Culture & HistoryPolitics

ജൂണ്‍ 18: മഹാത്മാ അയ്യന്‍കാളി സമാധിദിനം

ടി.എം. രതീശന്‍

അംബേദ്കര്‍ സാംസ്‌കാരിക സമിതിയുടെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍

മഹാത്മാ അയ്യന്‍കാളിയെക്കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പില്‍ പരിചയപ്പെടുത്തലിന്റെ ഔചാരികതകള്‍ എഴുതി വിരസമാക്കേണ്ട കാര്യമില്ലെന്ന് വിശ്വസിക്കുന്നു.
എന്നാല്‍ അയ്യന്‍കാളി എന്ന ചരിത്ര നായകന്റെ കര്‍മ്മപഥങ്ങള്‍ ഇന്നും ശരിയായി പൊതു സമൂഹം മനസ്സിലാക്കിയിട്ടില്ല എന്ന് കാണാം. അയ്യന്‍കാളിയെ ഇന്നും കേവലം പുലയ ജനതയുടെ നേതാവായി ചുരുക്കി കെട്ടി അവതരിപ്പിക്കലാണ് നടന്നു വരുന്നത്. കേരളചരിത്രത്തില്‍ നവോത്ഥാനമായി അടയാളപ്പെടുത്തപ്പെടുന്ന കാലഘട്ടത്തെ സാമൂഹിക പ്രക്രിയകളുടെ കര്‍മ്മസ്ഥാനം ഒരു വ്യക്തിയിലേക്ക് ചുരുക്കാന്‍ സാധ്യമല്ല. എന്നാല്‍ അങ്ങനെ ഒരാള്‍ നിര്‍ബന്ധിച്ചാല്‍ അയ്യന്‍കാളിയുടെ ചിത്രമായിരിക്കും അവിടെ വരിക. കാരണം സവിശേഷാധികാരങ്ങളുടെയും അവകാശങ്ങളുടെയും യാതൊരു പിന്‍ബലവും ഇല്ലാതെ കേരളചരിത്രത്തില്‍ ജനാധിപത്യത്തിന്റെ സവിശേഷ പ്രതീകമായി മാറിയ കര്‍മ്മബുദ്ധനാണ് മഹാത്മാ അയ്യന്‍കാളി.

1853ല്‍ ജനിച്ച ചട്ടമ്പി സ്വാമികള്‍ക്കും 1856ല്‍ ജനിച്ച ശ്രീനാരായണ ഗുരുവിനും ശേഷമാണ് ഏതാണ്ട് അതേ കാലത്തുതന്നെ, 1863ല്‍ പെരുങ്കാറ്റു വിളയിലെ
പ്ലാവറ കുടിയില്‍ അയ്യന്‍- മാല ദമ്പതികളുടെ മകനായി അയ്യന്‍കാളിയും ഭൂജാതനാവുന്നത്. എന്നാല്‍ അവരില്‍നിന്ന് വേറിട്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വം രൂപംകൊള്ളുന്നത് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. മൂവരും ഒരേകാലത്ത് ഒരേ പ്രദേശത്ത് സമാനമായ ചില സാമൂഹികലക്ഷ്യങ്ങളോടെ പ്രവര്‍ത്തിച്ചു എന്നതിനപ്പുറം ആദ്യത്തെ രണ്ടു പേരുകാരുമായി നേരിട്ടൊരു അടുപ്പമോ ഇടപഴകലോ അയ്യന്‍കാളിക്ക് ഉണ്ടായിട്ടില്ല. യുവാവായ അദ്ദേഹം അവരെ ഏതാണ്ട് പൂര്‍ണ്ണമായും ഒഴിവാക്കിയതുപോലെയാണ് ആ ജീവചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുക. അവരുടെ ഇടപെടലുകളില്‍ ലീനമായിരുന്ന മതാത്മകതയാണോ അദ്ദേഹത്തെ അവരില്‍നിന്നു പിന്തിരിപ്പിച്ചത് എന്നത് വ്യക്തമല്ല. ഇത് കൂടുതല്‍ ദുരൂഹമാകുന്നത് മൂവരും അധിനിവേശകരുടെ മതപരിവര്‍ത്തന പരിശ്രമങ്ങളോട് മുഖംതിരിഞ്ഞുനിന്നവരാണ് എന്ന വസ്തുതകൂടി കൂട്ടിവായിക്കുമ്പോഴാണ്. ഒരുപക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതല്ല, സ്വന്തമായ ജ്ഞാന-കര്‍മ്മമാര്‍ഗത്തിലൂടെ മുന്നോട്ടുപോവുകയാണ് അഭികാമ്യമെന്ന ആന്തരദര്‍ശനം അദ്ദേഹത്തിന് വളരെ ചെറുപ്പത്തില്‍തന്നെ കിട്ടിയിരിക്കണം. പ്രാന്തവല്ക്കരണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ചരിത്രത്തെ കൈപിടിച്ചു നടത്തുന്ന രാഷ്ട്രീയബോധത്തിന്റെ ഏറ്റവും ഉദാത്തമായ ഉടല്‍ രൂപംകൊള്ളലായിരുന്നു അത്. അതുകൊണ്ടുതന്നെ, അങ്ങേയറ്റം അവിശ്വസനീയമായ സാമൂഹിക വിസ്മയമായിരുന്നു അദ്ദേഹം നിര്‍വഹിച്ച രാഷ്ട്രീയദൌത്യം. അതിനുള്ള സമകാലസാധ്യതകളുടെ പൂര്‍ണമായ അസാന്നിധ്യം അദ്ദേഹത്തിന്റെ ഇടപെടലുകളെ അമ്പരിപ്പിക്കുന്നവയാക്കുന്നു. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ആഴം ശരിയായ ഉള്‍ക്കൊണ്ടാല്‍ മനസ്സിലാവുന്ന കാര്യം, കേരളചരിത്രത്തെ സംബന്ധിച്ചിടത്തോളം അയ്യങ്കാളിയെപ്പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിത്വം ഇല്ലെന്നതു തന്നെയാണ്.

നാരായണഗുരുവാണ് നമ്മുടെ നവോത്ഥാന ചരിത്രസൃഷ്ടിയിലെ ഏറ്റവും തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അദ്ദേഹവുമായി ബന്ധപ്പെട്ടതോ അദ്ദേഹത്തില്‍ നിന്ന് നേരിട്ട് പ്രചോദനം ഉള്‍ക്കൊണ്ടു എന്ന് വിശ്വസിക്കാന്‍ തെളിവുകളുള്ളതോ ആയ പ്രവര്‍ത്തനമല്ലഅയ്യന്‍കാളി നടത്തിയിട്ടുള്ളത് മഹാത്മാ അയ്യന്‍കാളിയുടേത് ഗുരുവിന്റെ ഇടപെടലുകള്‍ക്ക് സമാന്തരമായി നടന്ന സ്വതന്ത്ര പ്രവര്‍ത്തനമാണ്. രണ്ടുപേരുടെയും ഏറ്റവും പ്രധാനപ്പെട്ട ആദ്യകാല ഇടപെടലുകള്‍, 1888-ല്‍ ഗുരു നടത്തിയ അരുവിക്കര പ്രതിഷ്ഠയും 1893-ല്‍ അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയും തമ്മില്‍ അഞ്ചുവര്‍ഷത്തെ വ്യത്യാസമേയുള്ളൂ. പക്ഷെ ഇതുരണ്ടും രണ്ടു വ്യത്യസ്തമായ ചിന്താസരണികളിലൂടെ ഇരുവരും സ്വന്തമായി എത്തിച്ചേര്‍ന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ മഹാവിപ്ലവങ്ങളാണ്. ചരിത്രത്തില്‍ വില്ലുവണ്ടി യാത്ര താണ്ടിയ ദൂരമെത്ര എന്ന് ഇന്നും പൊതു സമൂഹം വേണ്ടത്ര ഗൗരവത്തില്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നു വേണം കരുതാന്‍. ഈ സ്വതന്ത്ര ഇടപെടലുകളില്‍ സാമൂഹിക യാഥാര്‍ഥ്യത്തെ എന്നേക്കുമായി മാറ്റിമറിച്ച അസാമാന്യമായ ഭാവികാലദര്‍ശനം അടങ്ങിയിരുന്നു. പക്ഷെ ഈ രണ്ടു പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കമോ അതിന്റെ പ്രത്യാഘാതങ്ങളോ കേവലമായ താരതമ്യങ്ങള്‍ക്ക് വഴങ്ങുന്നതല്ല.

