World News

ന്യൂയോര്‍ക്ക് സിറ്റി മേയര്‍: മാംദാനിക്ക് നായര്‍ ബന്ധമോ?

അമേരിക്കയിലെ ഏറ്റവും വലിയ സിറ്റിയുടെ മേയര്‍ ആകുമെന്നു കരുതുന്ന സെഹ്റാന്‍ മാംദാനിക്ക് നായര്‍ ബന്ധമുണ്ടോ? മലയാളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തയനുസരിച്ച് കേരളത്തിലെ നായര്‍ വിഭാഗവുമായി ബന്ധമുണ്ടാകണം. കാരണം സെഹ്റാന്‍ മാംദാനിയുടെ അമ്മ വിഖ്യാത ചലച്ചിത്രകാരി മീര നയ്യര്‍ മാധ്യമങ്ങളുടെ വ്യാഖ്യാനമനുസരിച്ച് മീരാ നായരാണ്.
യഥാര്‍ഥത്തില്‍ മാദാനിക്ക് കേരളവുമായി ബന്ധമുണ്ടോ, നായരാണോ? ചുരുങ്ങിയപക്ഷം നായരെങ്കിലുമല്ലാത്ത ഒരാള്‍ക്ക് അമേരിക്കയില്‍ മേയറാവാന്‍ യോഗ്യതയില്ലെന്നാണ് മാധ്യമവിചാരം. അതൊരു സുഖമുള്ള വികാരവും പ്രചാരണവുമാണ്. അപ്പോള്‍ ആരാണീ സഹ്റാന്‍ മാംദാനി? അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കടുത്ത തീവ്രവാദിയായ കമ്യൂണിസ്റ്റാണ്. ചിലര്‍ക്ക് ഇസ്ലാമാണ്. കാര്യത്തിലേക്ക് വരാം.

മാംദാനിയുടെ അമ്മ മീര നയ്യര്‍ ജനിച്ചത് ഒറീസയിലെ റൂര്‍ക്കേലയിലാണ്. കുടുംബത്തിനു പഞ്ചാബിലും ഡല്‍ഹിയിലും വേരുകള്‍ ഉണ്ട്. പഠിച്ചത് ഭുവനേശ്വറിലും ഷിംലയിലും പിന്നീട് ഹാര്‍വാര്‍ഡിലുമാണ്. ആദ്യത്തെ വിവാഹം അമേരിക്കക്കാരനായ ഫോട്ടോഗ്രാഫര്‍ മിച്ചല്‍ എപ്സ്റ്റീനുമായിട്ടായിരുന്നു. പിന്നീട് മിസിസിപ്പി മസാല എന്ന ചിത്രത്തിനു വേണ്ടിയുള്ള ഗവേഷണത്തിനായി ഉഗാണ്ടയില്‍ ആയിരിക്കുമ്പോഴാണ് പൊളിറ്റിക്കല്‍ സയന്റിസ്റ്റായ മഹ്‌മൂദ് മാംദാനിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്നു മഹ്‌മൂദ്.

മഹ്‌മൂദ് മുംബൈയിലാണ് ജനിച്ചത്. ഗുജറാത്തിലെ മുസ്ലിം ദമ്പതികള്‍ക്കാണ് ജനിച്ചതെങ്കിലും വളര്‍ന്നത് ഉഗാണ്ടയിലെ കമ്പാലയിലാണ്. പഠിച്ചത് ഉഗാണ്ടയിലും ടാന്‍സാനിയയിലും പെനിസില്‍വാനിയയിലും, പഠിപ്പിച്ചത് ന്യൂയോര്‍ക്കിലും. സൗത്ത് ആഫ്രിക്കയിലും ന്യൂഡല്‍ഹിയിലും ന്യൂജേഴ്സിയിലും വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. ഇപ്പോഴും കമ്പാല ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍.

ഇവരുടെ മകന്‍ സെഹ്റാന്‍ മാംദാനി ജനിച്ചത് കമ്പാലയിലാണ്. ഏഴുവയസ്സുവരെ ജീവിച്ചത് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ്. പിന്നീട് പഠിച്ചതും വളര്‍ന്നതും ന്യൂയോര്‍ക്കില്‍. വിവാഹം കഴിച്ചത് സിറിയന്‍ ആര്‍ട്ടിസ്റ്റായ രാമ ദുവാജിയെയാണ്. റാപ്പറായിരുന്ന ഒരു കരിയര്‍ ഉണ്ട് മാംദാനിക്ക്. അത് ഉപേക്ഷിച്ചാണ് രാഷ്ട്രീയം തിരഞ്ഞെടുത്തത്.

ന്യൂയോര്‍ക്കിലെ സംസ്ഥാന അസ്സംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 29 വയസ്സാണ് പ്രായം. നാലുവര്‍ഷത്തിനിപ്പുറം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇന്നലെ രാത്രി പ്രൈമറി ജയിച്ചു കയറുമ്പോള്‍ 33 വയസ്സ്. തോല്‍പ്പിച്ചത് ന്യൂയോര്‍ക്ക് സിറ്റിയുടെ മുന്‍ മേയറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ആന്‍ഡ്രൂ കോമുവിനെ. അങ്ങനെ എണ്ണം പറഞ്ഞ ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലിം മേയറായി മത്സരിക്കുന്നു, ഒരു ഇന്‍ഡോ-അമേരിക്കന്‍ അല്ലെങ്കില്‍ ഒരു ഇന്‍ഡോ-ഉഗാണ്ടന്‍ മേയറായി മത്സരിക്കുന്നു. ഡെമോക്രാറ്റിക്കുകളുടെ അപ്രമാദിത്വം വച്ച് മാംദാനി തന്നെ അമേരിക്കയിലെ ഏറ്റവും വലിയ സിറ്റിയുടെ മേയര്‍ ആകുമെന്നാണ് കരുതപ്പെടുന്നത്.
(ചില എഫ്.ബി. കുറിപ്പുകളോട് കടപ്പാട്)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message