കുഫോസ് മത്സ്യ സംരക്ഷണ പദ്ധതി: മഞ്ഞക്കൂരിയും കുറുവയും തിരിച്ചെത്തുന്നു
ചാലക്കുടി: ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്തുന്നതിനുമായി ചാലക്കുടിപ്പുഴയില്‍ പ്രജനന പക്വതയെത്തിയ പൊരുന്ന മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. കുഫോസിന്റെ വൈസ് ചാന്‍സലറും ജീവശാസ്ത്രജ്ഞനുമായ പ്രൊഫ. ബിജുകുമാര്‍ മത്സ്യനിക്ഷേപ പരിപാടി ഉദ്ഘാടനം ചെയ്തു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു.
അന്നമനട ഗ്രാമപഞ്ചായത്തും കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസും (കുഫോസ്) ചേര്‍ന്നാണ് പാരിസ്ഥിതിക പുനഃസ്ഥാപനവും സുസ്ഥിര ഉള്‍നാടന്‍ മത്സ്യബന്ധനവും ലക്ഷ്യമിട്ടുള്ള ഈ സംരംഭം നടപ്പാക്കുന്നത്.
തദ്ദേശീയ ഇനങ്ങളായ മഞ്ഞക്കൂരി (യെല്ലോ ക്യാറ്റ്ഫിഷ്), കുറുവ (ഒലിവ് ബാര്‍ബ്) എന്നിവയുടെ 1,500-ലധികം പൊരുന്ന മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയുമാണ് ചാലക്കുടിപ്പുഴയിലും വൃഷ്ടിപ്രദേശമായ ചിറയംചാലിലും നിക്ഷേപിച്ചത്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന മഞ്ഞക്കൂരി, പ്രകൃതിവിഭവ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയന്റെ ചുവപ്പുപട്ടികയിലുള്ള വംശനാശഭീഷണി നേരിടുന്ന മത്സ്യയിനമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അന്‍വര്‍ അലിയുടെ നേതൃത്വത്തില്‍ പനങ്ങാട്ടെ കുഫോസിലെ ശുദ്ധജല മത്സ്യക്കൃഷി കേന്ദ്രത്തിലാണ് ഈ നാടന്‍ മത്സ്യയിനങ്ങളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചത്. നേരത്തേ ഇടമലയാര്‍, പെരിങ്ങല്‍ക്കുത്ത് ജലസംഭരണികള്‍, ശാസ്താംകോട്ട തടാകം എന്നിവയുള്‍പ്പെടെ കേരളത്തിലെ പ്രധാന ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത പുനരുജ്ജീവന പദ്ധതി സര്‍വകലാശാല നടപ്പാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. സതീശന്‍, പഞ്ചായത്തംഗം സി.കെ. ഷിജു, മത്സ്യ ഗവേഷകന്‍ ഡോ. സി.പി. ഷാജി, സര്‍വകലാശാലാ ഫിഷറീസ് റിസോഴ്‌സ് വിഭാഗം മേധാവി പ്രൊഫ. എം.കെ. സജീവന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