ഗുരുവിന്റെ പ്രതിഷ്ഠാകര്മ്മം ജാതിയുടെ മുഖ്യധാരയെ പ്രകോപിപ്പിക്കുന്നതായിരുന്നു. എന്നാല്‍ നിങ്ങള്‍ ഈ വഴിക്ക് വരേണ്ട, ഇത് ഈഴവ ശിവനാണ് എന്ന ഉത്തരത്തില്‍ വലിയൊരു ജാതിനിഷ്‌കാസനം അടങ്ങിയിരുന്നു. എന്നാല്‍ അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്ര ജാതി മുഖ്യധാരക്ക് അത്രപോലും ഉള്‍ക്കൊള്ളാന്‍കഴിയുന്നതായിരുന്നില്ല. ജാതിയെ അതിന്റെ ഏറ്റവും പെര്‍ഫോര്‍മേറ്റീവായ ദുരാചാരത്തിന്റെ, ജാതിയുടെ അടിസ്ഥാനത്തിലുള്ള പൊതുവഴി നിരോധനത്തിന്റെ, രൂപത്തില്‍ പൊതുവഴിയില്‍ത്തന്നെ നേരിടുകയായിരുന്നു അയ്യന്‍കാളി ചെയ്തത്. അത് ചരിത്രത്തെ കുറച്ചൊന്നുമല്ല ഇളക്കിയത്. ഗുരുവിന്റെ ഇടപെടല്‍ മതവും ജാതിവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനശിലയെ ഇളക്കുന്നതായിരുന്നെങ്കില്‍ അയ്യങ്കാളിയുടെ ഇടപെടല്‍ ഔദ്യോഗികമായി നിര്‍ത്തലാക്കപ്പെട്ടതിനു ശേഷവും അടിമത്തം സാമൂഹികമായും ജാതിപരമായും അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ, മതവും ജാതിവ്യവസ്ഥയും പൊതുമണ്ഡലവും ഒത്തുചേര്‍ന്ന് ദലിത് സ്വത്വങ്ങളെ പൂട്ടിയിട്ട തിന്മയുടെ ചങ്ങലകളെ മനുഷ്യാവകാശമെന്ന മഹാമുദ്രാവാക്യംകൊണ്ട് ഛേദിച്ചുകളയുന്നതായിരുന്നു. ഇത് കേവലം ദലിത് അവകാശങ്ങളും മാത്രം പ്രശ്‌നമല്ല അഭിസംബോധന ചെയ്തത് എന്ന് വ്യക്തമായി കാണാം.
സവര്‍ണ്ണര്‍ വരുമ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിക്കുക, തങ്ങള്‍ വരുന്നുണ്ടെന്നു അറിയിക്കാന്‍ അപശബ്ദങ്ങള്‍ മുഴക്കുക, കൃത്യമായ അടിയകലങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവന്നാല്‍ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുക, പൊതുവഴികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക തുടങ്ങി സഞ്ചാരവുമായി ബന്ധപ്പെട്ടു കീഴാളര്‍ നടത്തേണ്ടിയിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളെയാണ് ഒറ്റ വില്ലുവണ്ടി യാത്രയിലൂടെ ചരിത്രപരമായി അയ്യങ്കാളി റദ്ദുചെയ്തത്. ഇതിനു ഒരുപക്ഷെ ലോകചരിത്രത്തില്‍ത്തന്നെ സമാനതകളില്ല.

