‘എംപുരാന്‍’ യു.പിയില്‍ പ്രദര്‍ശനം തുടരുന്നു.
മോഹന്‍ലാല്‍-പൃഥിരാജ് സിനിമ ‘എമ്പുരാന്‍’ യു.പിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ 24 മുതല്‍ ഒ ടി ടിയില്‍ സ്ട്രീമിങ് തുടങ്ങിയ സിനിമയാണ് വീണ്ടും തിയേറ്ററിലെത്തിയത്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയിലുള്ള വിഭോര്‍ ചിത്രലോക് എന്ന തിയേറ്ററിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇവിടെ പ്രദര്‍ശനം തുടരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ അടക്കം സിനിമയുടെ ടിക്കറ്റും ലഭ്യമാണ്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രത്തിനു നേരെ വലിയ തോതിലുള്ള പ്രതിഷേധം നടന്നിരുന്നു. സൈബര്‍ ആക്രമണവും ശക്തമായിരുന്നു. സംഘപരിവാറായിരുന്നു ഇതിനു പിന്നില്‍. പ്രതിഷേധത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ റീ എഡിറ്റ് ചെയ്താണ് കേരളത്തിലടക്കം പ്രദര്‍ശിപ്പിച്ചത്. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടമായിരുന്നു കൈവരിച്ചത്.
