ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും
കിരീടത്തിലേക്ക് കേരളത്തിന്റെ കുതിപ്പ്
തൃശൂര്‍: ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. സമാപനത്തിലേക്ക് അടുക്കുമ്പോള്‍ കിരീടത്തിലേക്ക് കേരളം കുതിക്കുകയാണ്. തൊട്ടു പിന്നില്‍ മേഘാലയയാണ്. തൃശൂര്‍ കോര്പ്പറേഷന് വി.കെ.എന്‍.മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. മാസ്റ്റേഴ്സ്, ജൂനിയര്‍, സബ്ജൂനിയര്, യൂത്ത് വിഭാഗങ്ങളില്‍ സ്വര്‍ണവും വെള്ളിയും വാരിക്കൂട്ടിയാണ് കേരളത്തിന്റെ അതിവേഗ കുതിപ്പ്.
അച്ഛനും മകളും ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കൂടി പിറന്ന ദിവസമായിരുന്നു ഇന്നലെ. മാസ്റ്റേഴ്സ് വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ തൃശൂര്‍ സ്വദേശിയായ എ.യു ഷാജുവും ജൂനിയര്‍ വിഭാഗത്തില്‍ മകള്‍ എ.എസ്. ഫാത്തിമ ഫിദയുമാണ് ചാമ്പ്യന്നേട്ടം സ്വന്തമാക്കിയത്.
ജൂനിയര്‍, സബ്ജൂനിയര്, മാസ്റ്റേഴ്സ്, യൂത്ത്, ഫിസിക്കലി ഡിസേബിള്‍ഡ് വിഭാഗങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് സീനിയര്‍ വിഭാഗങ്ങളിലെ മല്‍സരങ്ങളോടെ ചാമ്പ്യന്‍ഷിപ്പിന് സമാപനമാകും. ഇന്നലെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ചാമ്പ്യന്‍ഷിപ്പ് നിരീക്ഷിക്കാനെത്തി. മല്‍സരാര്‍ഥികളെ അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം സമ്മാനിച്ചു.
വിവിധ വിഭാഗങ്ങളിലായി ഹരീഷ്കുമാര്‍ വര്‍മ (ഗുജറാത്ത്), ശ്രീനിവാസ് വി.ബി (കര്‍ണാടക), പര്വീന്കൗര് (ചത്തീസ്?ഗഡ്), യോഗേഷ് ചൗധരി (ഹരിയാന), എ.യു. ഷാജു (കേരളം), ഫാത്തിമ ഫിദ (കേരളം), റിതുരാജ് പാണ്ഡേ (അസാം) എന്നിവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ജേതാക്കളായി. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അഡ്വ.ജോഷി ഫ്രാന്‍സീസ് സ്വര്‍ണവും വെള്ളിയും നേടി.
ദേശീയ വൈസ് പ്രസിഡന്റ് മനോഹര്‍സിങ് ഷെഖാവത്ത്, ലീഗല്‍ അഡൈ്വസര്‍, താരിഫ്ഖാന്‍, ദേശീയ ട്രഷറര്‍ മായങ്ക് പട്ടേല്‍, കേരള ആം റെസലിങ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ഏളൂര്‍, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ജോഷി ഫ്രാന്‍സിസ് എന്നിവരാണ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി. ബാലചന്ദ്രന് എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്യും. പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന് ഇന്ത്യ ദേശീയ-സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
ഫോട്ടോ:
ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്സ്, ജൂനിയര്‍ വിഭാ?ഗങ്ങളിലായി ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ കേരളത്തെ പ്രതിനിധീകരിച്ച തൃശൂര്‍ സ്വദേശികളായ എ.യു. ഷാജുവിനും മകള്‍ ഫാത്തിമ ഫിദക്കും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ട്രോഫി സമ്മാനിക്കുന്നു.
