സംസ്ഥാന സീനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് തൃശൂരില്‍
തൃശൂര്‍: കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയും തൃശൂര്‍ ജില്ലാ ചെസ്സ് ഓര്‍ഗനൈസിങ് കമ്മിറ്റിയും ചെസ്സ് തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രോഫിക്കായുള്ള കേരളാ സ്റ്റേറ്റ് സീനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ജൂണ്‍ 14 ശനി രാവിലെ 9.30 തൃശൂര്‍ ബിനി ഹെറിറ്റേജ് ഹാളില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍, സ്റ്റേറ്റ് ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ജോ പറപ്പിള്ളി, ചെസ് തൃശൂര്‍ രക്ഷാധികാരികളായ അജിത് കുമാര്‍ രാജ, ഡേവിഡ് മാങ്ങന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ മേധാവി ഇ രാധാകൃഷ്ണന്‍, ചെസ്സ് തൃശൂര്‍ പ്രസിഡന്റ് പി കെ ജയന്‍, സെക്രട്ടറി കെ എസ് പ്രീത, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ പ്രൊഫ. എന്‍ ആര്‍ അനില്‍കുമാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
അന്തര്‍ദേശീയ റേറ്റിങ്ങ് നേടിയ 44 കളിക്കാരടക്കം 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 56 സീനിയര്‍ താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ഈ മത്സരത്തിലെ വിജയികള്‍ ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടുന്നതിന് പുറമെ ഗ്രേസ് മാര്‍ക്ക് തുടങ്ങിയ മറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകും. സ്വിസ്സ് ലീഗ് സമ്പ്രദായത്തില്‍ അന്തര്‍ദേശീയ നിയമങ്ങള്‍ പാലിച്ചുള്ള 7 റൗണ്ട് മത്സരങ്ങളാണ് 14, 15 തീയതികളില്‍ നടക്കുക. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്സര്‍വരുടെ നിരീക്ഷണത്തില്‍ ചീഫ് ആര്‍ബിറ്റര്‍ ഹരീഷ് ആര്‍ മേനോന്‍, സ്റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ജോ പറപ്പിള്ളി എന്നിവര്‍ മത്സരങ്ങളെ നിയന്ത്രിക്കും.
