നാലുവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ വിജ്ഞാനോത്സവം
തൃശൂര്‍: നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ 2025-26 ബാച്ച് ആരംഭിക്കുന്ന ജൂലൈ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ കോളേജുകളിലും വിജ്ഞാനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ 10ന് കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിക്കും.
കേരളത്തിന്റെ കലാലയങ്ങളില്‍ ഒരു യുഗപരിവര്‍ത്തനമാണ് നാലുവര്‍ഷ ബിരുദത്തിലേക്കു കൂടി പ്രവേശിച്ചതോടെ ഉണ്ടായിരിക്കുന്നത്.
2024 ജൂലൈ ഒന്നിനാണ് കേരളത്തില്‍ ആദ്യമായി, സംസ്ഥാനത്തെ എട്ട് സര്‍വ്വകലാശാലാ ക്യാമ്പസുകളിലും തൊള്ളായിരത്തോളം കോളേജുകളിലുമായി, നാലുവര്‍ഷ ബിരുദം ആരംഭിച്ചത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ അക്കാദമിക് സമൂഹം വലിയ ആവേശത്തോടെ ഈ പദ്ധതിയെ സ്വീകരിച്ചതാണ് നമ്മുടെ അനുഭവമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി, കൂടുതല്‍ അതിനെ വിപുലമാക്കുന്നതിനുള്ള ആസൂത്രണങ്ങളോടെ പുതിയ കലാലയ വര്‍ഷം ആരംഭിക്കുകയാണ്. നിലവിലെ വിദ്യാര്‍ത്ഥികള്‍ ആദ്യ രണ്ടു സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് രണ്ടാംവര്‍ഷത്തിലേക്ക് കടക്കുകയുമാണ്. ചരിത്രത്തിലാദ്യമായി പരീക്ഷ കഴിഞ്ഞ് അടുത്ത സെമസ്റ്റര്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഫലപ്രഖ്യാപനം എന്ന മാറ്റം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് നാലുവര്‍ഷ ബിരുദം ആരംഭിച്ചതില്‍ പിന്നെയുള്ള വിദ്യാഭ്യാസ വര്‍ഷം പിറക്കുന്നത്. പരീക്ഷയും ഫലപ്രഖ്യാപനവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏകീകൃതസ്വഭാവം കൈവരുത്തുന്ന ഏകീകൃത അക്കാദമിക് കലണ്ടര്‍ വഴി വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യം നാം ഇതിനകം നിറവേറ്റിക്കഴിഞ്ഞു. അന്തര്‍ സര്‍വ്വകലാശാല മാറ്റത്തിനുള്ള അവസരം തുറന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം വര്‍ദ്ധിതമായ തോതില്‍ സംസ്ഥാനത്തേക്ക് വരുന്നതിന്റെ ആവേശകരമായ കാഴ്ചകൂടി പുതിയ അക്കാദമിക് വര്‍ഷത്തിനുണ്ട്.
മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തിലെ 42 കലാലയങ്ങള്‍
എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ രാജ്യത്തെ 200 ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തിലെ 42 കലാലയങ്ങളുണ്ട്. 81 രാജ്യങ്ങളില്‍ നിന്നായി 2600 ഓളം വിദ്യാര്‍ത്ഥികള്‍ കേരള സര്‍വ്വകലാശാലയില്‍ മാത്രം ഈ അക്കാദമിക വര്‍ഷം പ്രവേശനം നേടിയത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പുതുപ്രവേശനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട കോഴ്‌സുകള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനര്‍ കോഴ്‌സുകള്‍ തയ്യാറായിട്ടുണ്ട്. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും മേജര്‍ വിഷയ പഠനത്തെ ആഴത്തിലാക്കാന്‍ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്‌സുകളാണ് തയ്യാറായിരിക്കുന്നത്. രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സുകള്‍ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതു വഴി. ഇങ്ങനെ, കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദപരമായ കരിക്കുലവും സിലബസും ഉറപ്പാക്കി, ജ്ഞാനത്തോടൊപ്പം നൈപുണിയും അഭിരുചിയും ഉറപ്പുവരുത്തുന്ന സംവിധാനമൊരുക്കിക്കൊണ്ട്, നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേല്‍ക്കുകയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്യാമ്പസുകള്‍. വര്‍ണ്ണാഭമായ വിജ്ഞാനോത്സവത്തോടെയാണ് നവാഗതര്‍ക്ക് വരവേല്‍പ്പ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനായി രൂപീകരിച്ച, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപക ജീവനക്കാരും രക്ഷിതാക്കളും അടങ്ങുന്ന സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് വിജ്ഞാനോത്സവ പരിപാടികള്‍ അരങ്ങേറുക. ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, അക്കാദമിക വിദഗ്ദ്ധര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഓരോ സ്ഥാപനതലത്തിലും ഉദ്ഘാടന പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടി ഓണ്‍ലൈനായി മുഴുവന്‍ കോളേജുകളിലും സംപ്രേഷണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ജൂലൈ ഒന്നിന്ന് രാവിലെ 10ന് സംസ്ഥാനതല ഉദ്ഘാടന പരിപാടി പൂര്‍ത്തീകരിച്ച ഉടന്‍തന്നെ സ്ഥാപനതല ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വരുമ്പോള്‍ അവരെ സ്വീകരിക്കുന്ന വിധത്തില്‍ ആകര്‍ഷകമായ പരിപാടികള്‍ സ്ഥാപനങ്ങളില്‍ അരങ്ങേറും.
ഉദ്ഘാടന സെഷന് മുമ്പും ശേഷവുമായുള്ള സമയങ്ങളില്‍ കലാപരിപാടികളും അരങ്ങേറും. വിജ്ഞാനോത്സവ ദിനത്തില്‍ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
