ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും: മന്ത്രി കെ. രാജന്‍
തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു
തൃശൂര്‍: ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഡിജിറ്റല്‍ റിസര്‍വെ കഴിഞ്ഞ വില്ലേജുകളില്‍ നിന്നാണ് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഒരു വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിടം, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എ.ടി.എം. കാര്‍ഡ് രൂപത്തില്‍, പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വില്ലേജുകളും സ്മാര്‍ട്ട് ആക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. നിലവില്‍ റവന്യൂ വകുപ്പിന്റെ ഭൂരിഭാഗം ഓഫീസുകളും ഡിജിറ്റലായിട്ടുണ്ട്. ഈ കാലയളവില്‍ 600 വില്ലേജുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും നാടിനു മുന്നിലേക്ക് വരികയാണെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുമ്പോള്‍ മുന്നേറ്റമുണ്ടാകുന്നത് നമ്മുടെ നാടിനാണ്. എല്ലാവരും ആശ്രയിക്കേണ്ട കേന്ദ്രങ്ങളായതുകൊണ്ടാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരിതകാലഘട്ടങ്ങളില്‍ നാടിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് പോകുന്ന സര്‍ക്കാരാണ് ഇന്നുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ 2019-2020 പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് മുകുന്ദപുരം താലൂക്കിന് കീഴില്‍ വരുന്ന തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തൊട്ടിപ്പാള്‍ കെ.എസ്.യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് എന്നിവര്‍ വിശിഷ്ടാതിഥികളായി. തൃശൂര്‍ കേരള സ്റ്റേറ്റ് നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ സതീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി.ടി. കിഷോര്‍, റീന ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ ദിനേശ് വെള്ളപ്പാടി, ഷീബ സുരേന്ദ്രന്‍, ഐശ്വര്യ അനീഷ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, മുകുന്ദപുരം തഹസില്‍ദാര്‍ സമീഷ് സാഹു കെ.എം., റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. ഷിബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