ക്ഷേത്രപ്രവേശനംപോലുള്ള സമരങ്ങളെ അദ്ദേഹം തീവ്രമായി പിന്തുണക്കാനോ എതിര്‍ക്കാനോ പോയിട്ടില്ല. അത്തരം സമരങ്ങളെ അദ്ദേഹം അവഗണിച്ചു എന്നല്ല. ക്ഷേത്രപ്രവേശനത്തെ എന്നല്ല, ജാതിവിരുദ്ധമായ ഒന്നിനെയും എതിര്‍ക്കേണ്ട കാര്യം അദ്ദേഹത്തിനില്ലല്ലോ. പക്ഷെ അരുവിപ്പുറത്തു ഗുരു ശിവനെ പ്രതിഷ്ഠിക്കുമ്പോള്‍ (1888) വില്ലുവണ്ടിയുമായി പൊതുനിരത്തിലേക്കിറങ്ങിയ (1893 ) അദ്ദേഹം ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു എന്നത് മനസ്സിലാക്കപ്പെടാതെ പോകരുത്. സര്‍ക്കാര്‍ – പൊതു സ്ഥലം, പൊതു അവകാശങ്ങള്‍, പൊതു വിദ്യാഭ്യാസം, പൊതുവഴി എന്നിങ്ങനെ ഒരു പൊതുമണ്ഡലം ജാതിനിരപേക്ഷമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്ന രാഷ്ട്രീയത്തെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കാല്‍വയ്പുകളും. ജാതി-മത ഭേദങ്ങളില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ക്ഷേത്രങ്ങള്‍ നല്ലതാണ്. പക്ഷെ അടിസ്ഥാനപരമായി ഉണ്ടാകേണ്ട സ്വാതന്ത്ര്യം പൗരത്വത്തിന്റെ പ്രമാണീകരണമാണെന്നു (affirmation of citizenship) വിളിച്ചുപറഞ്ഞുകൊണ്ടു ജനാധിപത്യത്തിലേക്കുള്ള ആദ്യത്തെ കാല്‍വയ്പ്പ് നടത്തിയത് മഹാത്മാ അയ്യങ്കാളിയാണ്. ലോകവും അതിന്റെ ഭാഗമായ ബ്രിട്ടീഷ് ഇന്ത്യയും ആധുനിക ജ്ഞാനബോധത്തിന്റെയും രാഷ്ട്രീയ പ്രക്രിയകളുടെയും പേറ്റുനോവിലായിരുന്ന ആ കാലത്ത് ജനാധിപത്യ സങ്കല്‍പ്പത്തില്‍ ഊന്നിയ രാഷ്ട്രീയ ഇടപ്പെടല്‍ അതും വിദ്യാഭ്യാസമോ മറ്റു വിജ്ഞാന സമ്പാദനങ്ങളൊ മറ്റു സവിശേഷ അധികാരങ്ങളൊ ഒന്നുമില്ലാത്ത അയ്യന്‍കാളിയില്‍ നിന്ന് ഉണ്ടാവുക എന്നത് ഒട്ടു അവിശ്വസനീയമായ കാര്യം തന്നെ.
തെന്നൂര്‍ കോണത്ത് പൂജാരി അയ്യന്‍ എന്നാളുടെ എട്ടുവയസ്സുള മകള്‍ പഞ്ചമി എന്ന കുട്ടിയുടെ – ഒരു പെണ്‍കുട്ടിയുടെ എന്ന് എടുത്തുപറയേണ്ടതുണ്ട്- കൈപിടിച്ച് പൊതുവിദ്യാലയത്തിലേക്കു കടന്നുചെല്ലുന്ന അവകാശബോധത്തിന്റെ രാഷ്ട്രീയമാണ് ഒരു ദേശത്തിന്റെ നവോത്ഥാന മുദ്രാവാക്യമായി മാറുന്നത്. മറ്റൊരര്‍ത്ഥത്തില്‍ കേരളത്തിന്റെ രാഷ്ട്രീയാവബോധത്തില്‍ ആധുനിക ജനാധിപത്യത്തിന്റെ അടിത്തറ പാകിയത് അയ്യന്‍കാളിയാണ്. അത് അദ്ദേഹം ഏതാണ്ട് ഏകനായി നിര്‍വഹിച്ച രാഷ്ട്രീയദൗത്യവുമാണ്.

