Local News

വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് ചാവക്കാട് പ്രദേശങ്ങള്‍: ദുരിതം പേറി ആയിരത്തോളം കുടുംബങ്ങള്‍

തേര്‍ളി മുകുന്ദന്‍

ചാവക്കാട്: വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് ചാവക്കാട് പുന്ന, തെക്കഞ്ചേരി പ്രദേശങ്ങള്‍. വീടിന് പുറത്തിറങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട് പുന്ന, തെക്കഞ്ചേരി പ്രദേശങ്ങളിലെ ആയിരത്തോളം വീടുകള്‍. എല്ലാ വഴികളിലും ഗതാഗതം സാധ്യമാകാത്ത വിധം വെള്ളക്കെട്ടില്‍. ജോലിക്ക് പോകാനാവാതെ മുതിര്‍ന്നവരും സ്‌കൂളില്‍ പോകാനാവാതെ വിദ്യാര്‍ത്ഥികളും പ്രതിസന്ധിയിലായി. പുന്ന എല്‍പി സ്‌കൂള്‍, രാജ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ അനിശ്ചിതകാലത്തേക്ക് അടച്ചു. രാജാ സ്‌കൂളില്‍ ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നാലുവഴികളാണ് പ്രധാനമായും പുന്നയിലേക്കുള്ളത്. ചാവക്കാട് താലൂക്ക് ആശുപത്രി പുന്ന റോഡ്, ആലുംപടി പുന്ന റോഡ്, മുക്കട്ട റോഡ്, പുതിയറ റോഡ്. ഈ റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാത്ത വിധം വെള്ളക്കെട്ടിലാണ്.

നിരവധി കുടുംബങ്ങള്‍ അഞ്ചങ്ങാടി സൈക്‌ളോണ്‍ ഷെല്‍ട്ടറിലേക്കും ബന്ധു വീടുകളിലേക്കും താമസം മാറി. ചാവക്കാട് നഗരസഭ 3,5,6,10,16,17 വാര്‍ഡുകളിലായി തിരുവത്ര, പുന്ന, കോഴിക്കുളങ്ങര, വഞ്ചിക്കടവ്, തെക്കഞ്ചേരി പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ട് ദുരിതത്തിലായത്. ഈ മേഖലകളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. ചാവക്കാട് വാര്‍ഡ് 16 തെക്കഞ്ചേരിയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വഴികളെല്ലാം വെള്ളക്കെട്ടാല്‍ അടയ്ക്കപ്പെട്ടു. തോടായി മാറിയ റോഡില്‍ വഞ്ചിയിറക്കി ചിലര്‍ യാത്രാ സൗകര്യം കണ്ടെത്തി. കനോലി കനാലിന്റെ ഇരുകരകളിലും വെള്ളം കവിഞ്ഞു. ആഴം കൂട്ടാനായി കനോലി കനാലില്‍ നിന്നെടുത്ത മണ്ണ് കനാലിന്റെ ഇരുഭാഗത്തും വലിയ ഉയരത്തില്‍ മതില്‍ പോലെയാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇത് പറമ്പുകളില്‍ നിന്നും കനോലി കനാലിലേക്കുള്ള വെള്ളത്തിന്റെ ഒഴിഞ്ഞുപോക്കിന് തടസ്സമാകുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരുവശത്തുനിന്നും കാനകളും ബോക്‌സ്ഡ് കണ്‍വെര്‍ട്ടുകളും വഴി ഏക്കര്‍ കണക്കിന് ഭൂമിയിലെ മഴവെള്ളം കനോലി കനാലിലേക്ക് എത്തുന്നതും പുഴ തികട്ടാന്‍ കാരണമായിട്ടുണ്ട്. മഴ തുടങ്ങുമ്പോഴേക്കും മുന്‍പൊന്നും ഇല്ലാത്ത വിധം രൂക്ഷമായ വെള്ളക്കെട്ടാണ് ഈ പ്രദേശത്തെ നിവാസികള്‍ അനുഭവിക്കുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message