ഇമ ബാബുവിന്റെ ‘വര കാഴ്ചകള്‍’ ചിത്രപ്രദര്‍ശനം തൃശൂരില്‍
തൃശൂര്‍: ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സംവിധായകനുമായ ഇമ ബാബുവിന്റെ ചിത്രപ്രദര്‍ശനം 23ന് ലളിതകലാ അക്കാദമിയില്‍ തുടങ്ങും. ‘വര കാഴ്ചകള്‍-ഡിജിറ്റല്‍ ആന്‍ഡ് ആര്‍ട്ട്’ എന്ന പേരിലുള്ള പ്രദര്‍ശനം 23ന് ഉച്ചകഴിഞ്ഞ് 3ന് ശില്‍പ്പി രാജന്‍ ഉദ്ഘാടനം ചെയ്യും. സി.ഡി. ജോസാണ് ക്യൂറേറ്റര്‍. ബാബു വരച്ചതും പകര്‍ത്തിയതുമായ ചിത്രങ്ങളുടെ പ്രദര്‍ശനം പുതിയൊരു അനുഭവമാകും. മണപ്പുറത്തിന്റെ ഗ്രാമീണതയും നഗരവല്‍ക്കരണവും അങ്ങാടിക്കാഴ്ചകളും എല്ലാം ചേര്‍ന്ന ചിത്രങ്ങളാണ് ഒരുക്കുന്നത്. 24ന് രാവിലെ 10 മുതല്‍ പ്രദര്‍ശനം ഔപചാരികമായി തുടങ്ങും. 27ന് സമാപിക്കും. ദിവസവും വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം.

പതിറ്റാണ്ടുകളായി ഫോട്ടോഗ്രാഫി ജീവിതമാക്കിയ ബാബു വലപ്പാട് ഇമയെന്ന പേരില്‍ സ്റ്റുഡിയോ തുടങ്ങിയതോടെയാണ് ഇമ ബാബു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. കറുപ്പിലും വെളുപ്പിലും പിന്നീട് കളറിലും ബാബു പകര്‍ത്തിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മണപ്പുറത്തിന്റെ സാംസ്‌കാരിക രംഗത്ത് തന്റേതായ ഇടം നേടിയ ബാബു കേരളത്തിലെ അറിയപ്പെടുന്ന ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൃഹുത്താണ്.

മണപ്പുറത്തിന്റെ മാധ്യമപ്രവര്‍ത്തകനായിരുന്ന ചേറ്റുവ വി അബ്ദുവിനെക്കുറിച്ചുള്ള ഡോക്യുമെന്റിയിലൂടെ ചലച്ചിത്രമേഖലയില്‍ വ്യക്തിത്വമുണ്ടാക്കിയ ബാബു താന്‍ വരച്ച ചിത്രങ്ങളുടെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കാലത്തിന്റെ കൂടി സ്മരണയുണര്‍ത്തുന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
