Demise

ജോബ് ആന്റണി അന്തരിച്ചു

കൊച്ചി: ആദ്യകാല സി.പി.ഐ (എം.എല്‍.) പ്രവര്‍ത്തകനും എറണാകുളത്തെ മന്ത്ര എന്ന പരസ്യകലാസ്ഥാപനത്തിന്റെ ഉടമകളിലൊരാളുമായ വടുതല സ്വദേശി ജോബ് ആന്റണി അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

യുവജനവേദി മുന്‍ പ്രസിഡന്റ് പി.എസ്. രാജഗോപാലന്റെ അനുസ്മരണം

1970 കളുടെ അവസാനത്തില്‍ സി ആര്‍ സി, സി പി ഐ (എം എല്‍) പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു തുടങ്ങിയ ആളായിരുന്നു ജോബ്.
എം എല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ 1982 ല്‍ ഞാന്‍ ഔപചാരികമായി തീരുമാനമെടുക്കുന്ന സമയത്ത് ജോബ് പാര്‍ട്ടിയുടെ മുഖപ്രസിദ്ധീകരണമായ ‘കോമ്രേഡ്’ വാരികയുടെ ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട് കോട്ടത്ത് ഓഫീസിലായിരുന്നു താമസം. ഇടക്കെപ്പോഴെങ്കിലുമൊക്കെ വടുതലയിലെ വീട്ടില്‍ വരുമ്പോള്‍ എറണാകുളം നഗരത്തില്‍ വെച്ചൊ മറ്റൊ കാണുകയും രാഷ്ട്രീയം സംസാരിക്കുകയുമൊക്കെ പതിവായിരുന്നു. അന്തരിച്ച പ്രശസ്ത സിനിമ സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ‘നായ്ക്കളി’ എന്ന നാടകവും തുടര്‍ന്ന് ‘അമ്മ അറിയാന്‍’ സിനിമയുമൊക്കെ ചെയ്യുന്ന സമയത്താണ് അടിക്കടി ജോബിനെ കണ്ടിരുന്നത്.

നാടകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാം ആഴത്തില്‍ നിരീക്ഷണങ്ങള്‍ നടത്തിയിരുന്ന ജോബ് നിസ്വരുടെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിഷയങ്ങളെ ഒഴിവാക്കുംവിധത്തില്‍ നാടക, സിനിമ നിര്‍മ്മാണ മേഖലകള്‍ പരുവപ്പെട്ടതില്‍ അന്നേ തന്നെ തന്റെ ഖിന്നത വ്യക്തമാക്കുക പതിവായിരുന്നു. അത്തരമൊരു നിലപാടില്‍ നിന്നുകൊണ്ടാണ് ജോണ്‍ എബ്രഹാം ചെയ്ത നായ്ക്കളി എന്ന തെരുവ് നാടകത്തെയും അമ്മ അറിയാന്‍ സിനിമയേയുമെല്ലാം ജോബ് ഏറെ ആശയോടെ, പ്രതീക്ഷയോടെ കണ്ടത്. നിലയ്ക്കലില്‍ കുരിശ് കണ്ടതുമായി ബന്ധപ്പെട്ട് കേരളത്തിലൊരു വര്‍ഗ്ഗീയ കലാപത്തിനുള്ള മണ്ണൊരുക്കാനായി ഭൂരിപക്ഷ മതാന്ധ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തിറങ്ങിയ സമയത്താണ് അത്തരം സാമൂഹ്യാശ്ലീല ശ്രമങ്ങളെ ചെറുക്കുകയെന്ന താല്‍പ്പര്യത്തോടെ ജോണ്‍ എബ്രഹാം ‘നായ്ക്കളി’ എന്ന തെരുവ് നാടകവുമായി രംഗത്ത് വന്നത്. ഈ ആശയവുമായി ജോണ്‍ എബ്രഹാം ആദ്യം കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന കോമ്രേഡ് വാരികയുടെ ഓഫീസിലേക്കെത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്നവരില്‍ പ്രധാനപ്പെട്ട ഒരാള്‍ ജോബ് ആയിരുന്നു.
സാമാന്യം ദീര്‍ഘമായ ആ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എം എല്‍ പാര്‍ട്ടിയുടെ അക്കാലത്തെ പ്രധാന നേതാക്കളിലൊരാളായിരുന്ന എം.എം. സോമശേഖരനും ജോണ്‍ എബ്രഹാമും ജോബും മറ്റുമൊക്കെ ചേര്‍ന്ന് കോമ്രേഡ് ഓഫീസില്‍ വെച്ച് നാടകാവതരണത്തെക്കുറിച്ച് വീണ്ടും വിശദമായി ചര്‍ച്ച ചെയ്യുന്നത്.
ഇത്തരമൊരു നാടക സംഘാടനത്തിനും അവതണത്തിനും പറ്റിയ ഇടം കൊച്ചിയാണെന്ന സോമശേഖരന്റെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ജോണ്‍ എബ്രഹാം ആദ്യം വൈപ്പിനില്‍ നായരമ്പലത്ത് വി.സി. രാജപ്പന്‍ എന്ന സഖാവിന്റെ വീട്ടിലേക്കെത്തിയത്.

