Sports

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്: കേരളം ചാമ്പ്യന്‍മാര്‍

യുവരാജ് സിംഗ്, യോഗേഷ് ചൗധരി ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ജേതാക്കള്‍

തൃശൂര്‍: പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. 74 സ്വര്‍ണവും 91 വെള്ളിയും 50 വെങ്കലവുമടക്കം നേടി 1813 പോയിന്റോടെ കേരളം ചാമ്പ്യന്‍മാരായി. ജൂനിയര്‍, യൂത്ത്, മാസ്റ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്‍മാരെയടക്കം നേടിയാണ് കേരളം ജേതാക്കളായത്.

മേഘാലയയാണ് രണ്ടാമത്. 23 സ്വര്‍ണം, 15 വെള്ളി, 12 വെങ്കലം എന്നിങ്ങനെയായി 480 പോയിന്റാണ് മേഘാലയ നേടിയത്. ന്യൂഡല്‍ഹിയാണ് മൂന്നാംസ്ഥാനത്ത്. 17 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവുമായി 477 പോയിന്റാണ് ന്യൂഡല്‍ഹിക്ക് ലഭിച്ചത്. 30 വര്‍ഷമായി തുടരുന്ന കേരളത്തിന്റെ കിരീട നേട്ടം 31ാം വര്‍ഷത്തിലും പകരക്കാരില്ലാതെ അജയ്യരായാണ് കേരളത്തിന്റെ കുതിപ്പ്.

ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍മാരായി പുരുഷ വിഭാഗത്തില്‍ യുവരാജ് സിംഗ് (ന്യൂഡല്‍ഹി), വനിതാ വിഭാഗത്തില്‍ യോഗേഷ് ചൗധരിയും (ഹരിയാന) ജേതാക്കളായി. 24 സംസ്ഥാനങ്ങളില്‍ നിന്നും 4 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 2500 ഓളം കായിക താരങ്ങളും 200 ഓളം ഒഫീഷ്യല്‍സുമാണ് മൂന്ന് നാളിലായി നടന്ന മേളയില്‍ പങ്കെടുത്തത്.

ആം റെസലിങ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പ്രീതി ജഹാഖിനി, ഫെഡറേഷന്‍ ചീഫ് അഡൈ്വസര്‍ പര്‍വീന്‍ ഡബാസ്, ദേശീയ വൈസ് പ്രസിഡന്റ് മനോഹര്‍സിങ് ഷെഖാവത്ത്, ലീഗല്‍ അഡൈ്വസര്‍, താരിഫ്ഖാന്‍, ദേശീയ ട്രഷറര്‍ മായങ്ക് പട്ടേല്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി തുടങ്ങിയവര്‍ മേളയില്‍ നിരീക്ഷകരായി പങ്കെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സിന്തയിറ്റിക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും കേരള ആംറെസലിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ അജു ജേക്കബ് സമ്മാനിച്ചു. കേരളത്തിന് വേണ്ടി ദേശീയ ചാമ്പ്യന്‍ എ.യു. ഷാജുവിന്റെ നേതൃത്വത്തില്‍ ട്രോഫി ഏറ്റുവാങ്ങി. കേരള ആം റെസലിങ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമായ ജോജി ഏളൂര്‍, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ജോഷി ഫ്രാന്‍സിസ്, പി.എ ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message