ധ്യാനകേന്ദ്ര പരിപാടിയില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും പങ്കെടുത്തതില്‍ യുക്തിവാദി സംഘം പ്രതിഷേധിച്ചു
തൃശൂര്‍: നിരവധി ആരോപണങ്ങള്‍ നേരിടുന്ന തൃശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തതില്‍ കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു.
നിരവധി ദുരൂഹമരണങ്ങള്‍ ഡിവൈന്‍ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് നടന്നതായി ആരോപണമുണ്ട്. മരുന്ന് പരീക്ഷണങ്ങളടക്കമുള്ള ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്നതിന് കേരള ഹൈക്കോടതി നേരിട്ട് ഉത്തരവിട്ടിരുന്നെങ്കിലും ഉന്നത രാഷ്ട്രീയ ഇടപെടല്‍ മൂലം ഒന്നും വെളിച്ചം കാണുകയോ സത്യം പുറത്തുവരികയോ ഉണ്ടാകാതെ പോയി. ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്ന വിന്‍സന്റ് ഡി. പോളിനായിരുന്നു അന്വേഷണ ചുമതല. സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയേക്കാളും തങ്ങള്‍ ചെയ്യുന്നതാണ് മഹത്തായ കാരുണ്യ പ്രവര്‍ത്തനമെന്ന് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പല ദിവ്യന്മാരും ദിവ്യകളും ഇത്തരം ആത്മീയകേന്ദ്ര നടത്തിപ്പുകാരും പ്രചരിപ്പിക്കാറുണ്ട്. അവരുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടാതിരിക്കാനും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നത്. അന്ധവിശ്വാസങ്ങളെ സാധൂകരിക്കാനും അസന്മാര്ഗിക പ്രവൃത്തികളെ ന്യായീകരിക്കാനും
ജനകീയ നേതാക്കളുടെ ഇത്തരം ഇടപെടല്‍ മൂലം സാധിക്കുന്നുവെന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ഗംഗന് അഴീക്കോട്, ജനറല്‍ സെക്രട്ടറി ടി.കെ. ശക്തിധരന് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