കല്ലുമാല എന്നല്ല ഏതു ആഭരണവും ധരിക്കുന്നതു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ്, ജാത്യാധികാരത്തിന്റെ തീര്‍പ്പുകളിലല്ല. കല്ലുമാല ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു ആചാരത്തെ അതിന്റെ നാരായവേരായ പ്രമാണികളെ വേദിയിലിരുത്തി അവസാനിപ്പിക്കാന്‍ അദ്ദേഹം നടത്തിയ നീക്കമാണ് ശരീരത്തിന്റെ അവകാശം വ്യക്തികള്‍ക്കാണെന്ന രാഷ്ട്രീയബോധം ഇവിടെ സൃഷ്ടിച്ചത്. 1915ല്‍ കൊല്ലത്തെ പിരങ്കി മൈതാനത്ത് വിതച്ച വിത്ത് അതായിരുന്നു. അനേകം സ്ത്രീകളെ ഒരുമിച്ചുകൂട്ടി നടത്തിയ കല്ലമാല തിരസ്‌കരണമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍പോലും പലയിടത്തു കാണുമായിരുന്നു കുടുമകളുടെയും ഇപ്പോഴും എവിടെയും കാണുന്ന പൂണൂലുകളുടെയും ഒഴിവാക്കലല്ല, ശരീരത്തിന്റെ സ്വാതന്ത്ര്യത്തെ ഒരു സൂക്ഷ്മരാഷ്ട്രീയമായി കേരളചരിത്രത്തില്‍ ആവിഷ്‌കരിച്ചത് എന്നത് കേരളചരിത്രത്തിലെ വലിയൊരു പാഠമാണ്.ജാതിശരീരം എന്ന ആശയത്തെ സമൂലം തിരുത്തി മനുഷ്യന്‍ എന്ന ആശയത്തെ പൊതുമണ്ഡലത്തില്‍ പ്രതിഷ്ഠിച്ച രാഷ്ട്രീയം അദ്ദേഹത്തിന്റെ സംഭാവനയാണ്. ക്ഷേത്ര പ്രവേശനത്തെക്കുറിച്ചു തന്നോട് വാചാലനായ ഗാന്ധിക്ക് ഒരു ചെറിയ പുഞ്ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നത് പ്രസിദ്ധമാണ്.

മതപരിവര്‍ത്തനത്തോട് ആഭിമുഖ്യം കാട്ടാതിരുന്ന അദ്ദേഹം എന്തുകൊണ്ടാണ് ഈ മതനവീകരണത്തെയും തള്ളിക്കളഞ്ഞത് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ- അദ്ദേഹം സ്വത്വത്തെ നിര്‍വചിച്ചത് മതാടിസ്ഥാനത്തിലായിരുന്നില്ല എന്നതാണത്. ആഗോളതലത്തില്‍ തന്നെ മര്‍ദ്ദിത സ്വത്വരാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരു രാഷ്ട്രീയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത് എന്ന് തിരിച്ചറിയപ്പോഴാണ് അന്നുവരെ ആരും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിലേക്ക് എത്തിയിരുന്നില്ല എന്ന വിസ്മയം നാം മനസിലാക്കുക. വൈക്കം സത്യാഗ്രഹസമരത്തിന് ഊര്‍ജ്ജമായത് അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, വിശേഷിച്ച് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ ധീരമായ സമരത്തെക്കുറിച്ച് മറ്റു ദളിത് പ്രവര്‍ത്തകരില്‍ നിന്ന് കെ.പി. കേശവമേനോനെ പോലെയുള്ളവര്‍ക്ക് കിട്ടിയ അറിവിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു എന്നതും നമുക്ക് പുതിയ അറിവാകുക. അതുകൊണ്ടാണ്അയ്യന്‍കാളി നവോത്ഥാനത്തിന്റെ ജ്ഞാനസ്വരൂപംകൂടിയാണ് എന്ന് എടുത്തുപറയേണ്ടി വരുന്നത്. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തതിന് രേഖകള്‍ ലഭിച്ചിട്ടില്ലെങ്കിലും അത്തരം സമരങ്ങളുടെ രാഷ്ട്രീയോര്‍ജ്ജം തിരിച്ചറിയുന്ന സാമൂഹിക പ്രബുദ്ധത അദ്ദേഹത്തോളം മറ്റാര്‍ക്കും ഉണ്ടായിരുന്നിരിക്കില്ല എന്നത് തീര്‍ച്ചയാണ്. നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ അദ്ദേഹത്തിന്റെ ആന്തരദര്‍ശനത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണവുംമതവിമുക്തവുമായിരുന്നു.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കാലഘട്ടവും പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ പില്‍ക്കാല ജനാധിപത്യരാഷ്ട്രീയത്തേയും സിവില്‍ സമൂഹ രാഷ്ട്രീയത്തേയും മാറ്റിത്തീര്‍ക്കുന്നതില്‍ വഹിച്ച പങ്ക് ഏറ്റവും നിര്‍ണ്ണായകമായിരുന്നു എന്ന് പറയേണ്ടിവരുന്നത്. ആ പങ്ക് കണ്ടെത്തുന്നതിലും അംഗീകരിക്കുന്നതിലും കേരളം കാണിച്ച വൈമനസ്യവും കാലതാമസവും പൊറുക്കാന്‍ കഴിയാത്ത തെറ്റുതന്നെയാണ്.

