800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും പിടിച്ചെടുത്തു
തൃശൂര്‍: ഓപ്പറേഷന് അരണക്കിളിയുടെ ഭാഗമായി അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ഫൈബര്‍ വള്ളങ്ങളില്‍ നിന്നും 800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടി. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സെന്റ് പോള്‍, സാമുവല്‍, യഹോവ ശാലോം എന്നീ മത്സ്യബന്ധന വള്ളങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത വള്ളങ്ങള്‍ക്ക് 85,000 രൂപ പിഴ ഈടാക്കുകയും മത്സ്യം പരസ്യ ലേലം ചെയ്ത് ലഭിച്ച 3,43,900 രൂപ ട്രഷറിയില്‍ അടപ്പിക്കുകയും ചെയ്തു.
ട്രോളിംഗ് നിരോധന കാലത്ത് നിയമവിരുദ്ധമായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങളും കേരള മണ്‍സൂണ്‍കാല മത്സ്യബന്ധന പെലാജിക്ക് പ്രൊട്ടക്ഷന്‍ ആക്ട് 2007 നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങളാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ചില വള്ളങ്ങള്‍ താഴെ വലകള്‍ സ്ഥാപിച്ച് കടലിന്റെ അടിത്തട്ടിലെ ആവാസ വ്യവസ്ഥ തകര്‍ത്ത് കൊണ്ട് കിളിമീന്‍, അരണ മീന്‍ ഉള്‍പ്പെടെയുള്ള അടിത്തട്ട് മത്സ്യങ്ങളെ പിടികൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇങ്ങനെ വലയില്‍ കുരുങ്ങുന്നത് ഭൂരിഭാഗവും അടിത്തട്ടിലെ പ്രജനനത്തിന് പാകമായ മത്സ്യങ്ങളാണ്. ഈ സാഹചര്യത്തിലാണ് അഴീക്കോട് ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം വ്യാപക പരിശോധന നടത്തിയത്.
അഴിക്കോട് ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ സി സീമ, എ.എഫ്.ഇ.ഒ സംനഗോപന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിഭാഗം ഉദ്യേഗസ്ഥരായ വി.എം ഷൈബു, വി.എന്‍ പ്രശാന്തകുമാര്‍, ഇ.ആര് ഷിനില്‍കുമാര്‍, പോലീസ് ഉദ്യേഗസ്ഥരായ ബനീഷ്, ഷിജു, അവിനാഷ്, സീ റെസ്ക്യൂ ഗാര്‍ഡ്മാരായ സുബീഷ്, സലീം, ഫസല്‍, വിമ്പിന്‍, പ്രമോദ്, ഡ്രൈവര്‍ അഷറഫ് എന്നിവര്‍ നേതൃത്വം നല്കി. ഓപ്പറേഷന് അരണകിളിയുടെ ഭാഗമായി വരും ദിവസങ്ങളിലും കര്‍ശന നടപടികളും നിരീക്ഷണവും തുടരുമെന്ന് തൃശൂര്‍ ജില്ല ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍മജീദ് പോത്തന്നൂരാന്‍ അറിയിച്ചു.