സോമശേഖരനുമൊരുമിച്ച് നായരമ്പലത്ത് എത്തിച്ചേര്‍ന്ന ജോണ്‍ കുറച്ച് ദിവസങ്ങള്‍ അവിടെ തങ്ങി നാടകത്തിന്റെ പ്രാഥമിക രൂപം ഉണ്ടാക്കി.
തുടര്‍ന്നാണ് ഫോര്‍ട്ട് കൊച്ചി വെളി എന്ന സ്ഥലത്ത് ചിത്രകാരന്‍ മധുവിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പണിപ്പുര എന്ന സ്ഥാപനത്തിലേക്കെത്തിയതും അവിടെ കേന്ദ്രീകരിച്ചുകാെണ്ട് നാടകം പൂര്‍ത്തീകരിച്ച് അവതരിപ്പിക്കുന്നതും മറ്റും. അതേ തുടര്‍ന്ന് രൂപം കൊടുത്ത ‘ഒഡേസ’ എന്ന ജനകീയ സിനിമ നിര്‍മ്മാണ സംരംഭമാണ് ‘അമ്മ അറിയാന്‍’ സിനിമ നിര്‍മ്മിച്ചത്. നായ്ക്കളി എന്ന നാടകത്തേയും ഒഡേസയേയും അമ്മ അറിയാന്‍ എന്ന സിനിമയേയുമെല്ലാം ജോബ് തന്റെ കലാ സാംസ്‌കാരിക വീക്ഷണങ്ങളുടെ പക്ഷം തന്നെയായാണ് പൊതുവെ കണ്ടിരുന്നതും വിലയിരുത്തിയിരുന്നതുമെല്ലാം. അക്കാലങ്ങളില്‍ ജോബുമായി ഞാന്‍ നടത്തിയിട്ടുള്ള സംസാരങ്ങളും കൂടിയാണ് എന്റെ സിനിമ കാഴ്ചകളില്‍ പല പുതിയ അര്‍ത്ഥ തലങ്ങളേയും രൂപപ്പെടുത്തിയത്.

1985-86 ഓടെ സജീവ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയ ജോബ് തന്റെ കലാ സാംസ്‌കാരിക ചാതുരികളെ തേച്ച് മിനുക്കിയെടുത്തു കൊണ്ട് ജീവസന്ധാരണത്തിനുള്ള വഴികള്‍ തേടാന്‍ തുടങ്ങുകയായിരുന്നു. പരസ്യ പ്രവര്‍ത്തന മേഖലയില്‍ നില്‍പ്പുറപ്പിച്ച ജോബ് തന്റെ സുഹൃത്തുമായി ചേര്‍ന്ന് ‘മന്ത്ര’ എന്ന പേരിലൊരു പരസ്യ സ്ഥാപനത്തിന് തുടക്കമിടുകയും അത് സാമാന്യം നല്ല നിലയില്‍ തന്നെ മുന്നോട്ട് പോകുകയും ചെയ്തിരുന്നു.
ഇക്കാലങ്ങളിലെല്ലാം തന്നെ എം എല്‍ പാര്‍ട്ടിയുടെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായി തന്നെ ജോബ് ‘വിളിച്ചാല്‍ വിളിപ്പുറത്ത്’ എന്ന പോലെ തുടരുകയും ചെയ്തിരുന്നു. പൊതുപരിപാടികള്‍ക്കിടയില്‍ പലയിടങ്ങളിലും വെച്ച് തമ്മില്‍ കാണുമ്പോള്‍ കലാസാംസ്‌കാരിക മേഖലകളുമായി ബന്ധപ്പെട്ടും മറ്റുമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ സംസാരത്തില്‍ വരിക പതിവായിരുന്നു. ജോബിന്റെ ജീവിത പങ്കാളി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ വിട പറഞ്ഞിരുന്നു. ഒരു മകളും മകനുമാണ് ഉള്ളത്.

ഒരിക്കല്‍ പരസ്പരം സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മസ്സില്‍ നിന്നിറങ്ങിപ്പോകാത്ത ഒരാളായി ജോബ് അവിടെ വാസമുറപ്പിച്ചിരിക്കുമെന്ന് ജോബുമായി അടുത്തിടപഴകിയിട്ടുള്ള ആര്‍ക്കും ബോധ്യമുള്ളൊരു വസ്തുതയാണ്. ജോബിന്റെ അകാലത്തിലെ വിടപറയല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോരുത്തരിലും സൃഷ്ടിച്ചിരിക്കുന്ന ദുഃഖത്തോടെപ്പം ഈയുള്ളവനും പങ്കുചേരുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message