രവത ചന്ദ്രശേഖരന്‍ പോലീസ് മേധാവി: മന്ത്രിസഭാ തീരുമാനം വിവാദത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി രവത ചന്ദ്രശേഖരനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിലേക്ക്. സി.പി.എം. നേതാവ് പി. ജയരാജന്‍ തന്നെ ആദ്യ വെടി പൊട്ടിച്ചു. കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവദയെന്നും നിയമനം സംബന്ധിച്ച് വിശദീകരണം നല്‌കേണ്ടത് സര്‍ക്കാരാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചു സി.പി.എം. പ്രവര്‍ത്തകരാണ് കൂത്തുപറമ്പ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ആരോപണ വിധേയനായ റവത ചന്ദ്രശേഖരനെ തന്നെ സംസ്ഥാനത്തിന്റെ പുതിയ മേധാവിയായി മന്ത്രിസഭ തീരുമാനിച്ചതാണിപ്പോള്‍ വിവാദത്തിലായത്. കൂത്തുപറമ്പ്് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു രവത.
അഞ്ച് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പില്‍ ആരോപണ വിധേയനായ റവത ചന്ദ്രശേഖര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഡി ജി പി ആയതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പാലക്കാട് സിറാജുന്നിസയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടുവെന്ന് സി പി എമ്മുകാര്‍ തന്നെ ആരോപിച്ച രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായിരുന്നു. ഏറ്റുമുട്ടല്‍ കൊലകളില്‍ ‘വിദഗ്ധ’നായ ലോകനാഥ് ബെഹ്‌റ ഡി ജി പി ആയ കാലത്താണ് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒമ്പത് പേരെ വെടിവെച്ച് കൊന്നത്. റിട്ടയര്‍മെന്റിന് ശേഷവും പുനരധിവസിപ്പിക്കപ്പെട്ട ബെഹ്‌റയാണ് കൊച്ചി മെട്രോയുടെ നിലവിലെ എം ഡി.
