Art & LiteratureIndia NewsPolitics

കെ.എം. സലിംകുമാര്‍ അന്തരിച്ചു

കൊച്ചി: ദലിത് ജനാധിപത്യ ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാര്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 2.45 ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാക്കനാട് വാഴക്കാല ദേശീയ കവലയ്ക്ക് സമീപമുള്ള സി.പി.ഐ.(എം) തൃക്കാക്കര സെന്‍ട്രല്‍
ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപമാണ് ഇപ്പോള്‍ താമസം. ഇന്ന് രാവിലെ മുതല്‍ കാക്കനാട് വാഴക്കാല ദേശീയ കവലയ്ക്ക് സമീപമുള്ള വസതിയില്‍ പൊതുദര്‍ശനം. സംസ്‌കാരം തിങ്കളാഴ്ച 12 മണിക്ക് മൂലമറ്റം കരിപ്പിലങ്ങാട് സ്വവസതിയില്‍ നടക്കും.

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനായി 1949 മാര്‍ച്ച് 10ന് ജനനം. കൊലുമ്പന്‍ പുത്തന്‍പുരയ്ക്കല്‍ വളര്‍ത്തച്ഛനായിരുന്നു. നാളിയാനി ട്രൈബല്‍ എല്‍.പി. സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യു.പി. സ്‌കൂള്‍, മൂലമറ്റം ഗവര്‍മെന്റ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

1969ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് കാലം സി. ആര്‍.സി, സി.പി.ഐ.(എം.എല്‍) പ്രസ്ഥാനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍വാസം. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദലിത് സംഘടന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കണ്‍വീനര്‍), ദലിത് ഐക്യ സമിതി (സംസ്ഥാന കണ്‍വീനര്‍), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് രക്തപതാക മാസിക, ദലിത് സംഘടന പ്രവര്‍ത്തന കാലത്ത് അധ:സ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക എന്നിവയുടെയും എഡിറ്റര്‍ ആയിരുന്നു.
കുറച്ചുകാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘നെഗ്രിറ്റിയൂഡ്’ എന്ന പംക്തി കൈകാര്യം ചെയ്തിരുന്നുവെങ്കിലും രോഗബാധിതനായതിനെ തുടര്‍ന്ന് അത് തുടരാനായില്ല.

സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണവും(2008), ഭൂമിയുടെ ജാതിയും രാഷ്ട്രീയവും ധഎഡിറ്റര്‍പ (2008), നെഗ്രിറ്റിയൂഡ് (2012), സംവരണം ദലിത് വീക്ഷണത്തില്‍ (2018), ദലിത് ജനാധിപത്യ ചിന്ത (2018), ഇതാണ് ഹിന്ദു ഫാസിസം (2019), വംശമേധാവിത്വത്തിന്റെ
സൂക്ഷ്മതലങ്ങള്‍ (2021) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു. ‘കടുത്ത’ എന്ന പേരിലുളള ആത്മകഥാ രചനയില്‍ ആയിരുന്നു രോഗബാധിതനായിരുന്ന സമയത്ത് അദ്ദേഹം. അത് രോഗശയ്യയില്‍ വച്ച് എഴുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. വൈകാതെ മാധ്യമം ആഴ്ചപതിപ്പില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു തുടങ്ങും.

ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കള്‍: ഡോ. പി.എസ്. ഭഗത്, പി.എസ്. ബുദ്ധ. മരുമകന്‍: ഗ്യാവിന്‍ ആതിഷ്, പേരക്കുട്ടികള്‍: ഭൂമിക, ഈതല്‍ ഘയാല്‍

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message