സ്ത്രീവിരുദ്ധ പരാമര്‍ശം: ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് ശിക്ഷ വേണം; പക്ഷേ?
ലജിത് വി എസ്
അഹമ്മദാബാദ് വിമാന അപകടത്തില്‍ അന്തരിച്ച യുവതിയെപറ്റി തികഞ്ഞ ബ്രാഹ്‌മണിക്കല്‍ പാര്‍ട്ടിയാര്‍ക്കല്‍ ബോധ്യത്തെ പിന്‍പറ്റി വളരെ മോശമായ, അവഹേളനപരമായ, പ്രതിഷേധാര്‍ഹമായ കമന്റ് എഴുതിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ സസ്‌പെന്‍ഷന്‍ നേരിട്ടിരിക്കുകയാണ്. തീര്‍ച്ചയായും അത് അനിവാര്യമായ ഒരു നടപടിയാണ്. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ ഈ വിഷയത്തെ സമീപിക്കേണ്ടതും അയാള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുമാകുന്നു. അയാളുടെ സോഷ്യല്‍ ലൊക്കേഷന്‍/സാമൂഹിക സ്വത്വം എന്നതിനെപ്പറ്റി ഒന്നും എനിക്ക് കൃത്യമായ ധാരണയില്ല. എങ്കിലും അയാളുടെ അധിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍, അയാളുടെ സ്വത്വം കീഴാളമാണെന്ന് കല്‍പ്പിച്ചുകൊണ്ട് അയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അയാള്‍ ഉപയോഗിച്ച അതേ ഭാഷയില്‍, അതിനെക്കാള്‍ കടുത്തതും അശ്ലീലവുമായ ഭാഷയില്‍ അധിക്ഷേപങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. അത് അയാള്‍ക്കെതിരെ എന്നതിലുപരിയായി അയാള്‍ക്ക് കീഴാള സ്വത്വം ആരോപിച്ചുകൊണ്ട് കീഴാള സമൂഹത്തിന്മേലാണ് മൊത്തം പൊങ്കാല കൊണ്ടാടുന്നത്.
ലിംഗ ജാതി വിവേചനങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അംബേദ്കര്‍ മുതല്‍ ഉമാ ചക്രവര്‍ത്തി വരെയുള്ളവര്‍ അതെപ്പറ്റി കൃത്യമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഈ സ്ത്രീവിരുദ്ധനായ ഡെപ്യൂട്ടി തഹസില്‍ദാര്‍ നടത്തിയതിന് സമാനമായതും അതിനേക്കാള്‍ ഭീകരവുമായ സ്ത്രീവിരുദ്ധ ജാതി അധിക്ഷേപങ്ങള്‍ നിരവധി കീഴാള സമൂഹത്തിലെ വ്യക്തികള്‍ അതും ഐ.എ.എസ് കിട്ടിയതിന്റെ പേരില്‍ പോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴോന്നും ഇത്തരത്തില്‍ ചടുലമായ നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ പറഞ്ഞതിന് അര്‍ത്ഥം ഇപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് ലഭിച്ചിരിക്കുന്ന സസ്‌പെന്‍ഷന്‍ വേണ്ട എന്ന അര്‍ത്ഥത്തില്‍ അല്ല, അത് അനിവാര്യമായ ഒന്നുതന്നെയാണ്. മറിച്ച് ഇത്തരം ചടുലമായ നടപടികള്‍ കീഴാള വിഭാഗത്തില്‍ ഉള്ളവര്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
ഇപ്പോള്‍ ഈ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ ഉണ്ട് എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിന് അനുകൂലിച്ച് രംഗത്ത് വരുന്നവരുണ്ട്. പക്ഷേ അവിടെ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് നടപടി ഉണ്ടാകേണ്ടത്. ആ വ്യക്തിയുടെ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസെടുത്ത് സൈബര്‍ പോലീസ് അന്വേഷണം നടത്തി കോടതി നടപടികളിലൂടെയുള്ള വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കേണ്ടത്. അതിന് പകരം ജില്ലാ ഭരണകൂടങ്ങള്‍ ഇത്തരം നടപടിക്ക് തുനിഞ്ഞിറങ്ങുന്നതില്‍ പ്രശ്‌നമുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
യുപിയില്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബുള്‍ഡോസ് രാജ് നടപ്പാക്കുന്നത് അവിടുത്തെ ജില്ലാ പ്രാദേശിക ഭരണകൂടങ്ങളാണെന്നത് ഓര്‍ക്കണം. ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്ത് വരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ ലൊക്കേഷന്‍, അവരുടെ രാഷ്ട്രീയം എന്നിവ നിയമം നടപ്പാക്കുന്നതില്‍ /നീതി നിര്‍വഹണത്തില്‍ പ്രതിഫലിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വ്യാപകമായി കള്ള കേസുകള്‍ കെട്ടിച്ചമച്ചുകൊണ്ട് ദലിതരെയും മുസ്ലിങ്ങളെയും തടവിലാക്കിയതിന്റെ വാര്‍ത്തകള്‍ വന്നിട്ട് അധികം വര്‍ഷമായിട്ടില്ല. കേരളത്തില്‍ അടക്കം ബ്യൂറോക്രസിയില്‍ പോലീസില്‍ ഒക്കെ ഇത്തരത്തില്‍ ജാതിയും ആയിട്ടുള്ള, സംഘപരിവാര്‍ രാഷ്ട്രീയപരമായിട്ടുള്ള പക്ഷപാതിത്വങ്ങളെ പറ്റി പരക്കെ ആക്ഷേപനില നില്‍ക്കുന്ന സാഹചര്യത്തില്‍, യുപിയില്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജില്ലാ ഭരണകൂട നടപടികള്‍ ആശങ്കകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ അവധാനതയോടെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈദരാബാദില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ വെടിവെച്ചുകൊന്ന പോലീസിന് കിട്ടിയ കയ്യടി ആശങ്ക ഉളവാക്കുന്ന ഒന്നാണ്. പൃഥ്വിരാജിന്റെ ജനഗണമന സിനിമ ചിലരെയെങ്കിലും അതിന്റെ മറുവശത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങാന്‍ പ്രേരിപ്പിച്ചുവെങ്കിലും സമാനമായ കയ്യടി ജില്ലാ ഭരണകൂട ബ്യൂറോക്രാറ്റിക് നടപടികളില്‍പ്പെടുന്ന ബുള്‍ഡോസര്‍ രാജിനും ലഭിക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്.

ഒരാളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിടാനോ, അയാൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാനോ ഒക്കെ നിയമപരമായ വ്യവസ്ഥകൾ ഉണ്ട്. അതു പാലിക്കണം. അയാൾ എത്ര വലിയ കുറ്റവാളിയായാലും അതാണു വേണ്ടത്. അല്ലാത്തതൊക്കെ നിയമവാഴ്ചക്കെ തിരാണ്, പിന്താങ്ങിക്കൂടാത്തതാണ്..