വിടുതലൈ ചിരുത്തൈകള്‍ കക്ഷി കേരളത്തില്‍ ചുവടുറപ്പിക്കുന്നു
തൃശൂര്‍: വിടുതലൈ ചിരുത്തൈകള്‍ കക്ഷി കേരളത്തില്‍ ചുവടുറപ്പിക്കുന്നു. അംബേദ്കര്‍ രാഷ്ട്രീയത്തെ മുറുകെ പിടിക്കുന്ന വി.സി.കെ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വിടുതലൈ ചിരുത്തൈകള്‍ കക്ഷി പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തില്‍ അതിന്റെ സ്വാധീനം വ്യക്തമാക്കി. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് പിന്തുണയുമായെത്തിയതോടെയാണ് വി.സി.കെ. കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അഖിലേന്ത്യാതലത്തില്‍ ഇന്ത്യാമുന്നണിയിലെ ഘടകകക്ഷിയായ വി.സി.കെ.യ്ക്ക് പാര്‍ലമെന്റിലും തമിഴ്‌നാട് നിയമസഭയിലും അംഗങ്ങളുണ്ട്. അഖിലേന്ത്യാ സെക്രട്ടറി ഇളം ചെഗുവേരയാണ് കേരളത്തിന്റെ കോ ഓര്‍ഡിനേറ്റര്‍. തൃശൂരടക്കമുള്ള വിവിധ ജില്ലകളില്‍ ഇതിനകം പ്രവര്‍ത്തകസമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റികളും സജീവമായിട്ടുണ്ട്.

ഇതിനിടെ ദലിത് സംഘടനാനേതാക്കളെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്താനും വി.സി.കെ. ശ്രമം തുടങ്ങി. സാമൂഹിക ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും ദലിത് സമൂദായ മുന്നണി കണ്‍വീനറുമായ സണ്ണി എം. കപിക്കാടിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ഇളം ചെഗുവേര ചര്‍ച്ച നടത്തി. നേതാക്കളായ ഷാജി ചെന്നൈ, അറമുഖന്‍ ചേലേമ്പ്ര എന്നിവരുംഉണ്ടായിരുന്നു. ഇളം ചെഗുവേരയും മറ്റു നേതാക്കളും സി.എസ്.ഡി.എസ്. ആസ്ഥാനം സന്ദര്‍ശിച്ചു. ഇളം ചെഗുവേരയെ സി.എസ്.ഡി.എസ്. അധ്യക്ഷന്‍ കെ.കെ. സുരേഷ് പൊന്നാട അണിയിച്ച് സ്വീകരിച്ചു.
പ്രിയദര്‍ശിനി പുരസ്‌കാരം സ്വീകരിക്കാന്‍ തളിക്കുളത്തെത്തിയ റാപ്പര്‍ വേടനെയും ഇളം ചെഗുവേര സന്ദര്‍ശിച്ച് ഷാള്‍ അണിയിച്ചു. സംഘാടകനും മുന്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍, കെ.പി.സി.സി. മീഡിയ സെക്രട്ടറി വി.ആര്‍. അനൂപിനെയും ഷാള്‍ അണിയിച്ചു പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം അറിയിച്ചു. വി.സി.കെ. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.എം. ലക്ഷ്മണനും ഉണ്ടായിരുന്നു.
ടി.എന്‍. പ്രതാപന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വി.സി.കെ. നേതാക്കള്‍ പോയതെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. എന്നാല്‍ ആരോപണത്തിനു വിശദീകരണവുമായി നേതാക്കളെത്തി. വേടനുമായി സംസാരിക്കാനും നമ്മുടെ പരിപാടിയില്‍ പങ്കെടുക്കാനുമുള്ള രാഷ്ട്രീയ ദൗത്യവുമായാണ് ഇളം ചെഗുവരെ അവിടെ പോയത്. ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കുക എന്നത് തങ്ങളുടെ ദൗത്യത്തില്‍ പെട്ടതായിരുന്നില്ല. പ്രതാപന്റെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആയതുകൊണ്ട് അതില്‍ പങ്കുചേര്‍ന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. യുഡിഎഫ് ലീഡര്‍ എന്ന നിലയില്‍ പ്രതാപനെയും കണ്ടുവെന്നും നേതാക്കള്‍ വിശദീകരിച്ചു.

ജില്ലാ പ്രവര്‍ത്തക യോഗങ്ങള്‍
കാഞ്ഞിരപ്പള്ളി: വി.സി.കെ. കോട്ടയം ജില്ലാ പ്രവര്‍ത്തകയോഗം കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സ്റ്റേറ്റ് കോ കോഡിനേറ്റര്‍ ഇളം ചെഗുവേര യോഗം ഉദ്ഘാടനം ചെയ്തു. അനുരാജ് തിരുമേനി, രജിശങ്കര്‍ ബോധി, ഷാജി ചെന്നൈ, സുരേഷ് പാല തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
റാന്നി: പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക യോഗം റാന്നി ഹില്‍വ്യു റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്നു. ഇളം ചെഗുവേര യോഗം ഉദ്ഘാടനം ചെയ്തു. ഷാജി ചെന്നൈ, ജാനകി രാജപ്പന്‍, രജി ശങ്കര്‍ ബോധി, സുശീല മോഹന്‍, ഗോപാലകൃഷ്ണന്‍ കൊല്ലം, പി.കെ. ഷിജുകുമാര്‍, എം.കെ. സോമരാജന്‍, അജി എം. ചാലക്കേരി, സുധാ വിജയകുമാര്‍, സി.ജെ. തങ്കച്ചന്‍, പി.ബി. സിനു റാന്നി, പുനലൂര്‍ രവിന്ദ്രന്‍, ജി.കെ. ശശി ചിറ്റാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
