി കൊച്ചി അവതരിപ്പിക്കുന്ന മോഹന്‍ സിനിമകളിലെ ഗാനങ്ങളെ ആധാരമാക്കിയുള്ള നൃത്തശില്പവും വിനീത്കുമാര്‍ കോഴിക്കോട്, ശ്രുതി ജയന്‍, സിറാജ് പല്ലിശ്ശേരി എന്നിവരുടെ നൃത്താവിഷ്‌കാരവും ഉണ്ടാകും.

15 ന് രാവിലെ 10 മുതല്‍ മോഹന്‍ സിനിമയുടെ അവതരണവും തുടര്‍ന്ന് ഡാന്‍സ് ഫെസ്റ്റിവലും അരങ്ങേറും. വൈകീട്ട് 5 വരെ സത്യാഞ്ജലി കൊച്ചി അവതരിപ്പിക്കുന്ന നൃത്താഞ്ജലിയും അരങ്ങേറും.
പത്രസമ്മേളനത്തില്‍ യു. പ്രദീപ്മേനോന്‍ (കണ്‍വീനര്‍), പി.കെ. ഭരതന്‍ മാഷ് (കോര്‍ഡിനേറ്റര്‍), അന്തരിച്ച സംവിധായകന്‍ മോഹന്റെ ഭാര്യ അനുപമ മോഹന്‍, കെ. രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

ഫോട്ടോ കടപ്പാട്

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message