മേപ്പാടി ചൂരല്‍മലയിലെ പ്രതിഷേധം: നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ്
കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മലയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെയാണ് മേപ്പാടി പോലീസ് കേസ് എടുത്തത്.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകള്‍ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും പ്രതിഷേധിച്ച നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നാലെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ദുരന്തബാധിതര്‍ക്ക് ഒരു സഹായവും നല്‍കാതെ സര്‍ക്കാര്‍ കേസെടുക്കുന്നുവെന്ന് ടി സിദ്ദീഖ് എം എല്‍ എ കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാന്‍ കേസെടുക്കുന്നത് രാഷ്ട്രീയ തീരുമാനമെന്നും സിദ്ദീഖ് പറഞ്ഞു.
ഇന്നലെ ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുന്നപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വെള്ളം ശക്തിയായി കുത്തിയൊഴുകിയതോടെ അട്ടമല ഭാഗത്തുണ്ടായിരുന്ന തൊഴിലാളികളെയടക്കം പുറത്തേക്ക് എത്തിച്ചിരുന്നു. മഴ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചും ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഇവരേയും നാട്ടുകാര്‍ തടഞ്ഞു.
പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തര്‍ക്കം ഇവയാണ് നാട്ടുകാര്‍ പറയുന്ന വിഷയങ്ങള്‍. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, ചൂരല്‍മല മേഖലയില്‍ നിലവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്.
മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു.
മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറഞ്ഞത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഇന്നും ചൂരല്‍മരയില്‍ മഴ തുടരുന്നുണ്ട്.
Image Credit: MINT
