Local News

അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ളവരുടെ പുനരധിവാസം അവസാന ഘട്ടത്തില്‍

തൃശൂര്‍: ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള വ്യക്തിഗത വനാവകാശ രേഖ കൈമാറല്‍ നൂറു ശതമാനം പൂര്‍ത്തിയാകുന്നതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. പുനരധിവാസ സ്ഥലത്ത് അതിര്‍ത്തി നിര്‍ണ്ണയത്തിനായുള്ള കല്ലിടീല്‍ നടപടികളുടെ പുരോഗതിയും കളക്ടര്‍ വിലയിരുത്തി. ആദിവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം അവരെ പുനരധിവസിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ്ശന നടപടിസ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

2018 ലെ വെള്ളപ്പൊക്കത്തില്‍ കുടിയിറക്കപ്പെട്ടവരാണ് അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലെ ഞണ്ടുകൂട്ടന്‍പാറയില്‍ കഴിയുന്ന വീരാങ്കുടി ഉന്നതിക്കാര്‍. താമസയോഗ്യമല്ലാത്ത സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലാണ് ഇവര്‍ കഴിയുന്നത്. അഞ്ച് കിലോമീറ്ററോളം കുന്നിറങ്ങി വേണം അരേക്കാപ്പ് എത്താന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ജില്ലാ കളക്ടറും സംഘവും ഉന്നതികളില്‍ നേരിട്ടെത്തി ഇവരുടെ പ്രശ്‌നങ്ങള്‍ കേട്ടിരുന്നു.

കപ്പായം വനമേഖലയിലെ അരേക്കാപ്പ്, വീരാങ്കുടി ആദിവാസി ഉന്നതികളില്‍ നിന്നുള്ള 47 കുടുംബങ്ങളെ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കീഴിലുള്ള മാരാങ്കോട് കശുമാവിന്‍തോപ്പ് എന്ന സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി (എസ് എല്‍ എം സി) തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റവന്യു വകുപ്പ് അധികൃതര്‍ സര്‍വ്വെ നടപടികള്‍ തുടങ്ങിയത്.

അരേക്കാപ്പ് ഉന്നതിയില്‍ നിന്നും 40 കുടുംബങ്ങളെയും വീരാന്‍കുടിയില്‍ നിന്നും 7 കുടുംബങ്ങളെയുമാണ് മാരാങ്കോട് പുനരധിവസിപ്പിക്കുന്നത്. ആദിവാസി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ച് ഗുണഭോക്താക്കള്‍ക്കുള്ള വനാവകാശ രേഖ നല്‍കുന്നതോടൊപ്പം ഉന്നതിയിലുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഓരോ കുടുംബത്തിനും ആറുലക്ഷം രൂപ വീതം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കും. ഉന്നതിയില്‍ വീട് നിര്‍മ്മിക്കുന്നതോടൊപ്പം വൈദ്യുതി, വെള്ളം, അങ്കണവാടി, കമ്മ്യുണിറ്റി സെന്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

ഇപ്പോള്‍ താമസിക്കുന്ന അതേ സ്ഥലത്ത് എഫ്ആര്‍എയ്ക്കായി അന്ന് വീരാങ്കുടി ഉന്നതിയിലുള്ളവര്‍ അപേക്ഷ നല്‍കിയിരുന്നു. അരേക്കാപ്പിലെ ഭൂരിഭാഗം പേരും വേറെ സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജിയോളജിസ്റ്റും മണ്ണ് സംരക്ഷണ വകുപ്പ് അധികൃതരും വീരാങ്കുടിയില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും മറ്റൊരു സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരാംകോട് കോടശ്ശേരി പഞ്ചായത്തില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തിയത്. ആകെ 103 ഏക്കര്‍ അതേ അളവിലാണ് വീരാങ്കുടിയിലും അരേക്കാപ്പിലുമുള്ള 47 കുടുംബങ്ങള്‍ക്കും അവരുടെ ഉപകുടുംബങ്ങള്‍ക്കും കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോടും അനുവദിച്ചത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒളകര ഉന്നതിയിലുള്ള 44 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ കൈമാറിയിരുന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ 24 കുടുംബങ്ങളുടെ ഭൂമി പ്രശ്നം പരിഹരിച്ച് വീട് നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ളവരുടെ പുനരധിവാസ നടപടികള്‍കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ആദിവാസി മേഖലയിലുള്ള ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയാണ്.

കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജയിംസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജനീഷ് പി. ജോസ്, ഇരിഞ്ഞാലക്കുട ആര്‍.ഡി.ഒ ഷിബു, ചാലക്കുടി ഡി.വൈ.എസ്.പി, ചാലക്കുടി തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, ഊരുമൂപ്പന്‍, വനം വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കളക്ടറോടൊപ്പം സ്ഥലസന്ദര്‍ശനത്തിനുണ്ടായിരുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message