അയ്യന്‍കാളി പൊതുസമൂഹത്തിന്റെ മേഖലകളില്‍ ഒരു സാംസ്‌കാരിക-രാഷ്ട്രീയ സാന്നിദ്ധ്യമായി, മഹാത്മാ അയ്യന്‍കാളിയായി അടയാളപ്പെടുത്തപ്പെടാന്‍തുടങ്ങിയിട്ട് അധികകാലമായില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. മലയാളിയെ സമരം ചെയ്യാന്‍ പഠിപ്പിച്ച ധീരനാണ് അയ്യന്‍കാളി. അതൊരു കണ്ടെത്തലല്ല, മറിച്ച്, ചരിത്രപരമായ യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ ഓരോ കാല്‍വയ്പ്പിലും കേരളചരിത്രത്തെ സങ്കീര്‍ണ്ണമാക്കിയ ഒരു നിരന്തരസമരമായി മനസ്സിലാക്കേണ്ടതുണ്ട്. ആ സമരത്തിന് മൂന്നു മാനങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നേടുക എന്നതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചരിത്രത്തില്‍ അതുവരെയില്ലാത്ത മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു. കേരളചരിത്രത്തെ അതിനു മുന്‍പും പിന്‍പും എന്ന് രണ്ടായി പിളര്‍ന്ന വില്ലുവണ്ടി സമരം അത്തരത്തില്‍ ഒന്നാണ്.
രണ്ട്, കായികമായ ചെറുത്തുനില്‍പ്പ് സമരങ്ങളുടെ ഭാഗമാണ് എന്നും പൊരുതുന്ന ഒരു ജനതയുടെ ആവിഷ്‌കാരങ്ങളുടെ സാധ്യതകള്‍ അതുകൊണ്ടുതന്നെ വലിയൊരു തുറവി ആണെന്നതുമായിരുന്നു. ഏറ്റവും താഴെത്തട്ടില്‍ എതിര്‍ക്കേണ്ടി വരുന്നത് നാട്ടുമാടമ്പികളുടെ ഹുങ്കും ഗര്‍വ്വും ആണെന്ന് തിരിച്ചറിയുന്ന ഒരു കരുത്തനായ ‘ചെങ്ങന്നൂരാതി’ എല്ലാക്കാലത്തും അദ്ദേഹത്തില്‍ ഉണര്‍ന്നിരുന്നിരുന്നു എന്നതിന്റെ നേരറിവാണ് 1898-99 ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം സവര്‍ണ മാടമ്പികളുമായുള്ള ഏറ്റുമുട്ടലുകളില്‍ നാം കണ്ടത്.
താന്‍ ജനിക്കുകയും വളരുകയും ചെയ്ത തെക്കന്‍ തിരുവിതാംകൂറിലെ മണ്ണില്‍ കായികമായിക്കൂടി ചെറുത്തുനിന്ന ഒരു ജനതയാണ് അടിയാളരുടേത് എന്ന് തിരിച്ചറിഞ്ഞതില്‍ നിന്ന് കൂടിയാണ് ശൂദ്രക്കയ്യേറ്റങ്ങളെ കായികമായി പ്രതിരോധിക്കുന്ന സംഘങ്ങള്‍ 1890-കളില്‍ അദ്ദേഹം രൂപീകരിക്കുന്നത്. സമാധാനപ്രിയനും ആ അര്‍ത്ഥത്തില്‍ അഹിംസാവാദിയും തന്നെയായിരുന്നു അദ്ദേഹം. പക്ഷെ നിലനില്പിനായുള്ള സമരങ്ങള്‍ ഒരു കേവലാശയമായല്ല അദ്ദേഹം കണ്ടിരുന്നത് എന്നതിനാല്‍ കായികമായ ചെറുത്തുനില്‍പ്പിന്റെ ചരിത്രപരമായ പ്രാധാന്യം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു.
