ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചു; ആറുപേര്‍ പിടിയില്‍
അഞ്ചു പോലീസുകാര്‍ക്ക് പരിക്ക്, മൂന്നു പോലീസ് വാഹനങ്ങള്‍ തകര്‍ത്തു
തൃശൂര്‍: മണ്ണുത്തിയിലെ നെല്ലങ്കരയില്‍ പോലീസിന് നേരെയുണ്ടായ ഗുണ്ട ആക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പില്‍ മുഹമ്മദ് അല്‍ത്താഫ് (34), കാട്ടുപറമ്പില്‍ അല്‍ അഹദില്‍ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ എവിന്‍ ആന്റണി (24), മൂര്‍ക്കനിക്കര സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് (22), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ ആഷ്മിര്‍ ആന്റണി (24), ചെമ്പൂകാവ് സ്വദേശിയായ മറിയ ഭവനിലെ ഷാര്‍ബല്‍ (19) എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റു ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ ജയന് സിവില്‍ പോലീസ് ഓഫീസര്‍ അജു തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ആക്രമികള്‍ മൂന്നു പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.






ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഭവം. ഒരു സംഘം യുവാക്കള്‍ ലഹരി ഉപയോഗിച്ച് ബഹളം വെക്കുന്നതായി എമര്‍ജന്‍സി നമ്പരായ 112 ലേക്ക് പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ട്രോള് റും വാഹനം സംഭവസ്ഥലത്തെത്തി. പോലീസിനെ കണ്ടയുടന്‍ പ്രതികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ പോലീസെത്തിയാണ് ആറുപേരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സംഘം തമ്പടിച്ചിരുന്ന കെട്ടിടം പോലീസ് സീല്‍ ചെയ്തു. കത്തിയും വാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് പ്രതികള്‍ ആക്രമിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി മാറ്റി. പ്രതിയായ ബ്രഹ്മജിത്തിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
