ഉപരാഷ്ട്രപതിയും ഭരണഘടനയ്ക്കെതിരേ
ജയരാജന് സി.എന്‍.
സോഷ്യലിസം, മതേതരം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന വാദവുമായി വന്നിരിക്കയാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ആര്‍എസ്എസ് നേതാവ് ദത്താത്രേയ പറഞ്ഞതിന്റെ ചുവടുപിടിച്ച് ധന്‍കറും ഇക്കാര്യം ഉന്നയിക്കുന്നത് സംഘപരിവാരങ്ങള്‍ക്ക് ജനകീയ ഭരണഘടനയ്ക്ക് പകരം മനുവാദ ഭരണഘടന സ്ഥാപിക്കാനാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ധന്‍കര്‍ തന്നെ പറയുന്നത്, മതേതരം എന്ന വാക്ക് ഇന്ത്യന്‍ പാരമ്പര്യത്തിന് ആവശ്യമില്ലെന്നും ഇന്ത്യന്‍ സംസ്കാരത്തില്‍ എല്ലാ മതങ്ങളോടും ബഹുമാനം അന്തര്‍ലീനമായിട്ടുണ്ട് എന്നുമാണ്. അതുപോലെ സോഷ്യലിസം എന്ന പദത്തിന്റെ ആവശ്യം പ്രത്യേകിച്ചില്ല എന്നും എല്ലാവരെയും ഒരു പോലെ കാണാന്‍ ഭാരതീയ ബോധം നിര്‍ദ്ദേശിക്കുന്നുണ്ടെന്നുമാണ് ധന്‍കര്‍ പറഞ്ഞത്.
ഭരണഘടന തയ്യാറാക്കുന്ന കാലത്ത് ആര്‍എസ്എസ് അതിനെ ആക്ഷേപിക്കാന്‍ പറഞ്ഞ കാര്യങ്ങളും അത് ആര്‍ഷ ഭാരതീയമായ ഒന്നിനെയും ഉള്‍ക്കൊള്ളുന്നില്ല എന്നതായിരുന്നു. ധന്‍കര്‍ ഇപ്പോഴും ഇത് ആവര്‍ത്തിക്കുമ്പോള്‍ അവര്‍ ഭരണഘടനയുടെ കാര്യത്തില്‍ പഴയ വിരോധം നിലനിര്‍ത്തുന്നുവെന്ന് നമുക്ക് കൂടുതല്‍ വ്യക്തമാവുന്നുണ്ട്. പക്ഷേ, മറ്റൊരു കാര്യം ഉപരാഷ്ട്രപതി ഓര്‍ക്കണം. ധന്‍കര്‍ ഭരണഘടന തൊട്ട് സത്യം ചെയ്തിട്ടാണ് ആ പദിവിയിലേക്ക് കയറിയിട്ടുള്ളത്. അതിനാല്‍ സുപ്രീം കോടതി വിധികള്‍ മാനിക്കേണ്ട ഉത്തരവാദിത്തം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉപരാഷ്ട്രപതിയെ പോലുള്ളവര്‍ക്ക് ഉണ്ട്.
സുപ്രീം കോടതി ആ വിധി പുറപ്പെടുവിച്ചിട്ട് 7 മാസം തികഞ്ഞതേയുള്ളൂ. 2024 നവംബര്‍ 25ന്, ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയ 42-ാം ഭരണഘടനാ ഭേദഗതിയുടെ (1976) സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഭേദഗതി നടപ്പിലാക്കി ഏകദേശം 44 വര്‍ഷം കഴിഞ്ഞതിന് ശേഷം അതിനെ ചോദ്യം ചെയ്യാന്‍ തക്കതായ ന്യായീകരണങ്ങളില്ല എന്ന് അന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് ഉപരാഷ്ട്രപതിയ്ക്ക് അറിയില്ല എന്നു പറയാന്‍ കഴിയില്ലല്ലോ. അന്ന്, കേശവാനന്ദ ഭാരതി വേഴ്സസ് കേരള സര്‍ക്കാര്‍, എസ്.ആര്. ബൊമ്മൈ വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ തുടങ്ങിയ സുപ്രധാന വിധികളെ പരാമര്‍ശിച്ചുകൊണ്ട്,’മതേതരത്വം’ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയതായിരുന്നു.
‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ഭരണഘടന ഉറപ്പുനല്‍കുന്ന സാമ്പത്തികമോ മതപരമോ ആയ സ്വാതന്ത്ര്യങ്ങളെ ഒരുതരത്തിലും നിയന്ത്രിക്കുന്നില്ലെന്നും, ഈ വാക്കുകളുടെ അര്‍ത്ഥം ഇന്ത്യന്‍ ജനത നന്നായി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതി വിശദീകരിച്ചിട്ട് ഒരു കൊല്ലം പോലും ആയില്ലല്ലോ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതീ. ദത്താത്രേയ അഭിപ്രായങ്ങള്‍ തട്ടി വിടുന്നതു പോലെയല്ല, ധന്‍കര്‍ ഓരോന്നു പറയേണ്ടത്. ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ഇറങ്ങി കാക്കിക്കളസം ഇട്ട് വന്നിട്ട് ഇതൊക്കെ പറഞ്ഞാല്‍ അതൊരു സംഘപരിവാര രോദനത്തിനപ്പുറം ആരും വില കൊടുക്കാന്‍ പോകുന്നില്ല. ധന്‍കര്‍ ചെയ്യുന്നത് ഭരണഘടനാ ലംഘനമാണോ എന്നതാണ് വാസ്തവത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