മൂന്ന്, ജനകീയപ്രക്ഷോഭത്തിന്റെതാണ്. കര്‍ഷകത്തൊഴിലാളികളോട് പണിയായുധങ്ങള്‍ താഴെവച്ചു വയലുകളില്‍ നിന്ന് കയറാനും സമരത്തിന്റെ പാത സ്വീകരിക്കാനും പറയുന്നത് 1905ലാണല്ലോ കേരളചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്. സംഘടിതസമരത്തിന്റെ ഈ മാതൃക അദ്ദേഹം മറ്റെങ്ങുനിന്നും കടം വാങ്ങുന്നതല്ല. 1917 ലെ റഷ്യന്‍ വിപ്ലവമോ ലോകത്ത് മറ്റെവിടെയെങ്കിലും തൊഴില്‍ സമരങ്ങളോ നടന്നിരുന്നില്ല എന്നതുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് അവധൂതസദൃശമായ തന്റെ ഉള്‍ക്കാഴ്ചയില്‍ നിന്നാണ് അദ്ദേഹം ഈ സമരപരികല്പന കണ്ടെടുക്കുന്നത് എന്ന് മനസ്സിലാവുക. വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള കര്‍ഷകത്തൊഴിലാളി സമരം അതുകൊണ്ടുതന്നെ ചരിത്രപരവും ദാര്‍ശനികവും സാമൂഹികവുമായ വലിയൊരു അഭിവീക്ഷണ നിര്‍മ്മിതിയായി, പുതിയൊരു വിചാരമാതൃകയായി കേരളചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കൊപ്പം, കേരളത്തിന്റെ സാമൂഹിക മന:ശാസ്ത്രത്തെ ഇത്രയും ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു ഇടപെടലുണ്ടായിട്ടില്ല. ആ വില്ലുവണ്ടിയില്‍ അദ്ദേഹം സഞ്ചരിച്ച ചരിത്രദൂരം എന്താണെന്ന് ഇനിയും പൂര്‍ണ്ണമായി ബോദ്ധ്യമാവാത്ത ഒരു ജനതയാണ് നമ്മള്‍. എന്നാല്‍ അതിന്റെ ആഘാതത്തില്‍ സമൂലം ഇളകിമറിയുകയും മറ്റൊന്നായി മാറുകയുംചെയ്തു കേരളം എന്നതും അവിതര്‍ക്കിതമായ കാര്യമാണ്. എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കപ്പെട്ട പൊതുവഴിയിലൂടെ സഞ്ചരിച്ച ഒരു മനുഷ്യനെ ഭരണകൂടത്തിനു ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. തന്നെത്തടഞ്ഞ സാമൂഹികവ്യവസ്ഥയുടെ സ്വയംബോധ്യ- കാവലാളുകളെ അദ്ദേഹം കായികമായിത്തന്നെ നേരിടുകയുംചെയ്തു. ഇതുണ്ടാക്കിയ ചരിത്രാഘാതമാണ് പിന്നെ കേരളത്തെ ഒരു നൂറ്റാണ്ട് മുന്നോട്ടുനയിച്ചത് എന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. ഒപ്പംതന്നെ പ്രധാനമാണ് നിരക്ഷരനായ അദ്ദേഹം വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ അതിധീരമായ ഇടപെടലുകള്‍. എന്താണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ അഭൂതപൂര്‍വമായ ഇടപെടലിന്റെ രാഷ്ട്രീയ പ്രസക്തി? അത് ഒരു ദലിത് ഉണര്‍ച്ചയുടെ ആവശ്യകത എന്ന അടിസ്ഥാനപരമായ അര്‍ത്ഥത്തില്‍മാത്രം മനസ്സിലാക്കപ്പെടെണ്ട ഒന്നാണോ? ജാതിയുടെയും മതത്തിന്റെയും മേഖലയില്‍വരുന്ന മറ്റൊരു ആത്മീയമണ്ഡലമല്ല, വീണ്ടും സിവില്‍ സമൂഹത്തിലെ പൊതുമണ്ഡലമാണ് ഈ പ്രവര്‍ത്തനത്തിലും അദ്ദേഹം ലക്ഷ്യംവക്കുന്നത് എന്നത് യാദൃച്ഛികതയല്ല. പരസ്യപ്പെടാന്‍ കഴിയുക എന്നതും (Publicness) ദൃശ്യത ഉണ്ടാവുക