മനുഷ്യത്വം മരിച്ചുപോയവരും അല്ലാത്തവരും
ചെറിയ കൊലോത്ത് ഷാജി അജന്ത
അഹമ്മദാബാദ് വിമാനാപകടം; ഹോസ്റ്റലില്‍ അവശേഷിച്ച രംഗങ്ങള്‍ ഹൃദയഭേദകം: ചിതറിക്കിടക്കുന്ന സ്യൂട്ട്കേസുകളും കഴിക്കാത്ത ഭക്ഷണവും; സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടി; കരിപ്പൂര്‍ ദുരന്തവും അഹമ്മദാബാദ് ദുരന്തവും തമ്മിലുള്ള വ്യത്യാസം
13.06.2025
ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ബി.ജെ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലുണ്ടായ ദാരുണമായ കാഴ്ചകള്‍ ഹൃദയഭേദകമാണ്. വിമാനത്തിന്റെ ഭാഗങ്ങള്‍ പതിച്ച് തകര്‍ന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍, ചിതറിക്കിടക്കുന്ന സ്യൂട്ട്കേസുകളും മേശപ്പുറത്ത് കഴിക്കാതെ വെച്ച ഭക്ഷണവുമാണ് രക്ഷാപ്രവര്‍ത്തകരെ വരവേറ്റത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വസ്തുക്കളും പുസ്തകങ്ങളും സ്യൂട്ട്കേസുകളുമെല്ലാം ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ അപകടത്തിന്റെ ഭീകരത വിളിച്ചോതുന്നു.
അഹമ്മദാബാദില്‍ സംഭവിച്ചത്:
വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂട്ടം ചേര്‍ന്ന് കൊള്ള. ഹോസ്റ്റലിലുണ്ടായിരുന്നവരുടെ പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് മോഷണം പോയത്. സന്നദ്ധപ്രവര്‍ത്തകരായി നടിച്ചെത്തിയവരാണ് മോഷണം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളയടിക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. അതില്‍ പലരും ജീവനുവേണ്ടി പിടയുന്നവര്‍ ആയിരുന്നു.
ഹോസ്റ്റലില്‍ ഉള്ള പല വിദ്യാര്‍ത്ഥികളെയും അര്‍ധപ്രാണനായും ബോധരഹിതരായുമാണ് ആശുപത്രിയില്‍ എത്തിച്ചത്. ആര്‍ക്കും ആരെയും തിരിച്ചറിയാനാവാത്ത അവസ്ഥ. അബോധാവസ്ഥയിലുള്ളവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നവര്‍ വിമാനത്തിലുള്ളവരാണോ വിമാനം തകര്‍ന്നുവീണ ഹോസ്റ്റലില്‍ ഉള്ളവരാണോ എന്ന് വ്യക്തമാവാത്ത കാഴ്ചയായിരുന്നു. മിക്കവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റ പരിക്കുണ്ട്. മുഖം പൊള്ളിയടര്ന്നവര് വരെയുണ്ട്. ദേഹമാസകലം വലിയതോതില്‍ പൊള്ളലേറ്റ് പലരും അബോധാവസ്ഥയിലാണ്.
കരിപ്പൂരില്‍ സംഭവിച്ചത്:
കരിപ്പൂര്‍ ദുരന്തത്തില്‍ ദുരന്തമുനമ്പിലെ കാഴ്ചകളില്‍ പതറാതെ ഭയാനക രംഗങ്ങളെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തനം ആദ്യം തുടങ്ങിയത് ആ നാട്ടുകാര്‍ ആയിരുന്നു. പിന്നീടാണ് അധികൃതര്‍ എത്തിയത്. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു. കൊണ്ടോട്ടി നിവാസികളായ ഇവരുടെ അവസരോചിതമായ ഇടപെടലാണ് വിമാന ദുരന്തത്തിന് വ്യാപ്തിയും മരണനിരക്കും കുറച്ചത്. കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡിലെ വിമാനത്താവളത്തിന്റെ അതിര്‍ത്തി മതില് ചാടികടന്നാണ് നാട്ടുകാര്‍ വീണുകിടക്കുന്ന വിമാനത്തിനടുത്തെത്തിയത്.
ആംബുലന്‍സുകളും മറ്റു സജ്ജീകരണങ്ങളും എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റവരില്‍ പലരേയും ആശുപത്രികളിലേക്കെത്തിച്ചിരുന്നു. വീണു കിടക്കുന്ന വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കാനുള്ള സാധ്യതയേറെയാണെന്നറിഞ്ഞിട്ടും ഞൊടിയിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് നാട്ടുകാരെ ഒട്ടും പിന്തിരിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയം.
ആശുപത്രികളിലെത്തിച്ച ശേഷവും കൈയൊഴിഞ്ഞില്ല. ഗുരതരമായ പരിക്കേറ്റിരുന്നവരില്‍ പലര്‍ക്കും രക്തം ആവശ്യമായി വന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ്, ബേബി മെമ്മേറിയല്‍, മെയ്ത്ര തുടങ്ങിയ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങള്‍ ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും പരന്നു. നിമിഷംനേരം കൊണ്ട് ഈ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞു.
മഴയും കോവിഡ് ഭീതിയും വകവെക്കാതെ രാത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിന് രക്തബാങ്കിന് മുന്നിലെത്തിയവരുടെ വരി പ്രത്യേക കാഴ്ചയായിരുന്നു. മലപ്പുറത്ത് നിന്നും മറ്റും രക്തദാന സന്നദ്ധരായി കോഴിക്കോട്ടേ ആശുത്രികളിലെത്തിയ പലരും ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞതറിഞ്ഞ് മടങ്ങുകയായിരുന്നു.
