Health

ഗൈനക്കോളജി വിദഗ്ധരുടെ സമ്മേളനം ടോഗ്സിക്കോണ്‍ 12 മുതല്‍ തൃശൂരില്‍

തൃശൂര്‍: ഗൈനക്കോളജി വിദഗ്ധരുടെ 15-ാം അന്തര്‍ദേശീയ സമ്മേളനം ടോഗ്സിക്കോണ്‍-25 ജൂലൈ 12,13 തിയതികളില്‍ തൃശൂരിലെ ഹയാത്ത് റീജന്‍സിയില്‍ നടക്കും. ഗൈനക്ക് ഡോക്ടര്‍മാരുടെ സംഘടനയായ തൃശൂര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയും റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ് കേരള ചാപ്റ്ററും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

വന്ധ്യതാ ചികിത്സ, ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി, ഫീറ്റല്‍ മെഡിസിന്‍, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 500 ഡോക്ടര്‍മാര്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. വേണുഗോപാല്‍ എം പറഞ്ഞു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി മുന്നോറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും.

സ്ത്രീകളുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണ്ണ ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനത്തോടെയാണ് ജൂലൈ 12ന് സമ്മേളനത്തിന് തുടക്കമാവുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13 പേര്‍ക്കാണ് ശസ്ത്രക്രിയകള്‍ നടത്തുക. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. വി പി പൈലി ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കും. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്ററിലാണ് രാവിലെ 8.30 മുതല്‍ വൈകുന്നേരം 4മണി വരെ ശസ്ത്രക്രിയകള്‍ നടക്കുക.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഈ ശസ്ത്രക്രിയകളുടെ തല്‍സമയ സംപ്രേക്ഷണം ഹയാത്ത് റീജന്‍സിയില്‍ നടക്കുമെന്നും ഡോ. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. മെറ്റേണല്‍ മെഡിസിന്‍, ഫീറ്റല്‍ മെഡിസിന്‍, ഹിസ്റ്ററോസ്‌കോപ്പി ടെക്നിക്കുകള്‍, ഹിസ്റ്റെറെക്ടമി, ഓവറിയന്‍ സിസ്റ്റുകള്‍ക്കുള്ള ചികിത്സ, അസാധാരണമായ ആര്‍ത്തവം, ഗൈനക്കോളജിക്കല്‍ ഓങ്കോളജി, ആര്‍ത്തവവിരാമ ജീവിതശൈലി, വന്ധ്യതാ മാനേജ്മെന്റ്, ലൈംഗിക ശേഷിക്കുറവ്, കോസ്മെറ്റിക് ഗൈനക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇതിനു പുറമെ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും ശില്‍പ്പശാലകളും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 40 സ്റ്റാളുകളും ഒരുക്കും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message