എന്നതും (visibility) സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായി അദ്ദേഹം കണക്കാക്കിയിരുന്നു. അങ്ങനെ പൊതുവിടങ്ങളില്‍ കാണപ്പെടുവാനുള്ള വ്യക്തിശരീരത്തിന്റെ സ്വാതന്ത്ര്യം ഏറ്റവും വലിയ രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തുകയായിരുന്നു അയ്യങ്കാളി ചെയ്തത്. അയ്യന്‍കാളിയുടെ സമരങ്ങളില്‍ തൊട്ടുകൂടായ്മപോലെതന്നെ കണ്ടുകൂടായ്മയുടെ നിഷേധവും അടങ്ങിയിരുന്നു. ഇതിനായി ദലിത് അവര്‍ണ്ണര്‍ രാജാവിന് മുന്നില്‍ പ്രത്യക്ഷപ്പെടുക എന്നൊരു സമരമാര്‍ഗ്ഗംകൂടി അദ്ദേഹം സ്വീകരിച്ചു. ബൂര്‍ഷ്വാ പൊതുമണ്ഡലം ചരിത്രത്തില്‍ രൂപംകൊള്ളുന്നത് അനിച്ഛാപൂര്‍വമാമാണെങ്കില്‍ ജാതിവ്യവസ്ഥയുടെ പുറന്തോട് പൊളിക്കാതെ ഇന്ത്യയില്‍ അതിനു ആവിര്‍ഭവിക്കാന്‍ കഴിയുമായിരുന്നില്ല. ഘടനാപരമായ ഈ പ്രതിസന്ധിക്കാണ് അയ്യന്‍കാളി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് സൂക്ഷ്മമായി നോക്കിയാല്‍ കാണുവാന്‍ കഴിയും. ‘പൊതുസ്ഥലങ്ങള്‍’ എന്തുകൊണ്ട് പൊതുവല്ല എന്ന കാതലായ, വ്യവസ്ഥാസ്പര്‍ശിയായ ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്.ജ്ഞാനസപര്യയുടെ ബോധോദയമാണ് ഏകനായി വില്ലുവണ്ടിയാത്രക്ക് ഇറങ്ങിത്തിരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്. ഒരു കര്‍മ്മബുദ്ധന്‍ അടയാളപ്പെടുന്നതുപോലെ ചരിത്രത്തിലെ അത്രയും കാലമുള്ള അജ്ഞതയുടെ ഇരുട്ടിനെയാണ് അയ്യന്‍കാളി ഒരു വജ്രസൂചികൊണ്ടെന്നതുപോലെ ആ യാത്രയിലൂടെ കീറിമുറിക്കുന്നത്.

ഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും അയ്യാ സ്വാമികള്‍ക്കും ലഭിച്ച സൗകര്യങ്ങളോ ഒന്നും ലഭിക്കാതിരുന്നിട്ടും നിലനിന്ന വ്യവസ്ഥയെ ഇളക്കുന്നതിനും പുതിയ കാലത്തിന്റെ രാഷ്ട്രീയ സമരങ്ങള്‍ക്ക് മറ്റൊരിലും കാണാത്ത അവധൂത ദര്‍ശനമായി അതുവരെ ഇരുട്ടു മാത്രമായി നിന്ന സ്ഥിതവ്യവസ്ഥയ്ക്ക് തീ കൊളുത്താന്‍ കെല്‍പ്പുള്ള രാഷ്ട്രീയമുകാവാക്യങ്ങളാണ് അയ്യന്‍കാളി ഉയര്‍ത്തിയത് എന്ന് നാം മനസ്സിലാക്കുമ്പോഴാണ് അയ്യന്‍കാളി ഒരു ജാതി നേതാവല്ല എന്നും
ആധുനിക പൗരവകാശങ്ങളുടെ രാഷ്ട്രീയ പ്രവാചകനായിരുന്നുവെന്നും നാം തിരിച്ചറിയുകയുള്ളൂ. നാല്‍പതാം വയസ്സില്‍ ശ്വാസകോശ കാന്‍സര്‍ ബാധിതനായിരുന്നിട്ടും 1941 ജൂണ്‍ 18 അദ്ദേഹത്തിന്റെ 77-ാം വയസ്സുവരെയും തളരാതെ ജനാധിപത്യവിപ്ലവത്തിന്റെ തീയുമായി പ്രൊമത്യൂസിനെ പോലെ ആ പോരാളി ജനങ്ങളുടെ ഇടയില്‍ ഓടി നടന്നു. എണ്‍പതിനാലാം സമാധി ദിനത്തില്‍ ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വാടാമലരുകള്‍ അര്‍പ്പിക്കാം ….ശിരസ്സു നമിക്കാം…..

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message